പത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ വലിയ മെത്രാപ്പോലീത്ത സ്ഥാനം നല്‍കി ആദരിച്ച കുര്യാക്കോസ് മാര്‍ ക്ലീമിസിനെ ഞായറാഴ്ച തുമ്പമണ്‍ ഭദ്രാസനം ആദരിക്കും. 14 വര്‍ഷം തുമ്പമണ്‍ ഭദ്രാസനാധിപനായി സേവനം ചെയ്ത മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത കഴിഞ്ഞ ഓഗസ്റ്റില്‍ സ്ഥാനത്യാഗം ചെയ്തിരുന്നു. സെപ്റ്റംബര്‍ 27നാണ് സഭ അദ്ദേഹത്തെ വലിയ മെത്രാപ്പോലീത്തയായി പ്രഖ്യാപിച്ചത്.
1939 ജൂലൈ 26ന് കോയിപ്രം നെല്ലിക്കല്‍ വടക്കേല്‍ പെരുമേത്തുമണ്ണില്‍ പി.കെ. മത്തായി - ശോശാമ്മ ദമ്പതികളുടെ മകനായാണ് ജനനം.പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കോട്ടയം എംഡി സെമിനാരിയില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി .
1957 മേയ് 13 ന് ശെമ്മാശപട്ടവും 1965 മാര്‍ച്ച് 15 ന് വഞ്ചിത്ര മാര്‍ ബസഹാനനിയ പള്ളിയില്‍ ദാനിയേല്‍ മാര്‍ പീലക്സിനോസ് വൈദികപട്ടവും സ്വീകരിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് സ്‌കൂളിലും കോളജിലും അധ്യാപകനായിരുന്നു. 1989 ല്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം മെത്രാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതിനേ തുടര്‍ന്ന്
1990 മാര്‍ച്ച് 31 പരുമല സെമിനാരിയില്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവയില്‍ നിന്നു റമ്പാന്‍ പട്ടവും 1991 ഏപ്രില്‍ 30ന് ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവയില്‍ നിന്ന് കുര്യാക്കോസ് മാര്‍ ക്ലീമിസ് എന്ന പേരില്‍ മെത്രാപ്പോലീത്ത സ്ഥാനവും സ്വീകരിച്ചു. 1991 മുതല്‍ 2009 വരെ സുല്‍ത്താന്‍ ബത്തേരിയിലും 2009 മുതല്‍ 2023 ഓഗസ്റ്റ് വരെ തുമ്പമണ്‍ ഭദ്രാസനത്തിലും മെത്രാപ്പോലീത്തയായി സേവനം അനുഷ്ഠിച്ചു. സഭയുടെ വിവിധ ചുമതലകള്‍ ഇക്കാലയളവില്‍ നിര്‍വഹിച്ചു.
ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ ദേഹവിയോഗത്തേ തുടര്‍ന്ന് സഭയുടെ അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സില്‍ പ്രസിഡന്റായും മലങ്കര അസോസിയേഷന്റെ അധ്യക്ഷനായും പ്രവര്‍ത്തിച്ചു. ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ ബാവയെ മലങ്കര മെത്രാപ്പോലീത്ത സ്ഥാനത്തും പൗരസ്ത്യ കാതോലിക്കയുമായി അവരോധിക്കുന്നതില്‍ മുഖ്യകാര്‍മികത്വം വഹിച്ചതും കുര്യാക്കോസ് മാര്‍ ക്ലീമിസാണ്.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കൈപ്പട്ടൂര്‍ സെന്റ് ഗ്രീഗോറിയോസ് സ്‌കൂള്‍ അങ്കണത്തില്‍ നിന്ന് സമ്മേളന നഗറായ കൈപ്പട്ടൂര്‍ സെന്റ് ഇഗ്നേഷ്യസ് പാരിഷ് ഹാളിലേക്ക് സ്വീകരണ ഘോഷയാത്ര നടക്കും. തുടര്‍ന്നു നടക്കുന്ന സമ്മേളനം ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. തുമ്പമണ്‍ ഭദ്രാസനാധിപന്‍ ഡോ.ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. മന്ത്രി വീണാ ജോര്‍ജ് മുഖ്യസന്ദേശം നല്‍കും.
പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത, ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത, സഭ വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, ആന്റോ ആന്റണി എംപി, കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.