ശുചിത്വം പാലിക്കുന്നതിൽ അശ്രദ്ധ -ഭക്ഷ്യസുരക്ഷ അസിസ്റ്റന്‍റ് കമീഷണർ ഭക്ഷണശാലകളുടെ നിലവാരം പണ്ടത്തേതിനെ അപേക്ഷിച്ച് കുറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് പത്തനംതിട്ട ഭക്ഷ്യസുരക്ഷ അസിസ്റ്റന്‍റ് കമീഷണർ ജി. ശ്രീകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. എന്നിരുന്നാലും ഭക്ഷ്യസുരക്ഷ നിയമം അനുശാസിക്കും വിധം വൃത്തിയും വെടിപ്പും ഇനിയും മിക്കയിടത്തും കൈവരിച്ചിട്ടില്ല. അശ്രദ്ധയാണ് പ്രധാനം. നിയമം നടപ്പാക്കാനിറങ്ങുന്നത് ആരെയും ദ്രോഹിക്കാനല്ല. മികച്ച സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള മനഃസ്ഥിതി നമുക്കുണ്ടാകണം. മോശമായി പ്രവർത്തിക്കുന്നവരെ കൂടി നിലവാരം മെച്ചപ്പെടുത്തിയെടുക്കാൻ നോക്കുന്നുണ്ട്. അത് നടക്കുന്നില്ലെങ്കിൽ നടപടിയെടുക്കും. ആഹാരക്കാര്യമായതിനാൽ അവർ മെച്ചപ്പെട്ടുവരാൻ കൂടുതൽ സമയം കാത്തിരിക്കാൻ കഴിയില്ല. ഞാൻ ഇവിടെ ചാർജ് എടുത്തിട്ട് ഒരാഴ്ചയെ ആയിട്ടുള്ളു. ജില്ലയിൽ 20 ശതമാനം ഭക്ഷണശാലകളെങ്കിലും സ്ഥിതി മെച്ചപ്പെടുത്താനുണ്ടെന്നാണ് കരുതുന്നത്. ഭക്ഷണശാലകളുടെ പെരുപ്പം നിമിത്തം എല്ലായിടത്തും കാര്യക്ഷമമായ പരിശോധന നടത്താൻ കഴിയുന്നില്ല. ഹോട്ടലുകൾ, ബേക്കറികൾ, വീടുകൾ തുടങ്ങി ഭക്ഷണശാലകൾ നാട്ടിൽ പെരുകുകയാണ്. അതനുസരിച്ച് പരിശോധനക്ക് ഉദ്യോഗസ്ഥരില്ല. ജില്ലയിൽ ഭക്ഷ്യസുരക്ഷ വകുപ്പിന് അഞ്ച് സർക്കിളുകളാണുള്ളത്. അതിൽ ഒരിടത്ത് ഓഫിസറില്ല. ആകെ രണ്ട് വാഹനങ്ങളാണുള്ളത്. അതിനാൽ എല്ലായിടത്തും എത്തിപ്പെടാൻ കഴിയുന്നില്ല. ജില്ലയിൽ 10 സർക്കിളുകളെങ്കിലും ഉണ്ടെങ്കിൽ മാത്രമേ പരിശോധന കാര്യക്ഷമമാകൂ. പരിശോധന നടത്തുന്നത് നടപടിയെടുക്കുന്നതിനുവേണ്ടിയാണ്. ജില്ലയിൽ ലൈസൻസും രജിസ്ട്രേഷനുമൊക്കെ മിക്ക സ്ഥാപനങ്ങൾക്കുമുണ്ട്. ലൈസൻസില്ലാത്തവയായി മൂന്നെണ്ണം മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. ഹോട്ടലുകളിൽ നമ്മൾ കാണുന്ന വൃത്തി നടത്തിപ്പുകാർക്കും ജീവനക്കാർക്കും കാണില്ല. അവർ കരുതുന്നത് വൃത്തിയായാണ് നടത്തുന്നതെന്നാണ്. പാത്രങ്ങളും ഗ്രൈൻഡറുകളുമൊക്കെ അകം വൃത്തിയാക്കും പുറം മലിനമായിരിക്കും. കൂടുതൽ വീഴ്ചകൾ വരുത്തുന്നവർക്ക് പിഴയടപ്പിക്കാൻ നോട്ടീസ് നൽകും. അല്ലാത്തവക്ക് മൂന്നോ നാലോ ദിവസത്തിനുള്ളിൽ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണമെന്ന് കാണിച്ച് നോട്ടീസ് നൽകും. ഇപ്പോൾ നടക്കുന്ന പരിശോധനയുമായി ബന്ധപ്പെട്ട് ആർ.ഡി.ഒക്ക് ഒരു കേസും കൈമാറിയിട്ടില്ല. നേരത്തേ നടത്തിയിട്ടുള്ള പരിശോധനകളുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ആർ.ഡി.ഒയുടെ പക്കലും ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും നിലനിൽക്കുന്നുണ്ട്. ഓപറേഷൻ മത്സ്യയുമായി ബന്ധപ്പെട്ട് 22 സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. റിസൽട്ട് വന്നിട്ടില്ല. ശർക്കരയുടെ എട്ട് സാമ്പിളുകൾ എടുത്തിട്ടുണ്ട്. ഷവർമ വിൽക്കുന്ന 48 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 16 എണ്ണത്തിന് നോട്ടീസ് നൽകി. 30 കിലോ ഇറച്ചി നശിപ്പിച്ചു. 25 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. സാധാരണ നിലയിൽ പ്രതിമാസം 30നും 50നും ഇടയിൽ സ്ഥാപനങ്ങൾ പരിശോധിച്ച് വരുന്നുണ്ടെന്നും അസിസ്റ്റന്‍റ് കമീഷണർ ജി. ശ്രീകുമാർ പറഞ്ഞു. പടം: PTL41sreekumar പത്തനംതിട്ട ഭക്ഷ്യസുരക്ഷ അസിസ്റ്റന്‍റ് കമീഷണർ ജി. ശ്രീകുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.