വേളമുരുപ്പ് കുന്ന് സംരക്ഷണ സമിതിയുടെ ജനകീയ പ്രതിരോധ ജ്വാലയിൽ നാട്ടുകാർ അണിനിരന്നപ്പോൾ
പത്തനംതിട്ട: ഏഴംകുളം പഞ്ചായത്ത് തൊടുവക്കാട് വാർഡിലെ തേപ്പുപാറ വേളമുരുപ്പ് സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് സ്വാതന്ത്ര്യ ദിനത്തിൽ തൊടുവക്കാട് വാർഡ് കുന്ന് സംരക്ഷണ സമിതി ജനകീയ പ്രതിരോധ ജ്വാല സൃഷ്ടിച്ചു. ഏഴംകുളം ഏനാദിമംഗലം പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന കുന്നായ വേളമുരുപ്പിന്‍റെ തേപ്പുപാറ തോട്ടമുക്കിലുള്ള എട്ട് ഏക്കർ സ്ഥലം ഇടിച്ച് മണ്ണ് കടത്താനുള്ള നീക്കം തടയണം എന്നാവശ്യപ്പെട്ടാണ് പ്രതിരോധം തീർത്തത്.
തേപ്പുപാറ തോട്ടമുക്കിൽ സംഘടിപ്പിച്ച പ്രതിഷേധം ഏഴംകുളം പഞ്ചായത്ത് പ്രസിഡന്‍റ് ഇ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. തൊടുവക്കാട് വാർഡ് കുന്ന് സംരക്ഷണ സമിതി ചെയർമാൻ വിജയൻ നായർ അധ്യക്ഷനായി. വിജു രാധാകൃഷ്ണൻ, അഡ്വ. ബിജു ജോൺ, രജീഷ്, റെജി വി.പി, ജോണിക്കുട്ടി, ശമുവേൽ വീരപ്പള്ളി, ബാബു കോടത്തയ്യത്ത് എന്നിവർ സംസാരിച്ചു.
വേളമുരുപ്പ് ഇടിച്ച് നിരത്താനുള്ള നീക്കം തടയണം എന്നാവശ്യപ്പെട്ട് ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ തേപ്പുപാറ നിവാസികൾ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിൽ മുഖ്യമന്ത്രിയുടെ ഓഫിസ് അന്വേഷണം നടത്തിയിരുന്നു. ഏനാദിമംഗലം വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കി നൽകി.
ഏനാദിമംഗലം വില്ലേജിൽ തേപ്പുപാറ തോട്ടമുക്കിലുള്ള എട്ട് ഏക്കറിലധികം വരുന്ന ഭാഗത്തെ കുന്നിടിച്ച് മണ്ണ് കടത്താനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. കായംകുളത്തുള്ള ചിലർ ഇതിനായി ജനങ്ങളെ സമീപിക്കുകയുണ്ടായി. 2023ൽ വേളമുരുപ്പ് ഇടിച്ചുനിരത്താനുള്ള നീക്കത്തിനെതിരെ വലിയ പ്രതിഷേധം ജനങ്ങൾ തീർത്തിരുന്നു. തൊടുവക്കാട് വാർഡിൽ കുന്ന് സംരക്ഷണ സമിതി രൂപവത്കരിച്ച് വലിയ സമരപരമ്പരകൾക്ക് നേതൃത്വം നൽകിയിരുന്നു. അന്നത്തെ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നൽകിയ പരാതിയെ തുടർന്ന് കുന്നുകൾ ഇടിക്കാൻ സാധിച്ചിരുന്നില്ല.
ജില്ല ദുരന്ത നിവാരണ വകുപ്പ് എല്ലാവർഷവും ഉരുൾപൊട്ടൽ സാധ്യതാപ്രദേശമായി പ്രഖ്യാപിക്കുന്ന മേഖലയാണ് ഇവിടം. ഏഴംകുളം ഗ്രാമപഞ്ചായത്ത് 2025 സെപ്റ്റംബർ മാസം തൊടുവക്കാട് വാർഡിൽ സ്പെഷ്യൽ ഗ്രാമസഭ യോഗം ചേർന്ന് തേപ്പുപാറയിലെ കുന്നുകൾ സംരക്ഷിക്കണം എന്ന പ്രമേയവും പാസാക്കിയിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമീഷനും തേപ്പുപാറയിലെ കുന്നുകൾ ഇടിക്കുന്നതിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.