പത്തനംതിട്ട: ഗൃഹാതുര സ്മരണകളുയർത്തി ഇന്ന് തിരുവോണം. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ തിരുവോണത്തെ വരവേൽക്കാൻ നാട് ഒരുങ്ങി. നഗര ഗ്രാമവീഥികളിലാകെ ഇന്നലെ ഉത്രാടപ്പാച്ചിലിന്റെ തിരക്കിലായിരുന്നു. ഓണസദ്യ ഒരുക്കാനുള്ള സാധനങ്ങൾ വാങ്ങാനും ഓണക്കോടി എടുക്കാനും അത്തപ്പൂക്കളമൊരുക്കാൻ പൂക്കൾ വാങ്ങാനും കുടുംബസമേതം ആളുകൾ ഇറങ്ങിയതോടെ വീഥികളെല്ലാം വാഹനത്തിരക്കിലമർന്നു. നിര ത്തുകളിലും വ്യാപാര കേന്ദ്രങ്ങളിലുമെല്ലാം വലിയ തിരക്കായിരുന്നു. ഇടക്കിടെ പെയ്ത ചാറ്റൽ മഴ ആളുകളെ ചെറുതായി ബുദ്ധിമുട്ടിച്ചു.
ഓണത്തിരക്കിൽ നഗരങ്ങൾ വീർപ്പുമുട്ടിയപ്പോൾ വാഹനത്തിരക്ക് നിയന്ത്രിക്കാൻ നഗരവീഥികളിൽ ട്രാഫിക് പൊലീസ് പെടാപ്പാടുപെട്ടു. പത്തനംതിട്ട സെൻട്രൽ ജങ്ഷൻ മുതൽ ജനറൽ ആശുപത്രി ഭാഗം വരെ വാഹനത്തിരക്കായിരുന്നു. പൊലീസ് സ്റ്റേഷൻ റോഡിലും വലിയ തിരക്കായിരുന്നു. ഇവിടെ വാഹനങ്ങൾ ക്രമീകരിച്ചു വിടാനും അനധികൃത പാർക്കിങ് നിയന്ത്രിക്കാനും പൊലീസുണ്ടായിരുന്നു . വാഹനത്തിരക്കിനിടെ ജങ്ഷഷനുകളിൽ റോഡ് മുറിച്ചുകടക്കാൻ യാത്രക്കാരെയും പൊലീസ് സഹായിച്ചു.
ഓണത്തിന് പൂക്കളമിടാനുള്ള പൂതേടി ആളുകളുടെ ഒഴുക്കു കാരണം പൂവിപണി സജീവമായി. ബന്ദിപ്പൂ, അരളിപ്പൂ, റോസാപ്പൂവ് ഉൾപ്പെടെയുള്ള പൂക്കൾ കൊണ്ട് വിപണികൾ നിറഞ്ഞു. കുടുംബശ്രീ അംഗങ്ങളുടെ കൂട്ടായ്മയിൽ ചില പഞ്ചായത്തുകളിലും ബന്ദിപ്പൂ വൻതോതിൽ കൃഷിയിറക്കിയിരുന്നു. കലാലയങ്ങൾ, ഓഫിസുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഓണാഘോഷം ഉല്ലാസഭരിതമാക്കിയ ശേഷമാണ് ആവേശത്തോടെ വീടുകളിൽ ഓണം ഒരുങ്ങാൻ പോകുന്നത്.
അടുത്ത ദിവസങ്ങളിൽ ജില്ലയിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചതിനാൽ കാലാവസ്ഥയും വില്ലനാകുമോയെന്ന ഭീതിയുണ്ട്. ഉത്രാട നാൾ രാവിലെ മുതൽ പലയിടത്തും ചാറ്റൽ മഴയായിരുന്നു. ഇടവിട്ട് പെയ്യുന്ന മഴയിലും ഓണം കെങ്കേമമാക്കാനുള്ള തയാറെടുപ്പിലാണ് എല്ലാവരും.
ഉത്രാട ദിനം മുതൽ ആറന്മുള ഉതൃട്ടാതി വള്ളംകളി ഉൾപ്പെടെ ജില്ലയിലെ ഓണാഘോഷ പരിപാടികൾ എല്ലാം പൂർത്തിയാകുന്നത് വരെ പ്രധാന ആഘോഷ സ്ഥലങ്ങളും ഓണാഘോഷ പരിപാടികൾ നടക്കുന്ന മറ്റു സ്ഥലങ്ങളും ടൗണുകളും ഷാഡോ പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും ഷാഡോ സംഘങ്ങൾ പ്രവർത്തനം ആരംഭിച്ചു. ജില്ല പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഓരോ സ്റ്റേഷനിലെയും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ, കൂടാതെ അതത് സ്റ്റേഷനിലെ പരിചയസമ്പന്നരായ രണ്ട് പൊലീസുദ്യോഗസ്ഥർ എന്നിവർ അടങ്ങുന്നതാണ് ഷാഡോ സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.