പത്തനംതിട്ട: നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തെ നോക്കുകുത്തിയാക്കി നിർമിച്ച വ്യാപാര സമുച്ചയങ്ങളുടെ രേഖകൾ നശിപ്പിച്ചതായി വിവരാവകാശ കമീഷൻ സിറ്റിങ്ങിൽ സമ്മതിച്ച് പത്തനംതിട്ട നഗരസഭ. കണ്ണങ്കര ജങ്ഷനിലെ തോടിനു സമീപം വയൽ നികത്തി നിർമിച്ച കെട്ടിടം സംബന്ധിച്ച് കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തക നൽകിയ അപ്പീൽ പരിഗണിക്കവെയാണ് സുപ്രധാന വിവരം പുറത്തുവന്നത്. രേഖകൾ നശിപ്പിച്ച സംഭവത്തിൽ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ മറുപടി പറയേണ്ടി വരുമെന്ന് കമീഷൻ മുന്നറിയിപ്പ് നൽകി.
ഗുരുതര പിഴവാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് അവർ പറഞ്ഞു. വിവരാവകാശ നിയമപ്രകാരം എത്രയും വേഗം ആവശ്യപ്പെട്ട രേഖകൾ കൈമാറാനും കമീഷൻ നിർദേശം നൽകി. ഒക്ടോബർ 15ന് നടന്ന ഹിയറിങ്ങിൽ വിവരാവകാശ കമീഷണർ പി.ആർ. ശ്രീലതയാണ് വിഷയം പരിഗണിച്ചത്. പത്തനംതിട്ട നഗരസഭയെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തത് അസി. എൻജിനീയർ അനിതയാണ്. തനിക്ക് മുന്നേ ചുമതല വഹിച്ചവരാണ് രേഖകൾ നശിപ്പിച്ചതെന്നും തനിക്കതിൽ ഉത്തരവാദിത്തം ഇല്ലെന്നും അവർ വിശദീകരിച്ചു. നഗരസഭ കേന്ദ്രീകരിച്ച ഭൂ-കെട്ടിട മാഫിയയും ഉദ്യോഗസ്ഥരും ചേർന്ന് ഒത്തുകളിക്കുന്നതിനെ കമീഷൻ ശക്തമായി വിമർശിച്ചു. നഗരസഭ എൻജിനീയറിങ് വിഭാഗത്തിലാണ് വ്യാപകമായി രേഖകൾ നശിപ്പിക്കപ്പെട്ടത്. ഒരു വർഷം മുമ്പ് നൽകിയ വിവരാവകാശ അപേക്ഷയിൽ കെട്ടിടം സംബന്ധിച്ച റവന്യൂ രേഖകൾ കൈമാറിയപ്പോൾ അപ്പീൽ അധികാരിയായ നഗരസഭ സെക്രട്ടറി ഉൾപ്പെടെയുള്ളവർ എൻജിനീയറിങ് വിഭാഗത്തിന്റെ കൈവശമുള്ള രേഖകൾ കൈമാറുന്നതിൽ ഒളിച്ചുകളിച്ചു. കമീഷന്റെ നിർദേശവും അവഗണിച്ചതിനെ തുടർന്നാണ് സിറ്റിങ് നടന്നത്.
ഓഫിസ് മാറ്റിയതിനിടെ നഗരസഭയിലെ എൻജിനീയറിങ് വിഭാഗവുമായി ബന്ധപ്പെട്ട രേഖകൾക്ക് സ്ഥാനാന്തരം സംഭവിച്ചതായ സെക്രട്ടറി ഷെർള ബീഗത്തിന്റെ നിരുത്തരവാദപരമായ മറുപടിയെ കമീഷൻ ശക്തമായി വിമർശിച്ചു. ഫയൽ കണ്ടെത്തുന്ന മുറക്ക് രേഖകൾ നൽകാമെന്ന ഉറപ്പ് ഒരുവർഷം കഴിഞ്ഞിട്ടും പാലിക്കപ്പെടാത്തതിനാൽ കമീഷൻ അസംതൃപ്തി പ്രകടിപ്പിച്ചു. പത്തനംതിട്ട നഗരസഭയിലെ ഭൂ-കെട്ടിട-ഉദ്യോഗസ്ഥ മാഫിയ കൂട്ടുകെട്ടിൽ സെന്റ് പീറ്റേഴ്സ് ജങ്ഷനിലെ അനധികൃത വയൽ നികത്തലും പരാതിക്കാരൻ ഉന്നയിച്ചു. പരിസ്ഥിതി സംരക്ഷണത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പുലർത്തുന്ന അലംഭാവം ഭയപ്പെടുത്തുന്നതാണെന്ന് കമീഷൻ ഓർമിപ്പിച്ചു. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം അട്ടിമറിച്ച് നഗരസഭ പരിധിയിൽ നടന്ന കെട്ടിട നിർമാണങ്ങൾ സംബന്ധിച്ച് വിവാദങ്ങൾ തുടരുകയാണ്.
അനധികൃത കെട്ടിട നിർമാണങ്ങളുടെ രേഖകൾ നശിപ്പിക്കാൻ ഭൂമാഫിയയും കെട്ടിട നിർമാണ ലോബിയും വൻതുക ഒഴുക്കാറുണ്ട്. രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് ബിനാമി പേരുകളിൽ നഗരത്തിൽ കെട്ടിടങ്ങളുള്ളതായും ആരോപണം ഉയർന്നിരുന്നു. നഗരസഭയിലെ ചില ഉദ്യോഗസ്ഥർക്കും ഇതിൽ ഷെയറുണ്ട്. ഇതിനിടെ കണ്ണങ്കരയിലെ കെട്ടിട നിർമാണത്തിൽ നഗരസഭയിൽ വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.