ചുങ്കപ്പാറ: വേനൽച്ചൂട് അനുദിനം ഉയരുന്നതിനാൽ തീ പിടിത്ത ഭീഷണിയിൽ മലയോരമേഖല. കരിഞ്ഞുണങ്ങിയ റബർ തോട്ടങ്ങളും പാതയോരങ്ങളിലും മറ്റും ഉണങ്ങിയ ഇലകൾ കൂടി കിടക്കുന്നതും ആശങ്കക്ക് ഇടയാക്കുന്നു.
ജില്ല അതിർത്തിയിലെ മലയോര മേഖലകളായ വഞ്ചികപ്പാറ, തൊടുകമല, ആവോലി മല, കരുവള്ളിക്കാട്, നാഗപ്പാറ, മൈലാടുംപാറ, വലിയകാവ് വനാതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം തീപിടിത്ത സാധ്യത ഏറെയാണ്.
കഴിഞ്ഞ ദിവസം കോട്ടാങ്ങൽ പഞ്ചായത്തിലെ തൊടുകമലയിൽ തീ പിടിച്ചതിനെ തുടർന്ന് ഏക്കർകണക്കിന് സ്ഥലം കത്തിനശിച്ചിരുന്നു. റബർ, മരച്ചീനി, വാഴ തുടങ്ങിയ കൃഷികൾക്ക് നാശനഷ്ടം ഉണ്ടായി.
ഈ പ്രദേശങ്ങളിൽ കഴിഞ്ഞ വേനൽ കാലത്തും അഗ്നിബാധ ഉണ്ടായെങ്കിലും പ്രദേശവാസികളുടെ അവസരോചിത ഇടപെടലാണ് വലിയ നാശഷ്ടങ്ങൾ ഉണ്ടാക്കാതെ തടയിട്ടത്. മലയോര മേഖലകളിൽ സ്വാഭാവിക അഗ്നിബാധയും മറ്റിടങ്ങളിൽ കാർഷികാവശ്യത്തിന് നിലമൊരുക്കുമ്പോഴും, കരിയില കത്തിക്കുമ്പോഴും യാത്രക്കാർ പുകവലിച്ച ശേഷം അശ്രദ്ധമായി ഉപേക്ഷിക്കുന്ന അവശിഷ്ടങ്ങളിൽ നിന്നും സാമൂഹിക വിരുദ്ധരുടെ ‘തമാശ’കളുമാണ് തീ പിടിത്തം ഉണ്ടാകാൻ പലപ്പോഴും കാരണമാകുന്നത്. ഓരോ വർഷവും കാട്ടുതീ പടർന്ന് പിടിച്ച് ഏക്കർകണക്കിന് കൃഷിഭൂമിയാണ് കത്തി നശിക്കുന്നത്.
വേനൽ മഴ ലഭിക്കാൻ വൈകുന്നതും പ്രദേശവാസികളിൽ ആശങ്ക വർധിപ്പിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.