റാന്നി: വിള ഇൻഷുറൻസ് തുക വാങ്ങി നൽകിയില്ലെന്ന പരാതിയില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ 50,000 രൂപ നഷ്ടപരിഹാരം നൽകാന്‍ ജില്ല ഉപഭോക്തൃ കോടതി വിധിച്ചു. പ്രമാടം കൃഷി ഓഫിസര്‍, ഇളകൊള്ളൂര്‍ കൃഷി അസി.ഡയറക്ടര്‍, പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍,അസി.കൃഷി ഡയറക്ടര്‍ എന്നിവരെ പ്രതികളാക്കി പത്തനംതിട്ട വി.കോട്ടയം ഇളപ്പുപാറയിൽ ഉദയൻകോട്ടു പുത്തൻപുരയിൽ ജി. മനോജ്‌കുമാർ ഫയൽചെയ്‌ത ഹരജിയിലാണ് പത്തനംതിട്ട ഉപഭോക്ത്യ തർക്ക പരിഹാര കമീഷൻ വിധിച്ചത്.പ്രമാടം പഞ്ചായത്തിലെ യുവകർഷകനായ മനോജ് സ്ഥലം വാടകക്ക് എടുത്ത് 580 മൂട് ഏത്തവാഴ കൃഷി വി.കോട്ടയം വില്ലേജിൽ നടത്തിയിരുന്നു.
2020 മെയ് മാസം ഈ ഏത്തവാഴകളെല്ലാം സ്റ്റേറ്റ് ക്രോപ് ഇന്‍ഷുറന്‍സില്‍ ഇൻഷുർ ചെയ്തിരുന്നു. ഏത്തവാഴകളെല്ലാം 2020 ഒക്ടോബറിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ നശിച്ചു. ഇതോടെ മനോജ് സാമ്പത്തികമായി ബുദ്ധിമുട്ടിലാകുകയും കൃഷിനാശം സംഭവിച്ച വിവരം കാണിച്ച് അന്ന് പ്രമാടം കൃഷി ഓഫിസറായിരുന്ന ആൻസി എം. സലീമിൻ്റെ ഓഫിസിൽ അപേക്ഷ കൊടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കൃഷി ഓഫിസറും അസി. കൃഷി ഓഫിസറും സ്ഥലം സന്ദർശിക്കുകയും ഫോട്ടോകൾ എടുക്കുകയും റിപ്പോർട്ടുകൾ തയാറാക്കുകയും ചെയ്തു. എന്നാൽ ഇതിനുശേഷം മാസങ്ങൾ കഴിഞ്ഞിട്ടും വിള ഇൻഷുറൻസിന്റെ നഷ്‌ടപരിഹാര തുക ലഭിക്കാതെ വന്നതോടെപ്രിൻസിപ്പൽ കൃഷി ഓഫിസറടക്കം എല്ലാ ഓഫിസിലും പരാതി കൊടുത്തു.
കൃഷി ഓഫിസറുടെ ഓഫിസിൽ പോയി വീണ്ടും അന്വേഷിച്ചപ്പോൾ അപേക്ഷ നഷ്ടപ്പെട്ടുപോയെന്നും പ്രകൃതി ദുരന്തത്തിന്റെ പട്ടികയിൽപ്പെടുത്തി ഇൻഷുറൻസ് തുക വാങ്ങി നൽകാമെന്നും ഉറപ്പുനല്‍കി. 2021-ൽ വീണ്ടും അപേക്ഷ വാങ്ങിക്കുകയും ചെയ്തു. എന്നിട്ടും വിള ഇൻഷുറൻസ് തുക ലഭിക്കാതെ വന്നതോടെയാണ് മനോജ് പരാതി ഫയൽ ചെയ്‌തത്.
ഇരുകക്ഷികളും ഹാജരാക്കിയ തെളിവുകളുടെയും വിസ്താരത്തിന്റെയും അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് സംഭവിച്ച തെന്ന് കമീഷന് ബോധ്യപ്പെട്ടു. സേവനത്തിലെ പോരായ്മ മൂലം അന്ന് പ്രമാടം കൃഷി ഓഫിസറും ഇപ്പോൾ അസി. ഡയറക്‌ടറുമായ ആൻസി എം. സലീം 30,000 രൂപയും പ്രിൻസിപ്പൽ കൃഷി ഓഫിസർ അടക്കം മറ്റുള്ളവര്‍ 10,000 രൂപയും നഷ്ടപരിഹാരവും എല്ലാവരും ചേർന്ന് 10,000 രൂപ കോടതി ചിലവും ഉൾപ്പടെ 50,000 രൂപ മനോജിന് നല്‍കാന്‍ കമീഷന്‍ വിധി പ്രസ്‌താവിക്കുകയായിരുന്നു.
പ്രമാടം കൃഷി ഓഫിസറുടെ ക്യത്യ വിലോപം ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും ഹരജിക്കാരനെ സഹായിക്കാതെ കൃഷി ഓഫിസറായ ആൻസി എം. സലീമിനെ സംരക്ഷിക്കുന്നതിനുള്ള നിലപാട് സ്വീകരിച്ചതിനാലാണ് ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ അടക്കമുള്ളവർക്ക് നഷ്ടപരിഹാരവും കോടതി ചെലവും കൊടുക്കേണ്ടിവന്നതെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. കൂടാതെ പ്രതികൾ എല്ലാവരും കൂടി ചേർന്ന് ഹരജിക്കാരന് ഇൻഷുറൻസ് തുക ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കമീഷൻ ഉത്തരവിട്ടു. കമീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്താവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.