പനിബാധിതരുടെ എണ്ണം കൂടുന്നു; സ്കൂളുകളിൽ ഹാജർ നില കുറഞ്ഞു
പത്തനംതിട്ട: ജില്ലയിൽ പനിബാധിതരുടെ എണ്ണം കൂടുന്നു. ആശുപത്രി ഒ.പികളിലെല്ലാം രോഗബാധിതരുടെ നീണ്ട നിരയാണ്. അവശനിലയിൽ എത്തുന്നവർ മണിക്കൂറുകൾ കാത്തുനിന്ന് വലയുന്നു. എല്ലായിടത്തും കിടക്കകളും നിറഞ്ഞുകഴിഞ്ഞു. സംസ്ഥാനത്ത് ഭീഷണി ഉയർത്തുന്ന മറ്റ് പകർച്ചവ്യാധികളൊന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് മാത്രമാണ് ആശ്വാസം. ചികിത്സ തേടി എത്തുന്നവരിൽ ഏറെ പേർക്കും വൈറൽ പനിയാണ്. കടുത്ത പനിയും വിറയലും, ശരീര വേദന, സന്ധിവേദന, തലവേദന, കണ്ണിൽ ചുവപ്പ്, തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ്, ക്ഷീണം എന്നിവയൊക്കെയാണ് ലക്ഷണങ്ങൾ. ഇതിനേക്കാളുപരി അവിടവിടെയായി റിപ്പോർട്ട് ചെയ്തിട്ടുള്ള ഡെങ്കിപ്പനിയും എലിപ്പനിയും കൂടുതൽ വ്യാപിക്കുമോ എന്നാണ് ആശങ്ക. പനി ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നവർക്ക് രക്തപരിശോധന നടത്തുന്നുണ്ട്.
കുട്ടികളിൽ വ്യാപകമായി പനി പടരുന്നതു കാരണം സ്കൂളുകളിൽ ഹാജർനില കുറഞ്ഞു. മഴക്കാലമായതോടെയാണ് രോഗങ്ങൾ പടികടന്നെത്തിയത്. പനി പടരുന്നതിനാൽ സ്കൂളിൽ പോകാതെ ഒട്ടേറെ കുട്ടികൾ അവധിയിലാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഒരു ദിവസം ചികിത്സക്കെത്തുന്ന പനിക്കാരുടെ എണ്ണം ശരാശരി 420 ആയി. മല്ലപ്പള്ളി, പത്തനംതിട്ട നഗരസഭ, പന്തളം തെക്കേക്കര, കുളനട, കോഴഞ്ചേരി, ഇലന്തൂർ, കാഞ്ഞീറ്റുകര, കടമ്പനാട്, മെഴുവേലി, കടമ്മനിട്ട എന്നിവിടങ്ങളിലായി 19 പേർക്ക് ഡെങ്കി ബാധിച്ചിട്ടുണ്ട്.
ഒാമല്ലൂർ, ചന്ദനപ്പള്ളി, ഏഴംകുളം, അടൂർ, പള്ളിക്കൽ എന്നിവിടങ്ങളിലായി നാലുപേർക്ക് ഡെങ്കിയും ചെന്നീർക്കര, കുറ്റപ്പുഴ, ചിറ്റാർ, റാന്നി എന്നിവിടങ്ങളിലായി നാലുപേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. റാന്നി അങ്ങാടി, വടശ്ശേരിക്കര, പന്തളം, കോട്ടാങ്ങൽ, റാന്നി പഴവങ്ങാടി എന്നിവിടങ്ങളിൽ അഞ്ച് പേർക്ക് ഡെങ്കിയും പ്രമാടം, കൂടൽ, പന്തളം തെക്കേക്കര, മല്ലപ്പള്ളി എന്നിവിടങ്ങളിലായി നാലുപേർക്ക് എലിപ്പനിയും ബാധിച്ചു. വള്ളിക്കോട്, പന്തളം എന്നിവിടങ്ങളിൽ രണ്ടുപേർക്ക് ഡെങ്കിയും ഇലന്തൂർ, കൂടൽ എന്നിവിടങ്ങളിൽ രണ്ടുപേർക്ക് എലിപ്പനിയും കണ്ടെത്തി.
ഏറത്ത് ഒരു ഡെങ്കിപ്പനിയും റാന്നി പെരുനാട്, ഇലന്തൂർ, തണ്ണിത്തോട്, പത്തനംതിട്ട നഗരസഭ എന്നിവിടങ്ങളിലായി നാല് എലിപ്പനിയും കണ്ടെത്തി. പന്തളം തെക്കേക്കര, ചെന്നീർക്കര എന്നിവിടങ്ങളിലായി രണ്ടുപേർക്ക് ഡെങ്കിപ്പനിയും കുറ്റൂർ, കോയിപ്രം എന്നിവിടങ്ങളിൽ രണ്ടുപേർക്ക് എലിപ്പനിയും ബാധിച്ചു. എല്ലാ മുൻകരുതലുകളുമായി പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആരോഗ്യ വകുപ്പ് സജ്ജമാണ്. എല്ലാ ആശുപത്രികളിലും മരുന്നുകളും ലഭ്യമാണ്. എന്നാൽ ഡോക്ടർമാരുടെ കുറവാണ് പല ആശുപത്രികളിലും പ്രശ്നമായിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.