പെ​രു​നാ​ട് മ​ന്ദ​പ്പു​ഴ​യി​ൽ ക​ണ്ടെ​ത്തി​യ മ​ഹാ​ശി​ലാ​യു​ഗ​ത്തി​ലെ ശേ​ഷി​പ്പു​ക​ളാ​യ

പെ​ട്ടി​ക്ക​ല്ല​റ​ക​ളും സ​മീ​പം ഗ​വേ​ഷ​ക​രും

പത്തനംതിട്ട: പെരുനാട് മന്ദപ്പുഴയിൽ മഹാശിലായുഗത്തിലെ ശേഷിപ്പുകളായ പുരാവസ്തു ശേഖരം കണ്ടെത്തി. മഹാശിലായുഗത്തിലെ പെട്ടിക്കല്ലറകളുടെ (സിസ്റ്റ് ബറിയൽ) കൂട്ടമാണ് കണ്ടെത്തിയത്. ശബരിമല താഴ്വരകളും നിലയ്ക്കലും കേന്ദ്രീകരിച്ച് പമ്പാതീരത്തുണ്ടായിരുന്ന പ്രാചീനമായ ജനവാസത്തിന്‍റെ തെളിവുകളാണിതെന്ന് ചരിത്ര ഗവേഷകർ പറഞ്ഞു. ഡസൻ കണക്കിന് പെട്ടിക്കല്ലറകൾ ചേർന്ന ക്ലസ്റ്ററുകളാണ് കണ്ടെത്തിയത്. ഇത്രയധികം പെട്ടിക്കല്ലറകളുടെ വ്യത്യസ്തമായ കൂട്ടം കണ്ടെത്തുന്നത് ആദ്യമാണെന്നും വിദഗ്ധർ വ്യക്തമാക്കി.

പമ്പാനദീതട പഠന ഗവേഷണ സമിതി ചെയർമാൻ ബാബു തോമസ്, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. രാജീവ് പുലിയൂർ എന്നിവർ പെരുനാട് മുൻ പഞ്ചായത്ത് പ്രസിഡൻറ് പി.എസ് മോഹനൻ, പ്രദേശവാസികളായ സജീവൻ, സുഗതൻ എന്നിവരുടെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് പത്തനംതിട്ട ജില്ലയിൽ ക്രിസ്ത്വബ്ദത്തിന് മുമ്പുണ്ടായിരുന്ന വികസിതമായ ജനജീവിതത്തിലേക്ക് വെളിച്ചം വീശാൻ സഹായകരമായ പുരാവസ്തുശേഖരം കണ്ടെത്തിയത്.

എ.ഡി 500 മുതൽ ബി.സി 1200 വരെ നടന്നിരുന്ന കൽപ്പാളികൾ പെട്ടികൾപോലെ നാലുവശവും കുത്തിനിറുത്തി അതിൽ മൃതശരീരം അടക്കം ചെയ്യുന്നതാണ് പെട്ടികല്ലറകൾ. ഇതു കൂടാതെ ഒരു മൂടിക്കല്ലിൽ കൊത്തിയ ചില പാറക്കോറലുകളും (പെട്രോഗ്ലിഫ്സ്) ശ്രദ്ധയിൽപെട്ടിട്ടുണ്ട്. തമിഴ്നാട് കീലടി പുരാവസ്തു ഖനനത്തിൽനിന്ന് ലഭിച്ച ഇരുമ്പുയുഗത്തിലെ തെളിവുകളുമായി പശ്ചിമഘട്ട പ്രദേശത്തെ ഈ സ്ഥലത്തിന് ബന്ധമുണ്ടാകുമെന്ന് സമിതി വിലയിരുത്തി. ഒരുപക്ഷേ കാലഗണയിൽ തമിഴ്നാടിനേക്കാൾ പഴക്കം കണ്ടേക്കാം. കാരണം ഇരുമ്പു നിർമാണത്തിന്‍റെ പ്രകൃതിദത്ത അസംസ്കൃത വസ്തുവായ ഇരുമ്പയിര് അടങ്ങിയ ലാറ്ററൈറ്റ് ഏറ്റവുമധികം ലഭ്യമായ സ്ഥലമാണ് പത്തനംതിട്ടയിലെ പമ്പാനദീതട പ്രദേശങ്ങൾ. മുമ്പ് പത്തനംതിട്ടയിലെ ഏനാദിമംഗലത്തു നിന്നും മറ്റു ചില പ്രദേശങ്ങളിൽ നിന്നും പെട്ടിക്കല്ലറകൾ കണ്ടെത്തിയിരുന്നെങ്കിലും അടുത്തടുത്തായി വർധിച്ചതോതിലുള്ള കല്ലറകളുടെ കൂട്ടം കണ്ടെത്തുന്നത് ഇതാദ്യമാണ്.

പമ്പാനദീതട പഠനഗവേഷണ സമിതിയുടെ നേതൃത്വത്തിൽ ഉടനെ തുടരന്വേഷണം ആരംഭിക്കും. പുരാവസ്തു വിദഗ്ധരുടെയും ശാസ്ത്രജ്ഞരുടെയും നേതൃത്വത്തിൽ ഉദ്ഖനനപ്രവർത്തനങ്ങൾ ആരംഭിക്കാൻ പദ്ധതിയിടുന്നു. അതിലൂടെ കൃത്യമായ കാലഗണനയും മറ്റു പുരാവസ്തു പ്രാധാന്യവും കൂടുതൽ ശാസ്ത്രീയമായി കണ്ടെത്താൻ കഴിയും. ഈ പ്രദേശത്തെ ഉൾവനത്തിൽ കൂടുതൻ അന്വേഷണം നടത്തിയാൽ പൗരാണിക കാലത്തെ കൂടുതൽ അടയാളപ്പെടുത്താൻ കഴിയും. കണ്ടെത്തിയ പെട്ടിക്കല്ലറകളിൽ ഉദ്ഖനനം നടത്താൻ കേന്ദ്ര, സംസ്ഥാന പുരാവസ്തു വകുപ്പുകളുടെ മാർഗനിർദ്ദേശങ്ങൾ സ്വീകരിക്കുമെന്നും പമ്പാനദീതട ഗവേഷണസമിതിയുടെ ആഭിമുഖ്യത്തിൽ അനുയോജ്യമായ നടപടികൾ സ്വീകരിക്കുമെന്നും പ്രവർത്തകർ അറിയിച്ചു. 

Tags:    
News Summary - A collection of Megalithic tombs has been discovered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.