പത്തനംതിട്ട: നിരവധി നദികളുള്ള പത്തനംതിട്ട ജില്ലയിൽ മുങ്ങിമരണങ്ങൾ തുടർക്കഥയാകുന്നു. അപകടം പതിയിരിക്കുന്ന ഇടങ്ങളാവുകയാണ് നദിയുടെ കുളിക്കടവുകൾ. കടവുകളുടെ സ്വഭാവം അറിയാതെ ഇറങ്ങി ജീവൻ നഷ്ടമാകുന്നവർ ഏറെയാണ്. കഴിഞ്ഞ വർഷം 41 പേരുടെ ജീവൻ പൊലിഞ്ഞ ജില്ലയിൽ ഈ വർഷം കഷ്ടിച്ച് മൂന്നുമാസം പോലം ആകുന്നതിന് മുമ്പ് മുങ്ങി മരിച്ചത് 11 പേരാണ്.
പമ്പ, അച്ചൻകോവിലാർ, മണിമല എന്നിവയാണ് ജില്ലയിലെ പ്രധാന നദികൾ. പോഷക നദികൾ വേറെയുമുണ്ട്. ജനവാസ മേഖയിലൂടെ കടന്ന് പോകുന്ന ഈ നദികളിലെല്ലാം മുന്നൂറിലധികം കടവുകളുണ്ട്. മുന്നറിയിപ്പുകൾ അവഗണിച്ചവരാണ് പലരും അപകടത്തൽപ്പെടുന്നത്. കടവുകളിൽ ചെളിയും മണലും പുതഞ്ഞ് കിടക്കുന്നതിനാൽ അപകടക്കെണി അറിയാനാകില്ല. പല കടവുകളും കാടുപിടിച്ചു കിടക്കുകയാണ്. മുന്നറിയിപ്പ് ബോർഡുകൾ പലതും മാഞ്ഞുതുടങ്ങിയിരിക്കുന്നു. കുട്ടികളാണ് കൂടുതലും അപകടത്തിൽപെടുന്നത്. കയത്തിലേക്ക് എടുത്ത് ചാടിയാണ് പലരും മരണത്തിന് കീഴടങ്ങുന്നത്. നദിയിൽ പലയിടത്തും ചെളി നിറഞ്ഞതിനാൽ അപകട സാദ്ധ്യതയേറെയാണ്.
മാലക്കര വള്ളപ്പുരക്കടവിൽ തുടർച്ചയായ രണ്ടു വർഷങ്ങളായി മൂന്നു മരണം ഉണ്ടായി. കീഴുകര ആറാട്ട് കടവിൽ രണ്ട് സ്കൂൾ വിദ്യാർഥികളും അന്യ സംസ്ഥാന തൊഴിലാളികളും ഉൾപ്പെടെ 5 പേർ മുങ്ങി മരിച്ചത് മാസങ്ങൾ മുമ്പാണ്. മണിമലയാറ്റിലെ പൂവപ്പുഴ കടവ്, നാറാണത്ത് കടവ്, വള്ളംകുളം കടവ്, തോണ്ടറ പാലം കടവ്, ഓട്ടാഫീസ് കടവ്, പമ്പയാറ്റിലെ പുളിക്കീഴ് കടവ്, നീരേറ്റുപുറം കടവ് എന്നിവിടങ്ങളിൽ പലരുടെയും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. മാടമൺ വള്ളക്കടവിൽ പത്തിലധികം പേർ ഇതുവരെ മരണത്തിന് കീഴടങ്ങി. ആനിക്കാട്, തേലപ്പുഴക്കടവിൽ പത്തു വർഷത്തിനിടെ 48 മരണങ്ങളാണ് ഉണ്ടായത്. റാന്നി കടവിൽ അൻപതിലധികം പേർ മുങ്ങിമരിച്ചു. ഡ്യൂട്ടിയ്ക്കെത്തിയ ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥനടക്കം മരിച്ചു. ഫയർഫോഴ്സിന്റെ മോക്ക്ഡ്രില്ലിനിടെ യുവാവ് മുങ്ങിമരിച്ച സംഭവം നടന്നതും ജില്ലയിലാണ്. 2023ൽ മാരാമൺ കൺവെൻഷനിലെത്തിയ സഹോദരങ്ങൾ ആറൻമുള പരപ്പുഴ കടവിൽ മരണപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.