കോമളം പാലം ഉദ്ഘാടന ചടങ്ങില്‍ മാത്യു ടി. തോമസ് എം.എല്‍.എ സംസാരിക്കുന്നു
പത്തനംതിട്ട: നിര്‍മാണം പൂര്‍ത്തിയായ കോമളം പാലം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ 90,000 കോടിയുടെ വികസനം കിഫ്ബി വഴി ഏറ്റെടുത്തതായി മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെയും ജനത്തിന്റെയും ഐക്യമാണ് പ്രതിസന്ധികളില്‍ അതിജീവനം സാധ്യമാക്കിയത്. പാവപ്പെട്ടവരെ ചേര്‍ത്തു പിടിക്കുന്ന നയമാണ് സര്‍ക്കാരിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 150ല്‍ അധികം പാലങ്ങള്‍ നിര്‍മിച്ചതായി അധ്യക്ഷന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ക്ഷമയോടെയുള്ള പ്രവര്‍ത്തനം മികച്ച രീതിയിലുള്ള വികസനം ഉണ്ടാക്കുമെന്ന കാഴ്ചപ്പാട് കോമളം പാലം നിര്‍മാണത്തിലൂടെ വ്യക്തമായതായി മാത്യു ടി. തോമസ് എം.എല്‍.എ പറഞ്ഞു. ശിലാഫലകം അനാച്ഛാദനവും എം.എല്‍.എ നിര്‍വഹിച്ചു. എക്സിക്യൂട്ടിവ് എൻജിനീയര്‍ ബി. അജിത്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 7.5 മീറ്റര്‍ കാര്യേജ് വേയും ഇരുവശത്തും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയോട് കൂടി 11 മീറ്റര്‍ വീതിയിലാണ് പാലം നിര്‍മിച്ചത്. മാത്യു ടി. തോമസ് എം.എല്‍.എയുടെ ഫണ്ടില്‍നിന്ന് തുക ചെലവഴിച്ച് വഴിവിളക്കും സ്ഥാപിച്ചു.
പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെനി സനില്‍, ജില്ല പഞ്ചായത്തംഗം നീതു മാമ്മന്‍ കൊണ്ടൂര്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം ഷിജു പി. കുരുവിള, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി. മാത്യു, പുറമറ്റം ഗ്രാമപഞ്ചായത്തംഗം സജി ചാക്കോ, കല്ലൂപ്പാറ ഗ്രാമപഞ്ചായത്തംഗം ഗിരികുമാര്‍, പൊതുമരാമത്ത് പാലം വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനിയര്‍ ഷീജ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.