പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണാഭരണം മോഷ്ടിച്ചു

പന്തളം: പ്രവാസിയുടെ വീടിന്റെ കതക് പൊളിച്ച് 50 പവൻ സ്വർണാഭരണം മോഷ്ടിച്ചു. എം.സി റോഡിൽ പന്തളം വലിയ പാലത്തിന് സമീപം കുളനട ലക്ഷ്മി നികേതനിൽ വി. ബിജുനാഥിന്റെ വീട്ടിലാണ് മോഷണം. ബിജുവും ഭാര്യ ബിന്ദുവും ബഹ്‌റൈനിലാണ്. അമ്മ ഓമനയമ്മ മാത്രമാണ് വീട്ടിലുള്ളത്. ഇവർ രാത്രി മൂത്ത മകന്റെ വീട്ടിലായിരുന്ന സമയത്താണ് കവർച്ച.

വ്യാഴാഴ്ച രാവിലെ ഓമനയമ്മ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. കതക് തുറന്നുകിടക്കുന്നത് കണ്ട് സമീപവാസികളെയും പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയും ലോക്കറും കുത്തിത്തുറന്നാണ് 50 പവനോളം സ്വർണം കവർന്നത്. നഷ്ടപ്പെട്ട സ്വർണത്തിന്‍റെ കൃത്യമായ കണക്ക് ലഭിച്ചിട്ടില്ല. 50 പവനോടടുത്ത് ഉണ്ടാകുമെന്ന് അമ്മ ഓമനയമ്മ പറയുന്നു. ഇതിനൊപ്പം ഓമനയമ്മയുടെ ഒരു ജോഡി കമ്മലും മോതിരവും നഷ്ടപ്പെട്ടിട്ടുണ്ട്.

വീടുപണിയുടെ ആവശ്യത്തിന് പണയം വെച്ച ശേഷമാണ് സ്വർണം വീട്ടിൽ സൂക്ഷിക്കാൻ തുടങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു. അടൂർ ഡി.വൈ. എസ്.പി. ജി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ കൊടുമൺ സി.ഐ ശ്രീലാൽ ചന്ദ്രശേഖർ, പന്തളം എസ്‌.ഐ യു.വി. വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ പന്തളം പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

സമീപത്തെ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. രണ്ടുമാസം മുമ്പാണ് കുരമ്പാലയിലും അതിനുശേഷം പന്തളം കോളേജ് ജങ്ഷനിലെ കടകളിലും മോഷണം നടന്നത്. നാല് വീട്ടിൽ മോഷണ ശ്രമവും നടന്നിരുന്നു.

Tags:    
News Summary - gold theft at Pravasi's house in Pandalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.