പത്തനംതിട്ട: ജില്ല തല പട്ടയമേള തിങ്കളാഴ്ച രാവിലെ 10 ന് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി കെ.രാജന് ഉദ്ഘാടനം ചെയ്യും. മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. കോന്നി, റാന്നി, ആറന്മുള, തിരുവല്ല നിയോജക മണ്ഡലങ്ങളിലെ 268 പേര്‍ക്ക് പട്ടയം വിതരണം ചെയ്യും. സര്‍ക്കാറിന്റെ 'എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ' എന്ന പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടയമേള സംഘടിപ്പിക്കുന്നത്.
പട്ടയമിഷന്റെ ഭാഗമായി പട്ടയഡാഷ്ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയ തിരുവല്ല കോയിപ്രം വില്ലേജിലെ തെറ്റുപാറ കോളനിയിലെ 10 കൈവശക്കാര്‍ക്കും പട്ടയം ലഭിക്കും. പട്ടയവിഷയത്തില്‍ സര്‍ക്കാര്‍ നേരിട്ട് നടപടി എടുക്കേണ്ടവയാണ് പട്ടയഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നത്. പെരുമ്പെട്ടി വില്ലേജില്‍ ഡിജിറ്റല്‍ സര്‍വേ നടപടിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. സര്‍വേ നടപടി പൂര്‍ത്തിയാക്കുന്നതനുസരിച്ച് കൈവശക്കാരുടെ പട്ടയ അപേക്ഷയില്‍ നടപടി സ്വീകരിക്കും.
റാന്നി, കോന്നി മേഖലയിലെ മലമ്പണ്ടാര വിഭാഗത്തിലെ 49 കുടുംബങ്ങളും ഭൂമിയുടെ സ്ഥിരം അവകാശികളാകും. വനാവകാശ നിയമപ്രകാരം ഒരേക്കര്‍ ഭൂമി വീതം ലഭ്യമാക്കും. കേരളത്തിലെ ഏറ്റവും പിന്നാക്കം നില്ക്കുന്ന പട്ടികവര്‍ഗ വിഭാഗങ്ങളിലൊന്നാണ് മലമ്പണ്ടാരം. ഉള്‍വനങ്ങളില്‍നിന്ന് വിഭവങ്ങള്‍ ശേഖരിച്ചാണ് ഉപജീവനം. കോന്നിയില്‍ 32 ഉം റാന്നിയില്‍ 17 ഉം കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കും.
കോന്നി സീതത്തോട് ഗ്രാമപഞ്ചായത്തിലെ മൂഴിയാര്‍ ഭാഗത്ത് സായിപ്പിന് കുഴി, ഗുരുനാഥന് മണ്ണിലെ ചിപ്പന്‍ കുഴി, ഗവി, കക്കി എന്നിവിടങ്ങളില്‍ താമസിക്കുന്ന 32 മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് കൈവശ രേഖ നല്‍കും. റാന്നി ചാലക്കയം, പ്ലാപ്പള്ളി എന്നിവ ഉള്‍പ്പെടുന്ന ശബരിമല കാടുകളില്‍ താമസിച്ചിരുന്ന 37 മലമ്പണ്ടാര കുടുംബങ്ങളിലെ 20 പേര്‍ക്ക് 2023 ല്‍ ഭൂമി നല്‍കിയിരുന്നു. റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തിലെ മഞ്ഞത്തോട് പ്രകൃതിയിലാണ് ഇവര്‍ക്ക് ഇടമൊരുക്കിയത്. ശേഷിക്കുന്ന 17 കുടുംബങ്ങള്‍ക്ക് ജൂലൈ 21ന് കൈവശ രേഖ നല്‍കും.
ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ മാത്യു ടി തോമസ്, കെ. യു ജനീഷ്കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ ടി സക്കീര്‍ ഹുസൈന്, കലക്ടര്‍ എസ് പ്രേം കൃഷ്ണൻ തുടങ്ങിയവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.