ഓപറേഷൻ തണ്ടർ; പത്തനംതിട്ടയിൽ ലഹരിക്കെതിരെ നടപടി ശക്തമാക്കി എക്സൈസ്

പത്തനംതിട്ട: സംസ്ഥാനത്ത് ലഹരിമരുന്ന് ശൃംഖലകളും അനധികൃത വിപണനവും പൂർണമായി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പ് പ്രഖ്യാപിച്ച പ്രത്യേക എൻഫോഴ്സ്മെന്റ് ഡ്രൈവ് ഓപറേഷൻ തണ്ടർ പ്രവർത്തനം ജില്ലയിൽ ശക്തമാക്കി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്, സർക്കിൾ, റേഞ്ച് ഓഫിസുകളുടെ നേതൃത്വത്തിൽ വ്യാപകമായ റെയ്ഡുകളും മിന്നൽ പരിശോധനകളും നടന്നു.

ലഹരിമരുന്നിന്റെ ഉറവിടങ്ങൾ കണ്ടെത്തുക, അന്തർസംസ്ഥാന ലഹരി കടത്ത് തടയുക, വിപണന ശൃംഖലകൾ തകർക്കുക എന്നിവക്കൊപ്പം പുതിയ അധ്യയനവർഷം ആരംഭിച്ച പശ്ചാത്തലത്തിൽ സ്കൂൾ-കോളജ് പരിസരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ ശക്തമാക്കുകയുമാണ് ഈ ദൗത്യത്തിലൂടെ എക്സൈസ് ലക്ഷ്യമിടുന്നത്. മുൻകാല ലഹരി കേസുകളിൽപ്പെട്ട പ്രതികളെയും സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെടുന്നവരെയും കേന്ദ്രീകരിച്ച് കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓപറേഷൻ തണ്ടറിന്റെ ഭാഗമായി പ്രധാന പാതകളിലും അതിർത്തി മേഖലകളിലും എക്സൈസ് രാത്രികാല പട്രോളിങ്ങും വാഹന പരിശോധനയും ഊർജിതമാക്കിയിട്ടുണ്ട്. ട്രെയിനുകൾ വഴിയുള്ള ലഹരിക്കടത്ത് തടയാൻ റെയിൽവേ സ്റ്റേഷനുകളിലും പ്രത്യേക പരിശോധന നടക്കുന്നുണ്ട്. ദൗത്യത്തിന്റെ ഭാഗമായി കഴിഞ്ഞ മാസത്തിൽ മാത്രം ജില്ലയിൽ 760 റെയ്ഡുകളാണ് നടത്തിയത്.

അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ കേന്ദ്രീകരിച്ച് പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ടീം നടത്തിയ പരിശോധനയിൽ കോഴഞ്ചേരി ചിൽഡ്രൻസ് ഹോസ്പിറ്റലിന് സമീപം താമസിച്ചിരുന്ന അന്തർ സംസ്ഥാന തൊഴിലാളികൾ വിൽപനക്കായി സൂക്ഷിച്ചിരുന്ന 1.968 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി എൻ.ഡി.പി.എസ് കേസ് രജിസ്റ്റർ ചെയ്തു. കൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി 60 എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്തു. 57 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരിൽനിന്നായി ആകെ 2.661 കിലോഗ്രാം കഞ്ചാവ്, കഞ്ചാവ് ചെടികൾ, 3.020 ഗ്രാം ഹഷീഷ് ഓയിൽ എന്നിവ കണ്ടെടുത്തു.

മേയ് മാസം ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി 183 അബ്കാരി കേസുകൾ കണ്ടെത്തി. 168 പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 232.900 ലിറ്റർ വിദേശമദ്യം, 350 ലിറ്റർ കോട, 2 വാഹനങ്ങൾ, എന്നിവ പിടിച്ചെടുത്തു. പുകയില ഉൽപന്നങ്ങൾക്കെതിരെയുള്ള (കോട്പ) പരിശോധനയിൽ 401 കേസുകളിലായി 80,200 രൂപ പിഴ ഈടാക്കുകയും 8.882 കിലോഗ്രാം പുകയില ഉൽപന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. മേയ് മാസം ആകെ 645 കേസുകളാണ് കണ്ടെടുത്തത്. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ കർശനമായി തുടരുമെന്ന് പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമീഷണർ അറിയിച്ചു.

ലഹരി വിപണനത്തെയോ ഉപയോഗത്തെയോ കുറിച്ച് സ്കൂൾ അധികൃതർക്കോ പൊതുജനങ്ങൾക്കോ പത്തനംതിട്ട ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്സൈസ് കൺട്രോൾ റൂമിലോ, ഉദ്യോഗസ്ഥരെയോ നേരിട്ടോ വിവരങ്ങൾ അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കും. ബന്ധപ്പെടേണ്ട നമ്പറുകൾ: എക്സൈസ് ഓപറേഷൻ തണ്ടർ: 9447178000, ഡെപ്യൂട്ടി എക്സൈസ് കമീഷണർ, പത്തനംതിട്ട: 9447178055, അസിസ്റ്റന്റ് എക്സൈസ് കമീഷണർ (എൻഫോഴ്സ്മെന്റ്), പത്തനംതിട്ട: 9496002863, സർക്കിൾ ഇൻസ്പെക്ടർ, എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്, പത്തനംതിട്ട: 9400069473, എക്സൈസ് കൺട്രോൾ റൂം, പത്തനംതിട്ട: 0468-2222873.

Tags:    
News Summary - Operation Thunder: Excise department intensifies anti-drug measures in Pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.