മല്ലപ്പള്ളി: കോവിഡ് കാലത്തിനുശേഷം ബസ് സർവിസുകൾ പലതും നിലച്ചതോടെ തിരുവല്ല-റാന്നി റൂട്ടില്‍ കൊറ്റനാട് യാത്ര ദുരിതം. രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യ ബസുകളും സർവിസ് നിര്‍ത്തിയതോടെയാണ് ദുരിതം ഏറിയത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നതോടെ കൂടുതൽ ദുരിതത്തിലായിരിക്കുന്നത് വിദ്യാര്‍ഥികളാണ്. തിരുവല്ലയില്‍നിന്ന് വെണ്ണിക്കുളം, വാളക്കുഴി, തീയാടിക്കല്‍, വൃന്ദാവനം, കണ്ടംപേരൂര്‍ വഴിയുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് കോവിഡ് കാലത്തിനുശേഷം പുനരാരംഭിച്ചില്ല. രാത്രി 9.30ന് തിരുവല്ലയില്‍നിന്ന് പുറപ്പെട്ട് വാളക്കുഴി വഴി എഴുമറ്റൂരിലെത്തി സ്റ്റേ ചെയ്തിരുന്ന സര്‍വിസായിരുന്നിത്. പുലര്‍ച്ച തിരുവല്ലയിലേക്കുള്ള യാത്രക്കാര്‍ക്ക് ഈ ബസ് ഏറെ സൗകര്യപ്രദമായിരുന്നു.
വൈകീട്ടത്തെ ട്രിപ്പും യാത്രക്കാര്‍ ഏറെ പ്രയോജനപ്പെട്ടിരുന്നു. തിരുവല്ലയില്‍നിന്ന് തന്നെ വെണ്ണിക്കുളം, വാളക്കുഴി, വെള്ളയില്‍, വൃന്ദാവനം വഴി റാന്നിയിലേക്കുണ്ടായിരുന്ന മറ്റൊരു കെ.എസ്.ആര്‍.ടി.സി ബസും നിര്‍ത്തിവെച്ചിരിക്കുകയാണ്.
രാത്രി ഏഴിനുശേഷം റാന്നിയില്‍ നിന്നുണ്ടായിരുന്ന ഏക സര്‍വിസുമായിരുന്നു ഇത്. തിരുവല്ല റൂട്ടിലെ സ്വകാര്യബസുകള്‍ നല്ലൊരു പങ്കും സര്‍വിസ് അവസാനിപ്പിച്ചിരിക്കുകയാണ്.
വൃന്ദാവനം, കണ്ടംപേരൂര്‍ ഭാഗങ്ങളില്‍നിന്നു മല്ലപ്പള്ളി വഴി ചങ്ങനാശ്ശേരി, കോട്ടയം റൂട്ടുകളിലുണ്ടായിരുന്ന സ്വകാര്യബസുകളും കൃത്യമായി സര്‍വിസ് നടത്തുന്നില്ല. പല ബസുകളുടെയും ആദ്യ ട്രിപ് ഭാഗികമായി മാത്രമേ സര്‍വിസ് നടത്തുന്നുള്ളൂ. വൈകുന്നേരങ്ങളിലെ ട്രിപ്പും പാതിവഴിയില്‍ അവസാനിപ്പിക്കുകയാണ്. അധികൃതരുടെ ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്നാണ്
നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.