കോന്നി: ജനവാസ മേഖലയിലിറങ്ങി നാശം വിതക്കുന്ന കാട്ടാനക്കൂട്ടത്തെ കാട് കയറ്റിവിട്ട് വനപാലകർ. കല്ലേലി, കൊക്കാത്തോട്, കുമ്മണ്ണൂർ ഭാഗങ്ങളിൽ ഇറങ്ങിയ ആനകളെയാണ് തുരത്തിയത്. ഇവയെ കാട് കയറ്റുന്നതിനിടെ എട്ടോളം വനപാലകർക്ക് നിസ്സാര പരിക്കേറ്റു. ഫോറസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ആർ. ദിൻഷ്, എം.സി. ജയരാജൻ, ബീറ്റ് ഓഫിസർമാരായ സി. സോജൻ ലാൽ, ഫായിസ്, വാച്ചർമാരായ ജോബിൻ, അനീഷ്, ബിജോയ്, മനു എന്നിവർക്കാണ് പരിക്കേറ്റത്.
വനത്തിൽ പകൽ നിലയുറപ്പിക്കുന്ന കാട്ടാനകൾ രാത്രി അച്ഛൻകോവിൽ നദി കടന്ന് കല്ലേലി ഭാഗത്തെ കൈതത്തോട്ടങ്ങളിലേക്ക് വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. നിരന്തരമായി ജനവാസ മേഖലയിലേക്ക് വരുന്ന കാട്ടാനകളെ ശാസ്ത്രീയമായി തിരിച്ചറിഞ്ഞ് കാട്ടിലേക്ക് കയറ്റിവിടുന്ന ശ്രമകരമായ ദൗത്യമാണ് വനപാലകർ നടത്തിയത്. ദൗത്യത്തിന്റെ ഭാഗമായി ആനയെ വനത്തിനുള്ളിൽവെച്ച് നദിക്ക് സമീപത്തായി കാണുകയും വനപാലകർ ആനയെ ഉൾക്കാട്ടിലേക്ക് കടത്തിവിടുകയും ചെയ്തു. കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തിരികെ കയറ്റുന്നതിനിടെ വനപാലക സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായി. എട്ടോളം വനപാലകർക്കാണ് നിസ്സാര പരിക്കേറ്റത്. ദിവസങ്ങൾക്കു മുമ്പ് കുളത്തുമൺ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനകളെയും ഇത്തരത്തിൽ വനത്തിലേക്ക് തുരത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.