സിജുപ്രസാദ്
കോന്നി: വാടകവീട്ടിൽ താമസിച്ചിരുന്ന വീട്ടമ്മയെയും മക്കളെയും പെട്രോൾ ഒഴിച്ച് തീവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കോന്നി പൊലീസിന്റെ പിടികൂടി.
വടശ്ശേരിക്കര അരീക്കക്കാവ് സ്വദേശിയായ തെങ്ങും പള്ളിയിൽ ടി.കെ. സിജു പ്രസാദാണ് (43) അറസ്റ്റിലായത്. വീട്ടമ്മയും മക്കളും കിടന്നുറങ്ങിയ മുറിയിലേക്ക് പെട്രോൾ ഒഴിച്ച ശേഷം കതകിനു മുകളിലുള്ള വെൻറിലേഷനിലൂടെ തീപ്പന്തം എറിയുകയായിരുന്നു. വ്യാഴാഴ്ച രാത്രി 12 കഴിഞ്ഞാണ് സംഭവം. വീടിന്റെ കതക് പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് പ്രതി വീടിന് തീയിട്ടത്.
വീടിന്റെ ഇരുമ്പ് കഴുക്കോലിൽ തൂങ്ങി മുകളിൽ കയറി ഓടിളക്കി മാറ്റി മക്കൾ രണ്ടുപേരും പുറത്തിറങ്ങി. തുടർന്ന് നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരുമായി ചേർന്ന് വാതിൽ വെട്ടിപ്പൊളിച്ച് വീട്ടമ്മയെയും പുറത്തെത്തിക്കുകയായിരുന്നു. സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കോന്നി പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് തീയണച്ചു.
കൈകാലുകൾക്കും മറ്റും പൊള്ളലേറ്റ വീട്ടമ്മയും മകനും കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടമ്മയോടൊപ്പം താമസിച്ചിരുന്ന പ്രതിക്ക് ഭാര്യയിലുള്ള സംശയമാണ് കൃത്യത്തിന് പ്രേരിപ്പിച്ചത്. കൃത്യത്തിന് ശേഷം ഒളിവിൽപ്പോയ പ്രതിയെ കോന്നി ഇൻസ്പെക്ടർ ബി. രാജഗോപാലിന്റെ നേതൃത്വത്തിൽ എ.എസ്.ഐ മുജീബ്റഹ്മാൻ, എസ്.സി.പി.ഒ സുബിൻ, സി.പി.ഒമാരായ അഭിലാഷ്, രാഗേഷ്, രതീഷ് എന്നിവരടങ്ങിയ സംഘം പൂങ്കാവുനിന്ന് പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.