ജില്ലയില്‍ 240 പട്ടയങ്ങള്‍ വിതരണത്തിന് തയാറായി -മന്ത്രി കെ. രാജന്‍

പത്തനംതിട്ട: ജില്ലയില്‍ 240 പട്ടയങ്ങള്‍ വിതരണത്തിനു തയാറായെന്ന് മന്ത്രി അഡ്വ. കെ. രാജന്‍ പറഞ്ഞു. പട്ടയ വിതരണവുമായി ബന്ധപ്പെട്ട ജില്ലയിലെ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് തിരുവല്ല പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 165 ഭൂമി പതിവുപട്ടയവും 75 ലാൻഡ് ട്രൈബ്യൂണല്‍ പട്ടയവുമാണ് വിതരണത്തിന് തയാറായിട്ടുള്ളത്. കോഴഞ്ചേരി താലൂക്കില്‍ 25, മല്ലപ്പള്ളി-20, അടൂര്‍-25, റാന്നി- 35, തിരുവല്ല - 30, കോന്നി - 30 വീതം ഭൂമി പതിവുപട്ടയം തയാറായിട്ടുണ്ട്. കോഴഞ്ചേരി 8, മല്ലപ്പള്ളി-10, അടൂര്‍- 4, റാന്നി-10, തിരുവല്ല - 26, കോന്നി -15 വീതം ലാൻഡ് ട്രൈബ്യൂണല്‍ പട്ടയവും വിതരണം ചെയ്യും. പട്ടയ വിതരണവുമായി ബന്ധപ്പെട്ട ജില്ലയിലെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും അര്‍ഹരായ അപേക്ഷകര്‍ക്ക് നിയമാനുസൃതമായി വേഗത്തില്‍ പട്ടയം ലഭ്യമാക്കാനുമാണ് സര്‍ക്കാറിന്‍റെ ശ്രമം. പട്ടയവിതരണത്തെ ഗൗരവത്തോടെയാണ് സമീപിക്കുന്നത്. വിവിധ താലൂക്കുകളിലെ പട്ടയ അപേക്ഷകളിന്മേല്‍ സമയബന്ധിതമായി നടപടി സ്വീകരിക്കണം. ചട്ടങ്ങളും നിയമങ്ങളും പാലിച്ച് നിയമപരമായി പട്ടയത്തിന് അര്‍ഹരായവര്‍ക്ക് അവ നല്‍കാനുള്ള നടപടി ഊര്‍ജിതമാക്കും. റവന്യൂ വകുപ്പ് ഓഫിസില്‍ വരുന്ന വിവിധങ്ങളായ പരാതികളും എം.എല്‍.എ ഡാഷ് ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങളും കൂട്ടിയോജിപ്പിക്കുന്നതിനായി പൊതുസംവിധാനം ഒരുക്കും. ജില്ലകളില്‍ ആര്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ക്കായിരിക്കും ചുമതല. പട്ടയവുമായി ബന്ധപ്പെട്ട്​ വരുന്ന വിഷയങ്ങള്‍ ഡാഷ് ബോര്‍ഡില്‍ അയക്കുകയും മറ്റുള്ള പരാതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും വേണം. ജില്ലയിലെ സ്മാര്‍ട്ട്​ വില്ലേജ് ഓഫിസുകളുടെ നിര്‍മാണ പ്രവൃത്തികളുടെ പുരോഗതിയും യോഗം വിലയിരുത്തി. കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ ജില്ലയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.ഡി.എം അലക്‌സ് പി.തോമസ്, തിരുവല്ല ആര്‍.ഡി.ഒ ചന്ദ്രശേഖരന്‍ നായർ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ PTL 14 REVENUE പട്ടയ വിതരണവുമായി ബന്ധപ്പെട്ട ജില്ലയിലെ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മന്ത്രി അഡ്വ. കെ. രാജന്‍ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.