നഗരത്തിൽ നടപ്പാത കൈയേറ്റം വർധിക്കുന്നു ആരുമില്ലേ ചോദിക്കാൻ?
പത്തനംതിട്ട: നഗരത്തിൽ നടപ്പാത കൈയേറ്റം വർധിക്കുന്നു. ഇതോടെ കാൽനട യാത്രികർ റോഡിൽ ഇറങ്ങി സഞ്ചരിക്കേണ്ട അവസ്ഥയിലാണ്. നഗരത്തിലെ നടപ്പാതകൾ വാഹനങ്ങളും വ്യാപാരികളും കൈയേറിയ അവസ്ഥയിലാണ്. പ്രധാന റോഡുകളിൽ നടപ്പാതകൾ സമീപകാലത്ത് മോടി പിടിപ്പിച്ചിരുന്നു. എന്നാൽ, നടപ്പാതകളിലെ കൈയേറ്റം ഒഴിപ്പിക്കാനായില്ല.
വ്യാപാര സ്ഥാപനങ്ങൾ പലയിടത്തും നടപ്പാതകൾ കൈയേറിയിരിക്കുകയാണ്. റോഡിന് പൊതുവേ വീതി കുറഞ്ഞ ഭാഗങ്ങളിൽ ഇത് കാൽനടയാത്രക്കാർക്ക് കടുത്ത ഭീഷണിയാവുന്നുണ്ട്. ജനറൽ ആശുപത്രി, മസ്ജിദ് ജങ്ഷൻ , കെ.എസ്.ആർ.ടി.സി ഭാഗങ്ങളിൽ യാത്രക്കാർക്ക് നടക്കാനാകാത്ത സ്ഥിതിയുണ്ട്. തട്ടുകടകൾ, ഹോട്ടലുകൾ, ചിപ്സ് സെന്ററുകൾ എന്നിവയുടെ മുമ്പിലൂടെയും നടക്കാൻ പറ്റില്ല. പല കടകളുടെയും പാചകശാല നടപ്പാതയിലാണ്. സാധനങ്ങൾ തൂക്കിയിട്ടിക്കുന്നത് ദേഹത്ത് തട്ടും. സെൻട്രൽ ജങ്ഷൻ ഭാഗങ്ങളിൽ വാഹനങ്ങളുടെ അലക്ഷ്യമായ പാർക്കിങ്ങും പ്രശ്നമാകുന്നുണ്ട്.
പാർക്കിങ് സ്ഥലം ഇല്ലാത്തതു കാരണം ഇരുചക്രവാഹനങ്ങൾ അടക്കം നടപ്പാതകളിലേക്ക് കയറ്റി പാർക്ക് ചെയ്യുന്നുണ്ട്. നിയന്ത്രണങ്ങളില്ലാതെ റോഡരികിൽ വാഹനങ്ങൾ നിർത്തിയിടുന്നത് വലിയ ഗതാഗതക്കുരുക്കിന് വഴിവെക്കുന്നു. കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി യാത്ര ചെയ്യുന്നതിനും അനധികൃത പാർക്കിങ് തടസ്സമാകുന്നുണ്ട്.
സെൻട്രൽ ജങ്ഷൻ ഭാഗത്ത് റോഡിന് തീരെ വീതി ഇല്ല. ഇവിടെ സദാസമയവും ഗതാഗതക്കുരുക്കാണ്. പോസ്റ്റ് ഓഫിസ് റോഡിലും ഇതേ അസ്ഥയാണ്. പൊലിസ് സ്റ്റേഷൻ റോഡിലൂടെയുള്ള കാൽനട യാത്രയും സാധ്യമല്ലാത്ത സ്ഥിതിയിലാണ്.
റോഡിന്റെ ഇരുവശങ്ങളിലുമുള്ള കൈയേറ്റങ്ങളും നടപ്പാതകളിലെ കച്ചവടങ്ങളും കാരണം കാൽനടയാത്ര ദുഷ്കരമാണ്. നഗരത്തിന്റെ പല ഭാഗങ്ങളും തട്ടുകടക്കാരുടെ കൈകകളിലാണ്. നഗരത്തിലെ തിരക്ക് ഒഴിയുന്നതിനു മുമ്പേ ഫുട്പാത്തുകൾ കൈയേറി തട്ടുകട വ്യാപാരം ആരംഭിക്കും. ഇതോടെ യാത്ര ഏറെ ബുദ്ധിമുട്ടാകും. സെൻട്രൽ ജങ്ഷൻ, പഴയ മുനിസിപ്പൽ ഓഫിസ്, മിനി സിവിൽ സ്റ്റേഷൻ ഭാഗങ്ങളിലൂടെ കാൽനടയാത്ര അപകടത്തിലാണ്. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ അടക്കം അടർന്നുവീഴാനും വൃക്ഷ ശിഖരങ്ങൾ ഒടിഞ്ഞുവീഴാനുമൊക്കെ സാധ്യതയുള്ള ഭാഗങ്ങളാണിവ.
ഫുട്പാത്തുകൾ നഗരത്തിൽ പലയിടത്തും കാണാനില്ലാത്ത അവസ്ഥയാണ്. കെ.എസ്.ആർ.ടി.സി ജങ്ഷൻ ഭാഗത്ത് റോഡിന് ആവശ്യത്തിന് വീതിയുണ്ടെങ്കിലും യാത്രക്കാർ ബുദ്ധിമുട്ടിലാണ്. ഒരു ഭാഗത്ത് വഴിയോര വ്യാപാരികൾ നിരന്നിരിക്കുകയാണ്. ഓട്ടോറിക്ഷ സ്റ്റാൻഡുകൾ അംഗീകൃതവും അനധികൃതവുമായി നിരവധിയുണ്ട്.
സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർക്ക് ഈ ഭാഗത്ത് നിർത്തി ആളെ ഇറക്കാൻ പോലും ഇടമില്ലാത്ത സ്ഥിതിയാണ്. നടപ്പാതയിൽ കയറ്റി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന കാഴ്ചയും പല സ്ഥലത്തും കാണാം. ഇതിനെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ് പൊലീസ്. എല്ലാം നഗരസഭയുടെ ഉത്തരവാദിത്തമാണെന്നാണ് പൊലീസ് നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.