മ​ണി​യാ​ർ ഡാം

കേ​ര​ളം വി​യ​ർ​ക്കു​മ്പോ​ൾ ജ​ല​വൈ​ദ്യു​തി സ്വ​കാ​ര്യ ക​മ്പ​നി​ക്ക്; മ​ണി​യാ​ർ ഉ​യ​ർ​ത്തു​ന്ന​ത് നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ

പത്തനംതിട്ട: മണിയാർ ഡാം കെ.എസ്.ഇ.ബി ഏറ്റെടുക്കാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിൻമാറിയതോടെ ഇതുസംബന്ധിച്ച് പല ചോദ്യങ്ങളും ഉയരുന്നു. മന്ത്രിമാർ തമ്മിൽ ഇക്കാര്യത്തിൽ തർക്കം ഉടലെടുത്തതോടെയാണ് ഏറ്റെടുക്കൽ പല തരത്തിലുള്ള ആരോപണങ്ങളിലേക്ക് വഴിവെക്കുന്നത്. ഏറ്റെടുക്കാതിരിക്കുന്നതിനു പിന്നിൽ ചില സംഘടനകൾ അഴിമതിയുണ്ടെന്ന് ആരോപിക്കുന്നു.

കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ ജലവൈദ്യുതി പദ്ധതിയാണ് മണിയാർ. മന്ത്രിസഭയുടെ അവസാന യോഗത്തിൽ വ്യവസായ മന്ത്രി പി. രാജീവ് എതിർത്തതോടെയാണ് ബലം പ്രയോഗിച്ചുള്ള ഏറ്റെടുക്കലിൽ നിന്ന് സർക്കാർ പിൻമാറുന്നത്. സ്വകാര്യ വ്യവസായ സ്ഥാപനമായ കാർബോറാണ്ടം കമ്പനി തങ്ങളുടെ വൈദ്യുതി ആവശ്യങ്ങൾക്കായി നിർമിച്ചതാണ് ഈ ജലവൈദ്യുതി പദ്ധതി. 12 മെഗാവാട്ടാണ് ഇതിന്‍റെ ഉൽപാദനശേഷി. കമ്പനിയുടെ കൊച്ചിയിലുള്ള ഫാക്ടറിയിലേക്ക് കെ.എസ്.ഇ.ബിയുടെ ലൈനിലൂടെയാണ് വൈദ്യുതി കൊണ്ടുപോകുന്നത്. 30 വർഷത്തെ കരാറോടെയാണ് പദ്ധതി തുടങ്ങിയത്. മുരുഗപ്പാ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനി 30 വർഷം വൈദ്യുതി എടുത്തശേഷം പദ്ധതി കെ.എസ്.ഇ.ബിക്ക് കൈമാറണമെന്നാതായിരുന്നു വ്യവസ്ഥ. 2024 ഡിസംബറിൽ കാലാവധി പൂർത്തിയായി. എന്നാൽ, വീണ്ടും 25 വർഷത്തേക്കുകൂടി നീട്ടിനൽകണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നു. പ്രളയകാലത്ത് കോടികൾ മുടക്കി കമ്പനി അറ്റകുറ്റപ്പണികൾ നടത്തി എന്നതാണ് കരാർ നീട്ടാനായി ഇവർ ഉന്നയിക്കുന്ന വാദം. ഈ ആവശ്യം കെ.എസ്.ഇ.ബി തള്ളിയതോടെയാണ് ഏറ്റെടുക്കലിനായി സർക്കാർ നടപടി തുടങ്ങിയത്. ഏറ്റെടുക്കാനെത്തിയവരെ കമ്പനി ജീവനക്കാർ തടഞ്ഞതോടെ പൊലീസ് സഹായത്തോടെ ഏറ്റെടുക്കാനുള്ള നീക്കം കെ.എസ്.ഇ.ബി ആരംഭിക്കുകയായിരുന്നു. എന്നാൽ, വ്യവസായ മന്ത്രിക്ക് ഇക്കാര്യത്തിൽ യോജിപ്പില്ല. കരാർ നീട്ടിനൽകുന്നതു സംബന്ധിച്ച് പഠിക്കാൻ ഗവൺമെന്‍റ് നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ലഭിച്ചിട്ടു മതി ഏറ്റെടുക്കൽ എന്നായിരുന്നു മന്ത്രി രാജീവിന്‍റെ നിലപാട്. ഇത് വൈദ്യുതി മന്ത്രി എതിർത്തതോടെ തർക്കമായി. ഒടുവിൽ നടപടി തൽക്കാലം നിർത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഈ തീരുമാനം, സംസ്ഥാനം ഇതുവരെ കാണാത്ത ചൂടിൽ അമർന്നിരിക്കുന്ന കാലത്തായതാണ് പല ചോദ്യങ്ങളും ഉയരാൻ കാരണം. കേരളത്തിന്‍റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ചെറിയതോതിലെങ്കിലും ഉതകുന്ന വൈദ്യുതി സ്വകാര്യ കമ്പനി കാലാവധി കഴിഞ്ഞും കൊണ്ടുപോകുന്നത് അഴിമതിയാണെന്നാണ് കോൺഗ്രസ് അനുകൂല സംഘടനകൾ ആരോപിക്കുന്നത്.

സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതിക്ഷാമവും തുടർച്ചയായ കറണ്ട് കട്ടും ജനജീവിതം ദുരിതത്തിലാഴ്ത്തിക്കൊണ്ടിരിക്കെ, കാലാവധി കഴിഞ്ഞിട്ടും മണിയാർ ജലവൈദ്യുതി പദ്ധതി കേരള സംസ്ഥാന വൈദ്യുതി ബോർഡിന് കൈമാറാതെ നീട്ടിക്കൊണ്ടുപോകുന്നത് ഗുരുതരമായ ഭരണപരമായ വീഴ്ചയും അഴിമതിയുടെ ഗന്ധമുള്ള നടപടിയുമാണെന്ന് ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ല പ്രസിഡന്റ് നഹാസ് പത്തനംതിട്ട ആരോപിച്ചു. സർക്കാർതന്നെ ആദ്യം പദ്ധതി കെ.എസ്.ഇ.ബി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകുകയും പിന്നീട് വ്യവസായ വകുപ്പ് മറുനിലപാട് സ്വീകരിക്കുകയും ചെയ്തത് വലിയ സംശയങ്ങൾക്ക് ഇടയാക്കുന്നതാണ്. ഇത് സാധാരണ ഭരണപരമായ പിഴവല്ല, കാർബോറണ്ടം യൂനിവേഴ്സൽ കമ്പനിക്ക് അനുകൂലമായി ചിലർ പണം വാങ്ങി ഇടപെട്ടിട്ടുണ്ടോ എന്ന സംശയംപോലും ജനങ്ങൾക്കിടയിൽ ഉയരുന്നുണ്ടെന്ന് നഹാസ് വ്യക്തമാക്കി. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ നിരവധി നേതാക്കൾ പദ്ധതി ഉടൻ കെ.എസ്.ഇ.ബി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സർക്കാർ മൗനം പാലിക്കുന്നത് സംശയാസ്പദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Hydroelectric power for private company while Kerala swelters; Maniyar raises several questions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.