കിടങ്ങന്നൂർ: 2004 മുതൽ തുടർച്ചയായി പത്തനംതിട്ട ജില്ലാ കലോത്സവത്തിൽ വെന്നിക്കൊടി പാറിക്കുന്ന കിടങ്ങന്നൂർ ശ്രീ വിജയാനന്ദ ഗുരുകുല വിദ്യാപീഠം ഹയർസെക്കൻഡറി സ്കൂളിന്‍റെ പേരിൽ തന്നെയുണ്ട് വിജയിക്കാനുള്ള അടങ്ങാത്ത ആവേശം. അവർ ഈ വർഷവും കപ്പ് ആർക്കും വിട്ട് നൽകിയില്ല. തുടർച്ചയായ 18 വർഷമായി ജില്ലാ സ്കൂൾ കലാമേളയിൽ സ്കൂൾ തലത്തിൽ ഒന്നാമതാണ് അവർ. 302 പോയിന്‍റാണ് വിജയാനന്ദ ഇക്കുറി തിരുമൂലപുരത്ത് നടന്ന മേളയിൽ അടിച്ചെടുത്തത്. കപ്പ് കൈവിടാത്തതിന്‍റെ പിന്നിലെ രഹസ്യം എന്താണെന്ന് അറിയാൻ എല്ലാവർക്കും താൽപര്യം കാണും. അത് ഒന്നുമില്ല. കഷ്ടപ്പാട്തന്നെ അതായത് തുടർച്ചയായ പരിശീലനമെന്ന് പ്രധാനാധ്യാപിക എസ്. മായാലക്ഷ്മി പറയുന്നു. ''അധ്യയന വർഷാരംഭം തന്നെ കലോത്സവത്തിന് തയ്യാറെടുപ്പുകൾ തുടങ്ങും.
പ്രധാനാധ്യാപിക എസ്.മായാലക്ഷ്മി
കിട്ടാവുന്നതിൽ മികച്ച പരിശീലകരെ കണ്ടെത്തും. കലാവാസനയുള്ള കുട്ടികളെ സംഗീത അധ്യാപികയായിരുന്ന സുശീല കണ്ടെത്തി ആദ്യഘട്ട പരിശീലനം നൽകുന്നത്. പരമ്പരാഗത കലാരൂപങ്ങളായ പൂരക്കളി, പഞ്ചവാദ്യം, വഞ്ചിപ്പാട്ട് തുടങ്ങി തിരുവാതിര, മാർഗ്ഗം കളി, സംഘനൃത്തം സംഘഗാനം എന്നിവക്ക് കേരളത്തിലെ തന്നെ പ്രമുഖരായ ഗുരുക്കൻമാർ പരിശീലനം നൽകുന്നു. പൂർവ വിദ്യാർഥികളായ ചിലരും പരിശീലകരായുണ്ട്. കലാമേളയിൽ എല്ലാ ഇനങ്ങൾക്കും തങ്ങളുടെ കുട്ടികളെ പങ്കെടുപ്പിക്കാൻ വിദ്യാപീഠം പ്രത്യേകം താൽപര്യം കാണിക്കും. ചിട്ടയായ പരിശീലനവും കഠിനാധ്വാനവും കലോൽസവ വിജയം മാത്രമല്ല കുട്ടികൾക്ക് നൽകുന്നത് പരസ്പര ബഹുമാനവും സഹിഷ്ണുതയും കൂടിയാണ്''.
ഗ്രൂപ്പിനങ്ങൾക്ക് പുറമെ വ്യക്തിഗത ഇനങ്ങൾക്കും പ്രാധാന്യം നൽകുന്നുണ്ട്. ഇതിന് പുറമെ അക്ഷരശ്ലോകം കാവ്യകേളി പദ്യപാരായണം മലയാളത്തിന് പുറമെ ഉറുദു, കന്നട, തമിഴ് തുടങ്ങിയവക്ക് ഇവിടുത്തെ തന്നെ അധ്യാപകർ പരിശീലനം നൽകുന്നു.
ആറന്മുള ഉപജില്ലയുടെ കീഴിലെ സ്കൂൾ 18 വർഷമായി പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് പൂരക്കളി സംസ്ഥാനതലത്തിൽ അവതരിപ്പിച്ച് വരുന്നു. 2019ലെ കാസർഗോഡ് സംസ്ഥാന കലോത്സവത്തിൽ സ്കൂൾ മൂന്നാം സ്ഥാനത്തെത്തി. മുമ്പ് ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങളും നേടിയിരുന്നു. സ്കൂൾ മാനേജ്‌മെന്റും അധ്യാപക രക്ഷകർതൃ സംഘടനയും പൂർവ്വവിദ്യാർത്ഥികളും എല്ലാ സഹായങ്ങളുമായി തങ്ങളുടെ ഒപ്പമുണ്ടെന്ന ധൈര്യമാണ് ഇവിടുത്തെ ഓരോ വിദ്യാർഥിയെയും നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.