പതിനെട്ടാംപടിക്ക് താഴെ ദർശനത്തിന് കാത്തുനിൽക്കുന്ന ഭക്തർ
ശബരിമല: സന്നിധാനത്തെ അക്കമഡേഷന്‍ ഓഫിസിലെ കമ്പ്യൂട്ടറുകള്‍ പണിമുടക്കിയതിനെ തുടർന്ന് തീർഥാടകര്‍ വലഞ്ഞു. കഴിഞ്ഞമാസ പൂജയിലടക്കം നിലനിന്ന സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ മണ്ഡലപൂജക്ക് നടതുറന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും ദേവസ്വം ബോർഡിന് സാധിച്ചിട്ടില്ല.
കഴിഞ്ഞ മൂന്ന് ദിവസമായി ബില്ലിങ് സംവിധാനത്തില്‍ സാങ്കേതിക പ്രശ്നം ഉണ്ടായിരുന്നു. താൽക്കാലികമായി പ്രശ്നം പരിഹരിച്ചാണ് കഴിഞ്ഞ ദിവസങ്ങളില്‍ മുന്നോട്ട് പോയത്. എന്നാല്‍, ചൊവ്വാഴ്ച ഉച്ചക്കുശേഷം കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും പണിമുടക്കി.
ഇതോടെ അക്കമഡേഷന്‍ ഓഫിസിന് മുന്നില്‍ ഭക്തരുടെ നീണ്ടനിര രൂപപ്പെട്ടു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കാന്‍ സാധിക്കാതെ വന്നതോടെ ഭക്തരുടെ ഭാഗത്തുനിന്ന് പ്രതിഷേധം ഉയര്‍ന്നു. ഇതോടെ കൈകൊണ്ട് തയാറാക്കിയ ബില്ലുകള്‍ നല്കി ഭക്തരുടെ പ്രതിഷേധം ഒഴിവാക്കാനുള്ള ശ്രമം ദേവസ്വം ബോര്‍ഡ് നടത്തി. എന്നാല്‍, ജി.എസ്.ടി അടക്കം രേഖപ്പെടുത്തി ബില്ല് തയാറാക്കുന്നതിലുള്ള കാലതാമസം തീർഥാടകർക്ക് ഇരട്ടി ദുരിതമായി.
2018ലെ ബില്ലിലെ സീരിയസ് നമ്പറാണ് ഇപ്പോഴത്തെ ബില്ലിലും അടിച്ച് വരുന്നത്. ബില്ലിലെ സീരിയല്‍ നമ്പറുകള്‍ ആവർത്തിച്ചതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയതെന്നാണ് ബോര്‍ഡിന്റെ വിശദീകരണം. മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതെ വന്നതോടെ 2018ലെ സീരിയല്‍ നമ്പറിനൊപ്പം പുതിയ രണ്ടക്ക നമ്പര്‍കൂടി ചേര്‍ത്ത് ബില്ല് നല്‍കിയാണ് പ്രശ്നത്തിന് താൽക്കാലിക പരിഹാരം കണ്ടത്. തീർഥാടക പ്രവാഹം തുടരുന്ന സാഹചര്യത്തില്‍ ബില്ലിങ് സംവിധാനത്തിലെ തകരാർ പരിഹരിച്ചില്ലെങ്കില്‍ തീർഥാടകര്‍ മുറികള്‍ ലഭിക്കാതെ അലയുന്ന സാഹചര്യവും ഉണ്ടാവും.
അടിയന്തര വൈദ്യസഹായത്തിന് റാപിഡ് ആക്ഷന്‍ മെഡിക്കല്‍ യൂനിറ്റ് -മന്ത്രി
ശബരിമല: തീർഥാടകര്‍ക്ക് അടിയന്തര വൈദ്യസഹായം ഒരുക്കാന്‍ റാപിഡ് ആക്ഷന്‍ മെഡിക്കല്‍ യൂനിറ്റ് ഉടന്‍ എത്തുമെന്ന് മന്ത്രി വീണ ജോര്‍ജ്. ഇടുങ്ങിയ പാതകളില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ബൈക്ക് ഫീഡര്‍ ആംബുലന്‍സ്, ദുര്‍ഘട പാതകളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന റെസ്ക്യൂ വാന്‍, ഐ.സി.യു ആംബുലന്‍സ് എന്നിവയാണ് സജ്ജമാക്കിയത്. ഒരു രോഗിയെ കിടത്തിക്കൊണ്ട് പോകാന്‍ കഴിയുന്ന തരത്തില്‍ സജ്ജമാക്കിയ സൈഡ് കാറോടുകൂടിയ ബൈക്ക് ഫീഡര്‍ ആംബുലന്‍സാണ് ഇതില്‍ പ്രധാനം.
നഴ്സായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷന്‍ ആയിരിക്കും ഈ വാഹനം പ്രവര്‍ത്തിപ്പിക്കുന്നത്. കനിവ് 108 ആംബുലന്‍സ് പദ്ധതിക്ക് കീഴിലാണ് റാപിഡ് ആക്ഷന്‍ മെഡിക്കല്‍ യൂനിറ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്. മൂന്ന് വാഹനത്തിലും ഓക്സിജന്‍ ഉൾപ്പെടെയുള്ള സംവിധാനം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.