പത്തനംതിട്ട: ജില്ലയിൽനിന്ന് ഓരോ മാസവും 108 ആംബുലൻസിൽ മാത്രം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്ത് എത്തിക്കുന്നത് ആയിരത്തിലേറെ രോഗികളെ. ഒരു മെഡിക്കൽ കോജളും ജില്ലാ ആശുപത്രിയും രണ്ട് ജനറൽ ആശുപത്രികളും നാലു താലൂക്ക് ആശുപത്രികളുമുള്ള ജില്ലയുടെ സ്ഥിതിയാണ് ഇത്. ജില്ലയിൽ സേവനത്തിനുള്ളത് പതിനഞ്ച് 108 ആംബുലൻസുകളാണ്.
അപകടം പോലെ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനാണ് 108 ആംബുലൻസ് എങ്കിലും പനിയുമായി എത്തുന്നവരെ പോലും കാര്യമായ പരിശോധനകളൊന്നുമില്ലാതെ റഫർ ചെയ്യുകയാണ്. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുള്ള ജൂനിയർ ഡോക്ടർമാരാണ് ഇക്കാര്യത്തിൽ മുന്നിൽ. റഫറർ ചെയ്യുന്ന കാര്യത്തിൽ മുന്നിൽ പത്തനംതിട്ട ജനറൽ ആശുപത്രി കൂടാതെ കോഴഞ്ചേരി ജില്ലാ ആശുപത്രിയും റാന്നി താലൂക്ക് ആശുപത്രിയുമാണ്. ഇവിടെ ചില ഡോക്ടർമാർ ഡ്യൂട്ടിയിൽ എത്തിയാൽ പിന്നെ 108കാർക്ക് ചാകരയാണ്, പ്രത്യേകിച്ച് രാത്രി. അപകടത്തിൽപെട്ടവർ മദ്യപിച്ചിട്ടുണ്ടെങ്കിൽ പരിക്ക് നിസ്സാരമാണെങ്കിലും കോട്ടയത്തേക്ക് വിടുന്ന കാര്യം ഉറപ്പാണ്.
കഴിഞ്ഞ ദിവസം അപകടത്തിൽ പരിക്കേറ്റ ഒരാളെ റാന്നി താലൂക്ക് ആശുപത്രിയിൽ നിന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കും അവിടെ നിന്ന് കോന്നി മെഡിക്കൽ കോളജിലേക്കും അവിടെ നിന്ന് വീണ്ടും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും റഫർ ചെയ്ത സംഭവം ഉണ്ടായി. അവിടെ എത്തി പ്ലാസ്റ്റർ ഇട്ട് രോഗി മടങ്ങുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചക്ക് 12നും വൈകുന്നേരം ആറിനും ഇടയിൽ മാത്രം അഞ്ച് ആംബുലൻസുകളാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽനിന്ന് കോട്ടയത്തേക്ക് പോയത്.
ഡോക്ടർമാരുടെ അലസതയും, ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള വിമുഖതയും മൂലം 108 ആംബുലൻസ് തലങ്ങും വിലങ്ങും ഓടുമ്പോൾ ഖജനാവിൽ നിന്ന് ചോരുന്നത് ലക്ഷങ്ങളാണ്. ചുമതലയുള്ള സ്വകാര്യ സ്ഥാപനവും മെഡിക്കൽ സർവീസ് കോർപറേഷനുമായുള്ള കരാറിന്‍റെ പ്രത്യേകത മൂലം ഒരു ആംബുലൻസ് കോട്ടത്തേക്ക് പോകുമ്പോൾ 6000 രൂപ വരെയാണ് ചെലവ്. സൗജന്യമാണെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഡോക്ടർമാർ രോഗികളെ തിടുക്കത്തിൽ കോട്ടയത്തേക്ക് പറഞ്ഞുവിടുന്നത്. ചെറിയ കാര്യത്തിന് കോട്ടയത്തേക്ക് എത്തിയ നിർധനരായ രോഗികൾ തിരിച്ചുവരാൻ വണ്ടി പിടിച്ചാൽ കുറഞ്ഞത് 2500 രൂപയെങ്കിലും നൽകേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.