പത്തനംതിട്ട: കല്ലാറിലൂടെ കൊട്ടവഞ്ചി സവാരി നടത്തി വനഭംഗി ആസ്വദിക്കാൻ വിനോദസഞ്ചാരികളുടെ വരവേറി. വിദേശ സഞ്ചാരികൾക്കും അടവിയോട് ഇഷ്ടംകൂടിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസത്തിലൂടെയും സഞ്ചാരികൾ എത്തിയത് ഗുണമായി. കുറഞ്ഞ നിരക്കിൽ ഓളപ്പരപ്പിലൂടെ മൂന്നു മുതൽ ഏഴ് കിലോമീറ്റർ വരെ സഞ്ചരിക്കാമെന്നതാണ് കൊട്ടവഞ്ചി സവാരിയുടെ സവിശേഷത. കല്ലാറിൻ തീരത്തെ പച്ചപ്പ് നിറഞ്ഞ കാനനഭംഗിക്കൊപ്പം വന്യമൃഗങ്ങളെയും കണാനാകും. മഴയത്ത് കുട പിടിച്ചും വെയിലത്ത് തണലിലൂടെയും സവാരി ആനന്ദകരമാണ്. യാത്രക്കിടെ കൊട്ട കറക്കിയും തുഴകൊണ്ട് വെള്ളക്കീറുകളെ മുത്തുമണികൾപോലെ മുകളിലേക്ക് ചിതറിച്ചും തുഴക്കാർ നടത്തുന്ന അഭ്യാസങ്ങൾ സഞ്ചാരികളെ ആനന്ദിപ്പിക്കും. താമസിക്കാൻ മുളങ്കുടിലുകളും ലഘുഭക്ഷണശാലയും ഒരുക്കിയിട്ടുണ്ട്. അടവിയിൽ എത്തുന്നവർ മണ്ണീറ വെള്ളച്ചാട്ടവും കണ്ടാണ് മടങ്ങുന്നത്.
അടവി കൊട്ടവഞ്ചി സവാരിയുടെ വരുമാനത്തിൽ വർധന. ഒരുവർഷത്തിനുള്ളിൽ 4.78 ലക്ഷം രൂപയുടെ വർധനയുണ്ടായി. 2022 ഏപ്രിൽ അവസാനിച്ച സാമ്പത്തിക വർഷം 7.38 ലക്ഷം രൂപയായിരുന്നു വരുമാനം. ഈ വർഷം ഏപ്രിലിൽ വരുമാനം 12.16 ലക്ഷം രൂപയായി ഉയർന്നു.
അടവി ടൂറിസത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് വിനോദസഞ്ചാരികൾ നിർദേശിക്കുന്നു. സഞ്ചാരികൾക്ക് താമസിക്കാൻ അഞ്ച് മുളങ്കുടിലുണ്ട്. മൂന്നെണ്ണത്തിലാണ് താമസ സൗകര്യം. രണ്ടെണ്ണം അറ്റകുറ്റപ്പണിക്ക് അടച്ചിട്ടിരിക്കുന്നു. സഞ്ചാരികൾ കൂടുന്നതനുസരിച്ച് കൂടുതൽ മുളങ്കുടിലുകൾ ഒരുക്കണം. ഒരു കുടിലിന് 3000 രൂപയാണ് നിരക്ക്. ഇടത്തരക്കാർക്ക് കുറഞ്ഞ നിരക്കിൽ താമസ സൗകര്യം ഏർപ്പെടുത്തണം.
കൊട്ടകൾ സൂക്ഷിക്കാൻ മുറികളില്ല. മഴയും വെയിലുമേറ്റ് കിടക്കുന്നു. ഇതിന് പരിഹാരം വേണം. കൊട്ടവഞ്ചിയിലേക്ക് കയറുന്ന ചങ്ങാടം നവീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.