അടൂർ: നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ഏറത്ത് പൊതുശ്മശാനം പ്രവർത്തനക്ഷമമായില്ല. പറക്കോട് ബ്ലോക്ക് പഞ്ചായത്തിെൻറ കീഴിലുള്ള ശ്മശാനത്തിന് ജില്ല ഭരണകൂടത്തിെൻറ അനുമതി ലഭിക്കാത്തതാണ് കാരണം. നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് കത്ത് നൽകിയതായി ബ്ലോക്ക് പ്രസിഡന്റ് ആർ. തുളസീധരൻപിള്ള പറഞ്ഞു.
മണക്കാല വട്ടമലപ്പടിയിലാണ് ഗ്യാസ് ഉപയോഗിക്കുന്ന സംവിധാനത്തോടെ ആധുനിക ശ്മശാനം നിർമിച്ചത്. ഗാർഡൻ, ടൈൽസ് പാകിയ തറ, ശൗചാലയം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. 2021ൽ ശ്മശാനത്തിന് ആവശ്യമായ ചിമ്മിനിയും ഫർണസും സ്ഥാപിച്ചിരുന്നു. വൈദ്യുതി ലഭിക്കാത്തതാണ് ശ്മശാനം പ്രവർത്തിക്കാത്തത് എന്നാണ് അടുത്തസമയം വരെയും ബ്ലോക്ക് അധികൃതർ പറഞ്ഞിരുന്നത്. ഇപ്പോൾ വൈദ്യുതി ലഭിച്ചിട്ടും തടസ്സം നീങ്ങുന്നില്ല.
നിലവിൽ ശ്മശാനത്തിന് നിർമിച്ച കെട്ടിടത്തിനുചുറ്റും കാടുകയറി. ഇനിയും പ്രവർത്തനം തുടങ്ങാൻ താമസിച്ചാൽ ശ്മശാനത്തിനായി സ്ഥാപിച്ച ലക്ഷങ്ങൾ വിലയുള്ള യന്ത്രങ്ങൾ നശിച്ചുപോകുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.ഏറത്ത് ഗ്രാമപഞ്ചായത്തിനെ കൂടാതെ കടമ്പനാട്, പള്ളിക്കൽ, ഏഴംകുളം, ഏനാദിമംഗലം, കൊടുമൺ, കലഞ്ഞൂർ പഞ്ചായത്തുകൾക്കും ശ്മശാനം ഉപയോഗിക്കാനാകും. നിലവിൽ ഈ പഞ്ചായത്തുകളിൽ ശ്മശാന സൗകര്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.