റവന്യൂ വകുപ്പിലെ എൽ.ഡി. ക്ലർക്ക് നിയമനം വിവാദത്തിൽ: ഉത്തരവ് ഇടത് യൂണിയൻ നേതാവ് നേരിട്ട് നൽകിയതായി ആക്ഷേപം

പത്തനംതിട്ട: ജില്ലയിൽ റവന്യൂ വകുപ്പിലെ എൽ.ഡി. ക്ലർക്ക് നിയമനം വിവാദത്തിൽ. 25 പേരെ നിയമിച്ചതിൽ രണ്ടുപേർക്ക് മാത്രം നേരത്തെ നിയമന ഉത്തരവ് കിട്ടിയതാണ് വിവാദത്തിനിടയാക്കിയത്. 23 പേർക്ക് നിയമന ഉത്തരവ് ഇതുവരെ കിട്ടിയില്ല. ഈ മാസം 18 നാണ് ജില്ല കലക്ടർ 25 പേർക്കുമുള്ള നിയമന ഉത്തരവ്‌ ഇറക്കിയത്. തുടർന്ന് ഈ മാസം 21 ന് രണ്ട് പേർ അടൂർ താലൂക്ക് ഓഫീസിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. എന്നാൽ ബാക്കിയുള്ള 23 പേർക്കും ഉത്തരവ് അയച്ചിരുന്നില്ലെന്നാണ് ആക്ഷേപം.

ഇന്നലെയാണ് അവശേഷിക്കുന്ന 23 പേർക്ക് നിയമന ഉത്തരവ് നൽകിയത്. 25 പേർക്കും ഒരേ പോലെ പോസ്റ്റൽ വഴി ഉത്തരവ് അയക്കണമെന്നതാണ് ചട്ടം. വിഷയത്തിൽ ജില്ല കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.

ഇതിനിടെ, തപാൽ വഴി അയയ്ക്കേണ്ട എൽ.ഡി.സി നിയമന ഉത്തരവ് ഇടത് യൂണിയൻ നേതാവ് നേരിട്ട് നൽകിയതായി പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നു. എൻ.ജി.ഒ. സംഘ്, എൻ.ജി.ഒ. അസോസിയേഷനുകളാണ് ആരോപണം ഉന്നയിച്ചത്.നടപടി ആവശ്യപ്പെട്ട് ഇരു സംഘടനയുടെയും പ്രവർത്തകർ പത്തനംതിട്ട ജില്ല കലക്ടർ ദിവ്യ എസ്.അയ്യരെ ഉപരോധിച്ചു.

പി.എസ്.സി. ശുപാർശപ്രകാരം 25 പേർക്ക് റവന്യൂ വകുപ്പിൽ എൽ.ഡി.ക്ലാർക്ക് നിയമനം നൽകി ഈ മാസം 18-നാണ് കലക്ടർ ഉത്തരവിട്ടത്. ഒാഫീസിലെ സീക്രട്ട് സെക്ഷൻ വഴി രജിസ്ട്രേഡ് തപാലിൽ ഉദ്യോഗാർഥികളുടെ വിലാസത്തിലേക്കാണ് ഉത്തരവ് ലഭിക്കേണ്ടത്. ചോർത്തിയെടുത്ത നിയമന ഉത്തരവ് രണ്ട് പേർക്ക് യൂണിയൻ നേതാവ് മണിക്കൂറുകൾക്കുള്ളിൽ നേരിട്ട് കൈമാറിയതോടെ ഇവർ അടൂരിലെ താലൂക്ക് ഒാഫീസിൽ ജോലിക്ക്‌ കയറിയെന്ന് നേതാക്കൾ പറയുന്നു. അന്വേഷിക്കാമെന്ന് കലക്ടർ നൽകിയ ഉറപ്പിന്മേലാണ് ഉപരോധം അവസാനിപ്പിച്ചത്.

എൻ.ജി.ഒ. അസോസിയേഷൻ ഉപരോധത്തിൽ ജില്ല പ്രസിഡൻറ് അജിൻ ഐപ്പ് ജോർജ് അധ്യക്ഷത വഹിച്ചു. സെറ്റോ ചെയർമാൻ പി.എസ്. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷിബു മണ്ണടി, ബിജു ശാമുവേൽ, തുളസീരാധ, തട്ടയിൽ ഹരികുമാർ, ഷെമിംഖാൻ, അബു കോശി, വിഷ്ണു സലിംകുമാർ, ഡി. ഗീത, വിനോദ് മിത്രപുരം, പിക്കു വി.സൈമൺ എന്നിവർ പ്രസംഗിച്ചു. എൻ.ജി.ഒ. സംഘ് ഉപരോധം സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. പി.അനിൽകുമാർ, ജില്ലാ പ്രസിഡന്റ് എസ്.ഗിരീഷ്, ജില്ലാ സെക്രട്ടറി ജി.അനീഷ്, ഖജാൻജി എം. രാജേഷ് എന്നിവർ നേതൃത്വംനൽകി.

News Summary - Revenue Department Ld Clerk appointment in controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.