പത്തനംതിട്ട: മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കുള്ള ചെയര്പേഴ്സൻമാരുടെ തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും വൈസ് ചെയര്പേഴ്സൻ തെരഞ്ഞെടുപ്പ് ഉച്ചക്ക് 2.30നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചക്ക് 2.30നുമാണ്.
കലക്ടറാണ് ജില്ല പഞ്ചായത്ത് വരണാധികാരി. ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും അതത് സ്ഥാപനങ്ങളിലെ വരണാധികാരികള്‍ക്കാണ് ചുമതല. മുനിസിപ്പാലിറ്റികളില്‍ ഇതിനായി വരണാധികാരികളെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ചേരുന്ന അംഗങ്ങളുടെ യോഗത്തില്‍ സ്ഥാനാർഥിയെ ഒരാള്‍ നാമനിര്‍ദേശം ചെയ്യണം. മറ്റൊരാള്‍ പിന്താങ്ങണം. നാമനിര്‍ദേശം ചെയ്യപ്പെട്ടയാള്‍ യോഗത്തില്‍ ഹാജരായിട്ടില്ലെങ്കില്‍ സ്ഥാനാര്‍ഥിയാകാനുള്ള അയാളുടെ സമ്മതപത്രം ഹാജരാക്കണം. സംവരണം ചെയ്തിട്ടുള്ള സ്ഥാനങ്ങളില്‍ മത്സരിക്കുന്ന ഒരംഗത്തിനെ മറ്റൊരാള്‍ നാമനിര്‍ദേശം ചെയ്യുകയോ പിന്താങ്ങുകയോ വേണ്ട. ഒന്നിലധികം സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ വോട്ടെടുപ്പ് ഓപണ്‍ ബാലറ്റ് മുഖേനെ ആയിരിക്കും. ക്വാറം തികയാത്ത പക്ഷം തെരഞ്ഞെടുപ്പ് അടുത്ത പ്രവൃത്തിദിവസത്തേക്ക് മാറ്റും. മാറ്റിയ ദിവസം അതേ സ്ഥലത്തും സമയത്തും കൂടുന്ന യോഗത്തില്‍ ക്വാറമില്ലെങ്കിലും തെരഞ്ഞെടുപ്പ് നടത്തും. രണ്ട് സ്ഥാനാര്‍ഥികള്‍ മാത്രമുള്ളപ്പോള്‍ കൂടുതല്‍ സാധുവായ വോട്ടുകള്‍ നേടിയയാള്‍ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും. രണ്ടുപേര്‍ക്കും തുല്യ വോട്ടാണെങ്കില്‍ നറുക്കെടുപ്പ് നടത്തും.
രണ്ടിലധികം പേര് മത്സരിക്കുമ്പോള്‍ വോട്ടെടുപ്പില്‍ ഒരു സ്ഥാനാർഥിക്ക് മറ്റ് എല്ലാ സ്ഥാനാര്‍ഥികള്‍ക്കും കൂടി കിട്ടിയ ആകെ സാധുവായ വോട്ടിനേക്കാള്‍ കൂടുതല്‍ ലഭിച്ചാല്‍ അയാള്‍ തെരഞ്ഞെടുക്കപ്പെടും. അപ്രകാരം ഒരു സ്ഥാനാര്‍ഥിക്കും വോട്ട് ലഭിക്കാതിരുന്നാല്‍ ഏറ്റവും കുറച്ച് വോട്ട് ലഭിച്ച സ്ഥാനാര്‍ഥിയെ ഒഴിവാക്കി വീണ്ടും വോട്ടെടുപ്പ് നടത്തും. മൂന്നോ അതിലധികമോ സ്ഥാനാര്‍ഥികള്‍ ഉണ്ടായിരിക്കുകയും അതില്‍ ഏറ്റവും കുറവ് വോട്ട് രണ്ടോ അതിലധികമോ പേര്‍ക്ക് തുല്യമായി ലഭിക്കുകയും ചെയ്താല്‍ നറുക്കെടുപ്പ് നടത്തി നറുക്കെടുക്കപ്പെടുന്ന ആളിനെ ഒഴിവാക്കി തെരഞ്ഞെടുപ്പ് തുടരും മൂന്നോ അതിലധികമോ സ്ഥാനാര്‍ഥികള്‍ക്ക് തുല്യവോട്ട് ലഭിക്കുന്നുവെങ്കില്‍ ഇതേ രീതിയില്‍ ഒരാളെ നറുക്കെടുപ്പിലൂടെ ഒഴിവാക്കി വോട്ടെടുപ്പ് തുടരും.
സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനം ഏറ്റെടുക്കാത്ത അംഗങ്ങള്‍ക്ക് യോഗ നടപടികളില്‍ പങ്കെടുക്കാനോ വോട്ടു ചെയ്യാനോ അവകാശമില്ല. സംവരണമുള്ളയിടങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ജാതി സര്‍ട്ടിഫിക്കറ്റ് വരണാധികാരി മുമ്പാകെ ഹാജരാക്കണം. വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം വരണാധികാരി അംഗങ്ങളുടെ സാന്നിധ്യത്തില്‍ വോട്ടുകള്‍ എണ്ണി ഫലപ്രഖ്യാപനം നടത്തും. ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ചെയര്പേഴ്സൻ, പ്രസിഡന്റ് എന്നിവര്‍ വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. വൈസ് ചെയര്മാന് ചെയര്മാന് മുമ്പാകെയും വൈസ് പ്രസിഡന്റ് പ്രസിഡന്റ് മുമ്പാകെയും സത്യപ്രതിജ്ഞ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.