പത്തനംതിട്ട: സ്വകാര്യ ബസുകൾക്ക് പിന്നാലെ സ്കൂൾ ബസുകളെയും പ്രതിസന്ധിയിലാക്കി കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശനി സ്ത്രീ സൗജന്യ യാത്ര പദ്ധതി. എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളുടെ ബസിൽ യാത്ര ചെയ്തിരുന്ന പെൺകുട്ടികൾ കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്രക്ക് അവസരമൊരുങ്ങിയതോടെ യാത്ര കെ.എസ്.ആർ.ടി.സിയിലേക്ക് മാറ്റുകയാണ്. ഇതു മൂലം സ്കൂൾ ബസുകൾക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. പല സ്കൂളുടെയും ബസുകളിൽ സീറ്റ് ഒഴിഞ്ഞ് കിടക്കുന്ന സാഹചര്യമാണ്.
സ്കൂൾ സമയങ്ങളിൽ ആവശ്യത്തിന് കെ.എസ്.ആർ.ടി.സി സർവീസുള്ള പ്രധാനറൂട്ടുകളിൽ മാത്രമല്ല, ഗ്രാമീണ റൂട്ടുകളിലും സ്കൂൾ ബസുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. 20 ശതമാനം വരെ കുട്ടികൾ സ്കൂൾ ബസിലെ യാത്ര ഒഴിവാക്കിയിട്ടുണ്ട്. മൂന്ന് കിലോമീറ്റർ പരിധിയിൽ കുറഞ്ഞത് 1500 രൂപയാണ് പ്രതിമാസം സ്കൂൾ ബസുകളിൽ ഈടാക്കുന്നത്. കുട്ടികളിൽനിന്ന് ലഭിക്കുന്ന ഫീസ് കൊണ്ടാണ് ഡ്രൈവർക്ക് ശമ്പളം നൽകുന്നതും ഇന്ധനം അടിക്കുന്നതും. കൂടാതെ ഇടക്കിടെ ഉണ്ടാകുന്ന അറ്റകുറ്റപണിക്കും ചെലവ് കണ്ടെത്തണം. വായ്പ എടുത്തും പിരിവെടുത്തും മറ്റുമാണ് പലയിടത്തും സ്കൂളുകൾ ബസുകൾ വാങ്ങിയിട്ടുള്ളത്.
കുട്ടികൾ തീരെ കുറവുള്ള സിംഗിൾ മാനേജ്മെന്‍റ് സ്കൂളുകളിൽ അധ്യാപകരിൽ നിന്ന് പിരിവെടുത്തും മറ്റുമാണ് കാര്യങ്ങൾ മുന്നോട്ടുപോയിരുന്നത്. ഇതിനിടെയാണ് പുതിയ സാഹചര്യം മൂലം പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. രക്ഷിതാക്കളെ നിർബന്ധിച്ച് സ്കൂൾ ബസിൽ തന്നെ യാത്ര തുടരാൻ സ്കൂൾ അധികൃതർ നിർബന്ധിക്കുന്നുണ്ടെങ്കിലും വിലക്കയറ്റത്തിന്‍റെയും മറ്റും പശ്ചാത്തലത്തിൽ ലഭിക്കുന്ന സൗജന്യം എന്തിന് വേണ്ടെന്ന് വെക്കണമെന്ന ചിന്തയിലാണ് രക്ഷിതാക്കൾ.
ജില്ലയിൽ പ്രിയദർശനി സർവീസ് മൂലം സ്വകാര്യ ബസുകാർ വലിയ തകർച്ചയാണ് നേരിടുന്നത്. കെ.എസ്.ആർ.ടി.സി സർവീസ് ഇല്ലാത്ത ഭാഗങ്ങളിൽ നിന്ന് മാത്രമാണ് വരുമാനം ലഭിക്കുന്നത്. കെ.എസ്.ആർ.ടി.സി ബസിന്‍റെ സമയത്തിന് അനുസരിച്ച് സ്ത്രീകൾ യാത്ര ക്രമീകരിക്കുകയാണ്. മുമ്പ് കെ.എസ്.ആർ.ടി.സി ബസിന്‍റെ മുൻഭാഗത്ത് സ്ത്രീകൾക്ക് സംവരണം ചെയ്ത സീറ്റുകളിൽ മാത്രമാണ് സ്ത്രീ യാത്രക്കാരുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ പിൻഭാഗവും അവർ കയ്യടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.