പ്രതീകാത്മക ചിത്രം
റാന്നി: ബസ് മുടങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് കെ.എസ്.ആര്.ടി.സി മാനേജിങ് ഡയറക്ടർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഉപഭോക്തൃ കമീഷന്. വാറന്റ് കിട്ടിയതിന് പിന്നാലെ പ്രതിയായ മാനേജിങ് ഡയറക്ടർ 82,555 രൂപ ഹരജിക്കാരിക്ക് നൽകി.
പത്തനംതിട്ട ഏറത്ത് പ്രിയാ ഭവനിൽ പി. പ്രിയ പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമീഷനിൽ കെ.എസ്.ആര്.ടി.സി മാനേജിങ് ഡയറക്ടർക്കെതിരെ ഫയൽ ചെയ്ത് അന്യായത്തിലാണ് 82,555 രൂപ നൽകാൻ വിധിച്ചത്. വിധി പ്രകാരം ഹരജിക്കാരിക്ക് നഷ്ട പരിഹാരം കൊടുക്കാത്തതുകൊണ്ടാണ് പ്രതിക്കെതിരെ വിധി നടത്തിപ്പ് ഹരജി കമീഷനിൽ ഫയൽ ചെയ്തതും കമ്മീഷൻ പ്രതിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതും.
ചൂരക്കോട് എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയായ പ്രിയ മൈസൂരിലേക്ക് പോകാനായി കെ.എസ്.ആര്.ടി.സി സ്കാനിയ എ.സി ബസിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. മൈസൂരിൽ ഗൈഡുമായുളള അഭിമുഖത്തിനായിട്ടായിരുന്നു യാത്ര നിശ്ചയിച്ചത്.
ഇതിനായി 2018 ആഗസ്റ്റ് ഒന്ന് വൈകിട്ട് 8.30ന് കൊട്ടാരക്കര സ്റ്റാൻഡിൽ നിന്ന് കെ.എസ്.ആര്.ടി.സി സ്കാനിയ എ.സി ബസിൽ പോകുന്നതിനു വേണ്ടി 1003 രൂപ നൽകി സീറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്തു. നിശ്ചിത ദിവസം കൃത്യസമയത്ത് പ്രിയ കൊട്ടാരക്കര ബസ് സ്റ്റേഷനിൽ എത്തിയെങ്കിലും ബസ് എത്തിയില്ല. രാത്രി ഒമ്പതോടെ ബസ് റദ്ദാക്കിയ വിവരം കൊട്ടാരക്കര ഓഫീസിൽ നിന്നും ഇവരെ അറിയിച്ചു. പകരം ബസ് ഉണ്ടാകില്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. തുടർ അന്വേഷണത്തിൽ രാത്രി 11.15 ന് മൈസൂരിന് കായംകുളത്ത് നിന്നും ബസ് ഉണ്ടെന്ന് അറിയുകയും ഇവര്‍ ടാക്സിയിൽ അവിടെ എത്തുകയും ചെയ്തു.
തുടർന്ന് കായംകുളത്ത് നിന്നും കെ.എസ്.ആര്.ടി.സി ബസിൽ മൈസൂരിലേക്ക് തിരിച്ചു. എന്നാൽ പിറ്റേദിവസം രാവിലെ ഏട്ടിന് മൈസൂർ യൂണിവേഴ്സിറ്റിയിൽ റിപ്പോർട്ട് ചെയ്യേണ്ട പ്രിയ 11.30 നാണ് റിപ്പോർട്ട് ചെയ്തത്. ബസ് എത്തിച്ചേർന്നത് 11.15 നാണ്. ഇതോടെ ഗൈഡുമായുള്ള കൂടിക്കാഴ്ച മുടങ്ങി. ടിക്കറ്റിന്റെ ചാർജായ 1003 രൂപ റീഫണ്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിന് കെ.എസ്.ആര്.ടി.സി തയാറായില്ല. സർവിസിലെ അപര്യാപ്തത കാണിച്ചും നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് ഹരജി ഫയൽ ചെയ്തത്.
കെ.എസ്.ആര്.ടി.സി യുടെ ഭാഗത്ത് സേവന വീഴ്ച ഉണ്ടായതായി കമ്മീഷന് ബോദ്ധ്യപ്പെടുകയും 1003 രൂപ ടിക്കറ്റ് ചാർജ് റീഫണ്ടും നഷ്ടപരിഹാരവും കോടതി ചെലവും ഉൾപ്പടെ 82,555 രൂപ ഹരജിക്കാരിക്ക് കൊടുക്കാനും കമീഷൻ ഉത്തരവിട്ടു. ഉത്തരവ് കെ.എസ്.ആര്.ടി.സി
നടപ്പാക്കാത്തതുകൊണ്ട് എം.ഡിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കമ്മീഷൻ ഉത്തരവിട്ടു. തുടർന്നാണ് തുക നൽകിയത്.കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചുച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്ന് പ്രസ്താവിച്ച ഉത്തരവിൻ പ്രകാരമാണ് തുക കെട്ടിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.