പ്ലസ്ടു മൂല്യനിര്‍ണയം: അധ്യാപകരില്‍ സമ്മര്‍ദം കൂട്ടുന്നു, എതിർപ്പുമായി സംഘടനകൾ

പത്തനംതിട്ട: പരീക്ഷകളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ അട്ടിമറിക്കുന്നതാണ് പുതുക്കിയ ഹയര്‍ സെക്കൻഡറി പരീക്ഷ മാനുവലെന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍. അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസമന്ത്രി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി, മൂല്യനിര്‍ണയത്തിലെ ഉത്തരക്കടലാസുകളുടെ എണ്ണത്തിലെ വർധന അധ്യാപകരെ സമ്മര്‍ദത്തിലാക്കുന്നതിനും മാര്‍ക്ക് ദാനത്തിനും കാരണമാകുമെന്ന് അധ്യാപകര്‍ ആരോപിക്കുന്നു.

പ്രായോഗിക പരീക്ഷയുള്ളവക്ക് സാധാരണ രണ്ട് മണിക്കൂര്‍ പരീക്ഷയും അതിന് 60 മാര്‍ക്കുമാണ് നല്‍കേണ്ടത്. പ്രായോഗിക പരീക്ഷ ഇല്ലാത്ത ഭാഷാ - മാനവിക വിഷയങ്ങള്‍ക്ക് രണ്ടരമണിക്കൂര്‍ പരീക്ഷയ്ക്ക് 80 മാര്‍ക്കാണ് ഉണ്ടാവുക. കഴിഞ്ഞവര്‍ഷം വരെ അധ്യാപകര്‍ മൂല്യനിര്‍ണയം നടത്തിയിരുന്നത് ഒരുദിവസം 26 ഉത്തരക്കടലാസ് വീതമായിരുന്നു.

30 മാര്‍ക്കുള്ള ബോട്ടണി, സുവോളജി എന്നീ വിഷയങ്ങള്‍ക്ക് 40 ഉത്തരക്കടലാസ് ഒരുദിവസം മൂല്യനിര്‍ണയം നടത്തേണ്ടതായിരുന്നു. എന്നാല്‍, പുതുക്കിയ മാനദണ്ഡപ്രകാരം സമയ ദൈര്‍ഘ്യത്തിലോ, ആകെ മാര്‍ക്കിലോ വ്യത്യാസം വരുത്താതെ തന്നെ മൂല്യനിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം യഥാക്രമം 34, 50 ആയി ഉയര്‍ത്തിയത് മൂല്യനിര്‍ണയത്തിന്‍റെ കൃത്യതയില്‍ വെള്ളം ചേര്‍ക്കാനാണത്രെ. ഈ വര്‍ഷം ചോദ്യങ്ങളുടെ എണ്ണവും ക്രമാതീതമായ വര്‍ധിച്ചു. 80 മാര്‍ക്കുള്ള വിഷയത്തിന് 35 ചോദ്യങ്ങളും 60 മാര്‍ക്കുള്ള വിഷയത്തിന് 36 ചോദ്യങ്ങളും 30 മാര്‍ക്കുള്ള വിഷയത്തിന് 24 ചോദ്യങ്ങളും വന്നു.

അധ്യാപകര്‍ ഒരു ദിവസം മൂല്യനിര്‍ണയം നടത്തേണ്ട സമയം ആറ് മണിക്കൂറാണ്. അതായത് ഒരു ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തുന്നതിന് എടുക്കാവുന്ന കൂടിയസമയം 10 മിനിറ്റാണ്. ബയോളജിക്ക് ഏഴു മിനിറ്റാണ്. ഉത്തരപേപ്പറുകള്‍ സമാധാനമായി വായിച്ചുനോക്കാനുള്ള സമയംപോലും ലഭിക്കില്ല. കഴിഞ്ഞവര്‍ഷം രണ്ടുമാര്‍ക്ക് വ്യത്യാസം വന്നതുമൂലം അധ്യാപകര്‍ക്കെതിരെ സര്‍വിസ് നടപടി എടുത്ത സാഹചര്യത്തില്‍ വാരിക്കോരി മാര്‍ക്ക് നൽകി രക്ഷപ്പെടേണ്ടിവരുമെന്ന് അധ്യാപകര്‍ പറയുന്നു. ഇത് മൂല്യനിര്‍ണയത്തിന്‍റെ സൂക്ഷ്മതയെ സ്വാധീനിക്കും.

കൂടാതെ ഉത്തരക്കടലാസിന്‍റെ ഉള്ളില്‍ മാര്‍ക്കിടാന്‍ പാടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിചിത്രമായ നിർദേശം. ഉത്തരങ്ങളുടെ മാര്‍ക്ക് ഫെയ്‌സിങ് ഷീറ്റില്‍ മാത്രം ഇടുമ്പോള്‍ പലപ്പോഴും പിഴവുകള്‍ക്ക് കാരണമാകുന്നു. ഇത് അവസാനിപ്പിച്ച് ഉത്തരങ്ങള്‍ക്കൊപ്പം തന്നെ മാര്‍ക്കിടാൻ അനുവാദം നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

സംഘടന പ്രതിധികളെ തിരികിക്കയറ്റിയെന്ന്

പത്തനംതിട്ട: ഹയര്‍ സെക്കൻഡറി പരീക്ഷ ഉത്തരസൂചിക തയറാക്കുന്ന ഘട്ടത്തില്‍ അധ്യാപകരുടെ പരിചയസമ്പത്തിനോ സീനിയോരിറ്റിക്കോ പ്രാധാന്യം നല്‍കാതെ സംഘടന പ്രതിനിധികളെ തിരുകി കയറ്റുന്നത് മൂല്യനിര്‍ണയത്തിന്‍റെ ഉദ്ദേശലക്ഷ്യങ്ങളെ അട്ടിമറിക്കുന്നതിനാണെന്ന് അധ്യാപക സംഘടന പ്രതിനിധികൾ ആരോപിക്കുന്നു.

അശാസ്ത്രീയ നടപടിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് എ.എച്ച്.എസ്.ടി.എ ജില്ല പ്രസിഡന്‍റ് ജിജി എം.സ്‌കറിയ, സെക്രട്ടറി പി.ചാന്ദിനി, സംസ്ഥാന സെക്രട്ടറി മീന എബ്രഹാം, ബിനു കെ.സത്യപാലൻ, ജിനു ഫിലിപ്, എസ്. ജ്യോതിസ് എന്നിവർ ആവശ്യപ്പെട്ടു.

Tags:    
News Summary - Plus two evaluation Increases stress on teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.