മല്ലപ്പള്ളി ബസ്സ്റ്റാൻഡിന് സമീപത്തെ പാലത്തിനടിയിൽ തോട്ടിൽ മാലിന്യം കെട്ടിക്കിടന്ന്
നീരൊഴുക്ക് നിലച്ച നിലയിൽ
മല്ലപ്പള്ളി: ടൗണിന്റെ സമീപത്തുകൂടി നിരവധി ചെറുതോടുകൾക്കൊപ്പം ചേർന്നൊഴുകുന്ന ഊരുകുഴിത്തോട്ടിൽ മാലിന്യം കുമിയുന്നു.തോടിന്റെ വിവിധ പ്രദേശങ്ങളിൽ മാലിന്യവും ചപ്പുചവറുകളും കെട്ടിക്കിടക്കുന്നതിനാൽ നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. നൂറുകണക്കിന് ആൾക്കാർ ആശ്രയിച്ചിരുന്ന ഊരുകുഴിത്തോട് മാലിന്യവാഹിനിയാണ്.
കൈയേറ്റമാണ് തോടിന്റെ ഈ അവസ്ഥക്ക് കാരണം. 11 മീറ്റർ വരെ വീതിയുണ്ടായിരുന്ന ഊരുകുഴിത്തോടിനിപ്പോൾ മൂന്നു മീറ്റർ പോലും വീതിയില്ലാത്ത സ്ഥിതിയിലെത്തി. ചെറിയ മഴ പെയ്താൽപോലും സമീപത്തെ വീടുകളിൽ വെള്ളം കയറും.തോട്ടിൽ മാലിന്യം നിറഞ്ഞ് മലിന ജലം കെട്ടിക്കിടക്കുന്നതിനാൽ കൊതുകും കൂത്താടിയും പെരുകി പകർച്ചവ്യാധികൾ വരെ വ്യാപിക്കാൻ സാധ്യത ഏറെയാണ്. ഇതുമൂലം സമീപത്തെ നിരവധി കുടിവെള്ള സ്രോതസ്സുകൾ വരെ മലിനമാകുന്നു.
പുളിക്കൻ പാറ മുതൽ വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മത്സ്യ മാംസക്കടകളിലെയും ഹോട്ടലുകളിലെയും മാലിന്യം തോട്ടിലേക്കാണ് തള്ളുന്നത്. ശുചിമുറി മാലിന്യംവരെ ഊരുകുഴിത്തോട്ടിലേക്ക് തള്ളുന്നതായി പരാതി ഉയർന്നിരുന്നു. ആഗസ്റ്റിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ തോട്ടിൽ അടിഞ്ഞ മാലിന്യം പലയിടത്തും കെട്ടിക്കിടക്കുകയാണ്.
ഊരുകുഴിത്തോട് സംരക്ഷിക്കാൻ നടപടി വേണമെന്ന ആവശ്യത്തിന് പഴക്കം ഏറെയുണ്ടെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നേരത്തേ ബഹുജന പങ്കാളിത്തതോടെ തോടിന്റെ വീതിയും ആഴവും വർധിപ്പിച്ച് നീരൊഴുക്ക് സുഗമമാകുന്നതിന് നടപടി ആരംഭിച്ചതാണ്. എന്നാൽ, പാതിവഴിയിൽ ഉപക്ഷിക്കപ്പെട്ടു. ശക്തമായ മഴ പെയ്താൽ ഒഴുക്ക് തടസ്സപ്പെട്ട് ചുങ്കപ്പാറ ടൗണിൽ വീണ്ടും വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.ഊരുകുഴിത്തോട്ടിലെ മാലിന്യം നീക്കംചെയ്ത് ഒഴുക്ക് സുഗമമാക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.