ജീവനക്കാർ എൻ.ജി.ഒ യൂനിയൻ സമ്മേളനത്തിന് പോയതിനാൽ കസേരകൾ ഒഴിഞ്ഞുകിടക്കുന്ന പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസ്
പത്തനംതിട്ട: കോന്നി താലൂക്ക് ഓഫിസിൽ ജീവനക്കാർ കൂട്ട അവധി എടുത്ത വിവാദം അവസാനിക്കും മുമ്പ് ജില്ലയിൽ സർക്കാർ ഓഫിസുകളുടെ പ്രവർത്തനം അവതാളത്തിലാക്കി എൻ.ജി.ഒ യൂനിയൻ ഏരിയ സമ്മേളനങ്ങൾ.
വിവിധ സ്ഥലങ്ങളിൽ യൂനിറ്റ് സമ്മേളനങ്ങൾ പൂർത്തിയായി ഇപ്പോൾ ഏരിയ സമ്മേളനങ്ങളിലേക്ക് കടന്നിരിക്കയാണ്. ജില്ല ആസ്ഥാനത്ത് അബാൻ ടവറിൽ നടന്ന സിവിൽ സ്റ്റേഷൻ ഏരിയ സമ്മേളനത്തിൽ പങ്കെടുക്കാൻ ഒട്ടുമിക്ക ജീവനക്കാരും പോയതോടെ ഓഫിസുകളുടെ പ്രവർത്തനം അവതാളത്തിലായി.
പല ഓഫിസിലും ജീവനക്കാർ ഇല്ലായിരുന്നു. വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഓഫിസുകളിൽ വന്നവർ വലഞ്ഞു. പത്തനംതിട്ട ഡി.എം.ഒ ഓഫിസിൽനിന്നും വലിയൊരു വിഭാഗം ജീവനക്കാർ സമ്മേളനത്തിന് പോയി. സി.പി.എം അനുകൂലികളുടെ നിയന്ത്രണത്തിലുള്ളതാണ് ഈ ഓഫിസ്. പത്തനംതിട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ 47 ജീവനക്കാരുള്ളതിൽ പത്തിൽ താഴെ ജീവനക്കാർ മാത്രമാണ് ജോലിക്കെത്തിയത്.
ഇതിൽ ചിലർ ഇടക്ക് എത്തുകയും ചെയ്തു. മറ്റ് ഓഫിസുകളുടെ സ്ഥിതിയും ദയനീയമായിരുന്നു. പഞ്ചിങ് നടത്തി മുങ്ങിയവരുമുണ്ട്. മിക്ക ജീവനക്കാരും യൂനിയൻ നേതാക്കളുടെ ഭീഷണിയെ തുടർന്ന് സമ്മേളനത്തിന് പോയവരായിരുന്നുവെന്ന് പറയുന്നു.
ജീവനക്കാരെ നിർബന്ധിച്ച് സ്ഥിരമായി പരിപാടികളിൽ കൊണ്ടുപോകുന്നതിനെതിരെ പ്രതിഷേധവും അവർക്കിടയിൽ ഉയർന്നുതുടങ്ങി. പല ജീവനക്കാരും പ്രതിഷേധം പരസ്യമായി തുറന്നു പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.