അപകട പാതയായി എം.സി റോഡ്

അടൂർ: ഗതാഗത പരിഷ്കാരങ്ങളും വേഗനിയന്ത്രണ മാർഗങ്ങളും ഏർപ്പെടുത്തിയിട്ടും എം.സി റോഡിൽ വാഹനാപകടങ്ങൾ കുറയുന്നില്ല. വെള്ളിയാഴ്ച അർധരാത്രിയിൽ പുതുശ്ശേരി ഭാഗം ജങ്ഷനിൽ ബസും ചരക്ക് ലോറികളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 28 പേർക്കാണ് പരിക്കേറ്റത്. കൂടുതൽ വേഗനിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്. ഒപ്പം നാലുവരിപ്പാതയായി വികസിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നു.

വളവുകളിൽ നിയന്ത്രണംവിട്ടും അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ കൂട്ടിയിടിച്ചുമാണ് അപകടങ്ങൾ ഏറെയും. രാത്രിയിൽ ഡ്രൈവർമാർക്ക് വിശ്രമത്തിന് അവസരം ഒരുക്കുകയും ചുക്കുകാപ്പിവിതരണം നടത്തുകയും ചെയ്യുന്ന പൊലീസ് നടപടി ഇല്ലാതായത് രാത്രി അപകടങ്ങൾ കൂടാൻ കാരണമാകുന്നു.

വെള്ളിയാഴ്ച് രാത്രി 12.30ന് പുതുശ്ശേരി ഭാഗത്ത് മൂലമറ്റത്തുനിന്ന് തിരുവനന്തപുരത്തേക്കുപോയ കെ.എസ്.ആർ.ടി.സി ബസും തമിഴ്നാട്ടിൽനിന്ന തൃശൂരിലേക്ക് വാഴക്കുലയുമായിപോയ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഈ ലോറിക്കുപിന്നിൽ മറ്റൊരു ചരക്കുലോറിയും ചെന്നിടിച്ചു. ബസിൽ കുടുങ്ങിയ ഡ്രൈവർ അജ്നാസ്, യാത്രക്കാരി ആൻമേരി എന്നിവരെ അഗ്നിരക്ഷസേന രണ്ട് മണിക്കൂർ പ്രയത്നത്തിനൊടുവിലാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ബസി‍െൻറ ഭാഗം മുറിച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. ബസിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽപെട്ടവരെ രക്ഷപ്പെടുത്താൻ നാട്ടുകാരും അഗ്നിശമന സേനയും പൊലീസും ഒത്തുചേർന്ന് പരിശ്രമിച്ചത് രണ്ടുമണിക്കൂറിലേറെയാണ്.

എം.സി റോഡിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. അടൂർ, ഏനാത്ത് പൊലീസ്, അടൂർ, കൊട്ടാരക്കര അഗ്നിരക്ഷ നിലയങ്ങളിലെ സേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിനെത്തി. കെ.എസ്.ആർ.ടി.സി ഡ്രൈവർ തൊടുപുഴ കോയിക്കൽ വീട്ടിൽ അജ്നാസ് (43), കണ്ടക്ടർ ശാസ്താംകോട്ട പാലവിളയിൽ വേണുകുമാർ (51), യാത്രക്കാരി പരിയാരം ചീനിക്കൽ ഷാജിത (44) എന്നിവർ ഗുരുതരപരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. തിരുവനന്തപുരം, കുടയാൽ വിഷ്ണുഭവൻ തുരുത്തിമൂല പുത്തൻവീട്ടിൽ വിഷ്ണുകുമാർ (30), നാഗർകോവിൽ തലക്കുടി വടക്ക് പല്ലത്തേരിൽ ആർ.പി. തെസി (32) , സുനിൽ , കോട്ടയം രാജൻ ഭവനിൽ നിശാന്ത് (30),സാംസൺ (50), തൊടുപുഴ സ്വദേശി വിജയൻ (45), കോട്ടയം വിനോദ് ഭവനത്തിൽ വിനോദ് (38), അർജുനൻ (36), അരൂർ സ്വദേശി ഷിനി (36), തമിഴ്നാട് വെള്ളച്ചിപ്പാറ മൈലാടുംപാറയിൽ പ്രിൻസ് (40), മൂലമറ്റം രാജൻ ഭവനിൽ ആൻ മേരി(10), കൊല്ലം ഏരൂർ എം.എസ്. ഭവനിൽ വി. മനോജ് (44), ചെങ്കോട്ട എസ്.കെ.ടി നഗർ രാജപ്പൻ (47), കന്യാകുമാരി പ്ലാവൻ വില്ലയിൽ രവി (85), മധുകുമാർ (39) ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി രാജപ്പൻ എന്നിവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി.

നിസ്സാര പരിക്കേറ്റ 11പേർ പ്രഥമ ശുശ്രൂഷക്കുശേഷം ആശുപത്രിവിട്ടു. ചിതറിത്തെറിച്ച വാഴക്കുലകളും മറ്റ് സാധനങ്ങളും നീക്കംചെയ്ത് അഗ്നിരക്ഷസേന ശനിയാഴ്ച രാവിലെയാണ് റോഡ് വൃത്തിയാക്കി ഗതാഗതയോഗ്യമാക്കിയത്. 

Tags:    
News Summary - MC Road as a dangerous road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.