പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ കോൺക്രീറ്റ് പ്ലാസ്റ്റർ
തകർന്ന് കമ്പികൾ പുറത്തുകാണുന്നു
പത്തനംതിട്ട: 50 ഓളം സർക്കാർ ഓഫീസുകളും കോടതികളും പ്രവർത്തിക്കുന്ന പത്തനംതിട്ട മിനിസിവിൽ സ്റ്റേഷനിൽ കയറുന്നവർ സൂക്ഷിക്കുക. നോക്കിയുംകണ്ടും നിന്നില്ലെങ്കിൽ തലയിൽ കോൺക്രീറ്റ് കഷ്ണം വീഴും. കാലപ്പഴക്കത്താൽ കെട്ടിടം തകരാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഭയന്നാണ് ജീവനക്കാരും പൊതുജനങ്ങളും ഇവിടേക്ക് വരുന്നത്. കോൺക്രീറ്റ് ഭാഗങ്ങൾ എതുനിമിഷവും ഇളകി വീഴാവുന്ന നിലയിലാണ്. ഭാഗ്യംകൊണ്ട് ആളുകളുടെ തലയിലേക്ക് വീണിട്ടില്ല.
കഴിഞ്ഞ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മഴസമയത്ത് രണ്ടാം നിലയിൽനിന്നും വലിയ ശബ്ദത്തോടെ കോൺക്രീറ്റ് ഭാഗം ഇളകി താഴെവീണു. വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഷെഡിന് മുകളിലാണ് വന്നു പതിച്ചത്. താഴത്തെ നിലയിലെ സീലിംഗ് ഭാഗം മുഴുവൻ ഇളകി വീഴുകയാണ്. ഈ ഭാഗത്ത് കമ്പികൾ പുറത്തുകാണാം. ഏറ്റവും താഴത്തെ നിലയിൽ കോഴഞ്ചേരി താലൂക്ക് ഓഫിസ് പ്രവർത്തിക്കുന്ന ഭാഗത്ത് സ്ഥിരമായി സീലിംഗ് ഇളകി വീഴുന്നുണ്ട്. ഇവിടെ അൽപനേരം നിന്നാൽ പാളികൾ ശരീരത്തിൽ വീഴും.
മിനി സിവിൽ സ്റ്റേഷൻ ജീർണിച്ച് വ്യത്തിഹീനമായ നിലയിലാണ്. ചുറ്റും മാലിന്യങ്ങൾ നിറഞ്ഞ് കിടക്കുകയാണ്. പൈപ്പുകൾ പൊട്ടി മലിനജലം ഭിത്തികളിൽകൂടി ഒഴുകുന്നു. മൂക്കു പൊത്തിവേണം നിൽക്കേണ്ടത്. അഞ്ച് നിലയുള്ള കെട്ടിടത്തിലെ ടോയ്ലറ്റുകൾ മുഴുവൻ തകർന്നുകിടക്കയാണ്. ഇവിടെനിന്നുള്ള ദുർഗന്ധം പരിസരമാകെ വമിക്കുന്നു. മലിനജലം കെട്ടിക്കിടന്ന് കൊതുകുകളും പെരുകിയിട്ടുണ്ട്. ഭിത്തികൾ സ്ഥിരമായി നനഞ്ഞ് കെട്ടിടത്തിന്റെ പലഭാഗത്തും ആൽമരങ്ങൾ വളർന്ന് ഭീഷണിയായി. കോടതികൾ പ്രവർത്തിക്കുന്നതിന്റെ പിന്നിൽ മുറ്റംനിറയെ മാലിന്യമാണ്.
മുറ്റത്ത് വാഹനങ്ങൾ പാർക്ക്ചെയ്യാൻ യാതൊരു സൗകര്യവുമില്ല. രാവിലെ ഒൻപത് മണി ആകുന്നതോടെ മുറ്റംമുഴുവൻ വാഹനങ്ങൾ നിറയും. ലിഫ്റ്റും ഇടക്കിടെ തകരാറിലാകാറുണ്ട്. കഴിഞ്ഞയാഴ്ച ലിഫ്റ്റിൽ കുടുങ്ങിയ കോടതി ജീവനക്കാരനെ അഗ്നി രക്ഷാസേനയാണ് രക്ഷപ്പെടുത്തിയത്. മിനി സിവിൽസ്റ്റേഷനിലെ ശോച്യാവസ്ഥ സംബന്ധിച്ച് താലൂക്ക് വികസനസമിതിയിൽ നിരന്തരം പരാതികൾ ഉയരാറുണ്ടെങ്കിലും ബധിര കർണ്ണങ്ങളിലാണ് പതിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.