പത്തനംതിട്ട: കൊല്ലം ജില്ലയുടെ ഭാഗമായിരുന്ന പത്തനംതിട്ടക്ക് ആശ്രാമം മൈതാനിയിൽ അത്രക്ക് ശോഭിക്കാനായില്ല. കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവസാനത്തേതിൽനിന്ന് രണ്ടാമതാണ് ജില്ലയുടെ സ്ഥാനം. 774 പോയന്റുമായി 13ാം സ്ഥാനത്ത്! തൊട്ടുതാഴെ 730 പോയിന്റുമായി അയൽക്കാരായ ഇടുക്കിയാണ്. ആതിഥേയരായ കൊല്ലം 912 പോയിന്റുമായി ആറാം സ്ഥാനത്താണ്. കിടങ്ങന്നൂർ എസ്.വി.ജി.വി.എച്ച്.എസ്.എസ്, കോന്നി ഐരവൺ പി.എസ്.വി.പി.എം സ്കൂൾ തുടങ്ങി ഒറ്റപ്പെട്ട വിദ്യാലയങ്ങളാണ് ജില്ലക്ക് അൽപ്പമെങ്കിലും ആശ്വാസം പകരുന്നത്. പതിനൊന്ന് ഉപജില്ലകളിലായി എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ജില്ലയിൽ 333 സ്കൂളുകളുണ്ട്.
എന്നാൽ, 80 സ്കൂളുകളാണ് സംസ്ഥാന സ്കൂൾ മേളയിൽ ജില്ലയെ പ്രതിനിധീകരിച്ചത്. ജില്ലയിൽനിന്ന് 664 വിദ്യാർഥികൾ സംസ്ഥാന മേളയിലെത്തി. ജില്ലയിൽ കലാ താൽപര്യമുള്ള കുട്ടികളുടെ എണ്ണം കുറയുന്നതിന്റെ സൂചനയാണ് മത്സരാർഥികളുടെ എണ്ണത്തിലുണ്ടായ കുറവെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പരിശീലനം, ഉപകരണങ്ങൾ, വേദികളിലേക്കുള്ള വസ്ത്രങ്ങൾ, മേളക്കായി ഒരുക്കുക തുടങ്ങിയവക്ക് വരുന്ന വലിയ സാമ്പത്തിക ചെലവാണ് കുടുംബങ്ങളെ ഇതിൽനിന്ന് അകറ്റുന്നത്. മൈലപ്രയിൽനടന്ന ജില്ല സ്കൂൾ കലോത്സവത്തിൽ കഥകളിയും കുച്ചിപ്പുടിയും ഭരതനാട്യവും തുടങ്ങിയ കലാരൂപങ്ങളിൽ മത്സരാർഥികളുടെ എണ്ണം വളരെ കുറവായിരുന്നു. യുനസ്കോയുടെ പൈതൃകപ്പട്ടികയിൽ ഇടം നേടിയ കലാരൂപമായ കൂടിയാട്ടത്തിൽ അന്ന് ഒരു ടീം മാത്രമാണ് മത്സരിക്കാനുണ്ടായിരുന്നത്.
ചാക്യാരുടെ ആക്ഷേപഹാസ്യത്തിന്റെ ചാട്ടവാറടിയേൽക്കാത്ത ഒരാൾ പോലും മുമ്പുണ്ടായിരുന്നില്ല. സാമൂഹ്യ വിമർശനം മുഖ്യമാക്കിയ കൂത്തിൽ ഒരാൾ മാത്രമായിരുന്നു മത്സരാർഥി. ഇതുതന്നെയാണ് നങ്ങ്യാർ കൂത്തിന്റെയും സ്ഥിതി. ക്ലാർനെറ്റ് / ബ്യൂഗിൾ ഇനത്തിൽ ജില്ലയിൽ ആരും മത്സരിക്കാൻ എത്താത്തതിനാൽ സംസ്ഥാന തലത്തിലേക്കും പ്രതിനിധികളില്ല. ഹയർസെക്കൻഡറിയിൽ ആൺകുട്ടികളുടെ കഥകളിയിലും ഇപ്രാവശ്യം സംസ്ഥാനതലത്തിലേക്ക് ആരും എത്തിയില്ല. വീണ, യക്ഷഗാനം എന്നീ ഇനങ്ങളും വട്ടപ്പൂജ്യമായി. കേരളനടനം, കഥകളി ഗ്രൂപ്പ്, പഞ്ചവാദ്യം, ചാക്യാർകൂത്ത്, കൂടിയാട്ടം, യക്ഷഗാനം, വൃന്ദവാദ്യം, പെൺകുട്ടികളുടെ മിമിക്രി, കന്നഡ പ്രസംഗം തുടങ്ങിയ ഇനങ്ങളിലും ജില്ല വളരെ പിന്നിലാണ്. കായിക മേഖലയിലും കലാമേഖലയിലും ഏറെ പിന്നിലായ മലയോര ജില്ലക്ക് ബഹുദൂരം മുന്നേറാനുണ്ട്. തദ്ദേശ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും സ്കൂളുകളും കൃത്യമായ ഇടപെടൽ നടത്തിയാൽ മാത്രമേ അത് സാധ്യമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.