പന്തളം: പ്ലാസ്റ്റിക്കും ടിൻഷീറ്റും ഉപയോഗിച്ച് മറച്ച കൂരയ്ക്കുള്ളിൽ കഴിയുന്ന കുടുംബത്തിന്‍റെ ഏറെ നാളത്തെ ആഗ്രഹം വെളിച്ചം കണ്ടു. വൈദ്യുതി ഇല്ലാതെ വിഷമിച്ച പൂഴിക്കാട് പടിഞ്ഞാറ് മഞ്ജു ഭവനിൽ ഭാസ്‌കരന്‍റെ വീട്ടിലാണ് കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷൻ ഇടപെട്ട് വൈദ്യുതി എത്തിച്ചത്. ഇവരുടെ ദയനീയ അവസ്ഥ ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
ഭാര്യ സുമതി, മകളായ അശ്വതി, സാന്ദ്ര എന്നിവരാണ് വീട്ടിൽ കഴിയുന്നത്. ഇവരുടെ അവസ്ഥ അറിഞ്ഞെത്തിയ കെ.എസ്.ഇ.ബി സർവിസ് സംഘടനയായ വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു അടൂർ ഡിവിഷൻ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ ഇടപെടുകയായിരുന്നു. 90 മീറ്റർ ലൈൻ വലിച്ചതിന് പുറമെ മൂന്ന് പോസ്റ്റും വയറിങ് ചെലവും അസോസിയേഷൻ വഹിച്ചു.
ജില്ല സെക്രട്ടറി പി.ബി.ഹർഷകുമാർ സ്വിച്ച് ഓൺ ചെയ്തു. വർക്കേഴ്‌സ് അസോസിയേഷൻ അടൂർ ഡിവിഷൻ സെക്രട്ടറി സുധീർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ദിപു, വാർഡ് മെംബർ വിമൽ രാജ്, വർക്കേഴ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി ദനേഷ് കുമാർ, സംസ്ഥാന കമ്മറ്റി അംഗം ഹീരാ ചന്ദ്രൻ, പന്തളം യൂനിറ്റിലെ മനോജ് കെ. നിഖിൽ, ബെന്നിച്ചൻ, പ്രമോദ്, അജിത്ത്, മുകേഷ് എന്നിവർ പങ്കെടുത്തു.
63 വയസുള്ള ഭാസ്‌കരനും കുടുംബവും 11 വർഷമായി ഈ കൂരയിൽ കഴിയുകയാണ്. വീടിനായി മുട്ടാത്ത വാതിലുകളില്ല. കൂര നിൽക്കുന്ന സ്ഥലം പാടമാണെന്ന കാരണത്താൽ രണ്ടുതവണ പഞ്ചായത്തിൽ നിന്നും അനുവദിച്ച വീടും നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.