ജോജൻ അലക്സ്
പത്തനംതിട്ട: പെയിന്റിങ് തൊഴിലാളിയായ തുമ്പമൺ സ്വദേശി ജോജൻ അലക്സിനെ (36) ക്രൂര മർദനമേറ്റ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുടുംബം നീതി കിട്ടാതെ വലയുന്നു. 47 ദിവസം കഴിഞ്ഞിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കുടുംബത്തിന് കൈമാറിയിട്ടില്ല.
സംഭവസ്ഥലത്തുനിന്ന് രേഖപ്പെടുത്തിയ വിവരങ്ങളൊന്നും എഫ്.ഐ.ആർ പകർപ്പിലില്ലെന്ന് ജോജന്റെ സഹോദരി ജിസ അലക്സും ഇവരുടെ ഭർത്താവ് കെ.ജെ. റോയിയും പത്തനംതിട്ട പ്രസ്ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബാലിശമായ വിവരങ്ങളാണ് കേസ് അന്വേഷിക്കുന്ന പന്തളം പൊലീസ് രജിസ്റ്ററിൽ രേഖപ്പെടുത്തിയതെന്നും സ്റ്റേഷനിൽ എത്തുമ്പോൾ കുറ്റവാളികളെ പോലെയാണ് തങ്ങളോട് പെരുമാറുന്നതെന്നും കുടുംബം പറയുന്നു.
തുമ്പമൺ പാണ്ടിയാംതുണ്ടിൽ കിഴക്കേതിൽ ജോജനെ കഴിഞ്ഞ ജനുവരി 31ന് രാവിലെ മുതലാണ് കാണാതായത്. പിന്നീട് ഫെബ്രുവരി രണ്ടിന് തുമ്പമൺ പമ്പ് പാലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. ശരീരമാസകലം മുറിവുകളും പാടുകളുമുണ്ടായിരുന്നു. തലക്ക് പിന്നിൽ കണ്ടെത്തിയ മുറിവ് ആമ കടിച്ചതായാണ് പൊലീസ് രേഖപ്പെടുത്തിയത്.
കാണാതായ ദിവസം വൈകീട്ട് തുമ്പമൺ പഞ്ചായത്ത് ഓഫിസിന് സമീപം വരെ ജോജൻ എത്തുന്നത് പഞ്ചായത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. നഷ്ടപ്പെട്ട മൊബൈൽ ഫോൺ കുടുംബം സംശയിക്കുന്ന വ്യക്തി രണ്ട് ദിവസം കൈവശം സൂക്ഷിച്ചു. ഇതിലേക്ക് നാട്ടുകാർ തുടർച്ചയായി വിളിച്ചിട്ടും ഫോൺ എടുക്കാൻ ഇയാൾ തയാറായില്ല. പലപ്രാവശ്യം വീട്ടിലെത്തിയിട്ടും ഫോൺ കൈവശമുള്ള വിവരം ഇയാൾ കുടുംബത്തിനെ അറിയിച്ചുമില്ല. കാണാതായ ദിവസം നാലുപേർ ഒരുമിച്ച് മദ്യപിച്ചിരുന്നു. വ്യാപാരിയായ ഇയാൾ അന്നേദിവസം രാത്രി 8.30ന് വീട്ടിലെത്തിയെന്ന് അവകാശപ്പെടുമ്പോൾ രാത്രി 11ന് എത്തിയെന്നാണ് ഇയാളുടെ ഭാര്യ പൊലീസിൽ നൽകിയ മൊഴി.
സ്ഥലം എം.എൽ.എയുടെ നിർദേശ പ്രകാരമാണ് ഇയാൾ അവസാനം മൊബൈൽ ഫോൺ പൊലീസിന് കൈമാറിയതെന്ന് കുടുംബം പറയുന്നു. മൊബൈലിലെ വിവരങ്ങൾ നശിപ്പിച്ചതായും സഹോദരിയും ഭർത്താവും പറയുന്നു. കാണാതാകുന്നതിന് രണ്ട് ദിവസം മുമ്പ് ജോജനും സഹപ്രവർത്തകനുമായി ജങ്ഷന് സമീപം തർക്കം നടന്നതായും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.