പത്തനംതിട്ട: ജില്ലയിൽ നിയമസഭ തെരഞ്ഞെടുപ്പ് വോട്ടുകളുടെ അന്തിമ കണക്ക് പുറത്തുവന്നതോടെ പരാജയപ്പെട്ട കോന്നിയിൽ ഉൾപ്പെടെ അഞ്ചു മണ്ഡലങ്ങളിലും കഴിഞ്ഞ തവണത്തേക്കാൾ വോട്ട് ഉയർത്താൻ കഴിഞ്ഞത് യു.ഡി.എഫിന് മാത്രം. വിജയിച്ച കോന്നിയിൽ ഉൾപ്പെടെ ജില്ലയിലെ മുഴുവൻ സീറ്റുകളിലും എൽ.ഡി.എഫിന്‍റെ വോട്ടുവിഹിതം കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞു. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിൽ, ഘടകകക്ഷികൾ മൽസരിച്ച റാന്നിയിലും കോന്നിയിലും എൻ.ഡി.എ മുന്നണിക്ക് വോട്ടുകൾ കുറഞ്ഞപ്പോൾ മറ്റ് മൂന്നിടത്തും വർധിച്ചു. എൻ.ഡി.എ ക്ക് അടൂരിൽ 2357, തിരുവല്ലയിൽ 20404, ആറൻമുളയിൽ 5884 വോട്ടുകൾ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ വർധിച്ചിട്ടുണ്ട്.
ഈ സീറ്റുകളിൽ ബി.ജെ.പി സ്ഥാനാർഥികളാണ് മുന്നണിയിൽ നിന്ന് മൽസരിച്ചത്. തിരുവല്ല സീറ്റിൽ കഴിഞ്ഞ തവണ കിട്ടിയതിന്‍റെ ഏകദേശം ഇരട്ടിയോളം വോട്ടുകളുടെ വർധനവാണ് എൻ.ഡി.എക്ക് ഇപ്രാവശ്യം ഉണ്ടായിട്ടുള്ളത്. അത്രത്തോളം വോട്ടുകളുടെ കുറവ് എൽ.ഡി.എഫിന് ഇവിടെ ഉണ്ടായി. എൻ.ഡി.എയിൽ ഘടകകക്ഷിയായ ട്വന്‍റി20 മൽസരിച്ച റാന്നിയിൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 895 വോട്ടുകളുടെ കുറവാണ് ഉണ്ടായത്. കോന്നിയിൽ കഴിഞ്ഞ തവണ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ മൽസരിച്ചപ്പോൾ ലഭിച്ചതിന്‍റെ നേർപകുതി വോട്ട് പോലും നേടാൻ ഇത്തവണ ഇവിടെ മൽസരിച്ച ബി.ഡി.ജെ.എസ് സ്ഥാനാർഥിക്ക് സാധിച്ചില്ല. കഴിഞ്ഞ തവണത്തേക്കാൾ 17533 വോട്ടുകളുടെ കുറവാണ് ഇവിടെ എൻ.ഡി.എ മുന്നണിക്ക് ഉണ്ടായിരിക്കുന്നത്.
ജില്ലയിൽ എൽ.ഡി.എഫ് വിജയിച്ച ഏക സീറ്റായ കോന്നിയിൽ ഉൾപ്പെടെ അഞ്ചിടങ്ങളിലും എൽ.ഡി.എഫിന് വോട്ട് വിഹിതം കുറഞ്ഞു. തിരുവല്ലയിലും ആറൻമുളയിലും വൻഇടിവാണ്ഇപ്രാവശ്യം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാൽ അടൂരിൽ 10748, തിരുവല്ലയിൽ 20155, ആറൻമുളയിൽ 23852, റാന്നിയിൽ 275 എന്നിങ്ങനെയാണ് എൽ.ഡി.എഫ് വോട്ടുകളിലെ കുറവ്.
കോന്നിയിൽ കഷ്ടിച്ച് 1838 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇത്തവണയും വിജയിക്കാനായെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൽ.ഡി.എഫിന് 1938 വോട്ടുകളുടെ കുറവ് ഉണ്ടായി. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട്വിഹിതം കൂട്ടാൻ സാധിച്ചത് യു.ഡി.എഫിനാണ്. അടൂരിൽ 2503, തിരുവല്ലയിൽ 2467, ആറൻമുളയിൽ 14136, റാന്നിയിൽ 5815, കോന്നിയിൽ 4732 എന്നിങ്ങനെയാണ് വോട്ടുകളിൽ അവർക്ക് ലഭിച്ച വർധന. കോന്നിയിൽ യു.ഡി.എഫ് വോട്ട് കൂടുകയും എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ വോട്ടുകൾ കുറയുകയും ചെയ്തുവെങ്കിലും നേരിയ മാർജിനിലാണെങ്കിലും യു.ഡി.എഫിന് ഭാഗ്യം കൈവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.