പട്ടയം: ഏഴായിരത്തിലേറെ അപേക്ഷകർ പരിഗണനക്ക്​ പുറത്ത്​

പത്തനംതിട്ട: ജില്ലയിൽ പട്ടയത്തിനായി കാത്തിരിക്കുന്ന ബഹുഭൂരിപക്ഷം കുടുംബങ്ങൾക്കും വീണ്ടും നിരാശ. ഏഴായിരത്തിലേറെ അപേക്ഷകരാണ്​ പട്ടയത്തിനായി കാത്തിരിക്കുന്നത്​. 25ന്​ ജില്ലയിൽ നടക്കുന്ന പട്ടയമേളയിൽ വിതരണത്തിന്​ തയാറായത്​ 246 പട്ടയം മാത്രമാണ്​. വനഭൂമി കൈവശമുള്ള ചെറുകിട കർഷകരാണ്​ അപേക്ഷകരിലേറെയും. വനഭൂമിക്ക്​ പട്ടയം നൽകുന്നതിന്​ പകരമായി റവന്യൂഭൂമി വനമായി മാറ്റാൻ വനംവകുപ്പിന്​ വിട്ടുനൽകണമെന്ന കേന്ദ്ര വനം മന്ത്രാലയത്തിന്‍റെ വ്യവസ്ഥയാണ്​ ജില്ലയിലെ ബഹുഭൂരിപക്ഷത്തിനും പട്ടയം ലഭിക്കുന്നതിന്​ തടസ്സമാകുന്നത്​. ഇപ്പോൾ വിതരണത്തിന്​ തയാറായ 246ഉം വനമല്ലാത്ത ഭൂമിക്കാണെന്ന്​ അധികൃതർ പറയുന്നു. സർക്കാറിന്റെ രണ്ടാം നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ്​ ഇവ 25നു വിതരണം ചെയ്യുന്നത്. അടൂർ 21, കോഴഞ്ചേരി 22, റാന്നി 79, കോന്നി 50, തിരുവല്ല 44, മല്ലപ്പള്ളി 30 എന്നിങ്ങനെയാണ് വിതരണം ചെയ്യുന്നവയുടെ എണ്ണം. 1977 ജനുവരി ഒന്നിനു മുമ്പ് തന്നെ താമസമാക്കിയവരും വനമേഖലയുമായി വിദൂരത്തിലുള്ളവരുമായ ആളുകളുടേതടക്കമുള്ള പട്ടയങ്ങളും തർക്കത്തിൽ പെട്ടുകിടക്കുന്നു. റവന്യൂ, വനംവകുപ്പുകൾ തമ്മിലുള്ള തർക്കമാണ്​ പട്ടയവിതരണത്തിന്​ പ്രധാന തടസ്സം. അർഹരെന്നു സ്ഥലപരിശോധന നടത്തിയ വിവിധ സംഘങ്ങൾ തീർപ്പുകല്പിച്ചിട്ടും വനംവകുപ്പ്​ ഉടക്കുമായി നിൽക്കുന്നുവെന്നാണ്​ റവന്യൂ അധികൃതർ പറയുന്നത്​. വനം വകുപ്പിന്റെ കണക്കിൽ മാത്രം ജില്ലയിൽ ഏഴായിരത്തോളം പട്ടയങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാനുണ്ടെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. റവന്യൂ വകുപ്പിന്റെ കണക്കിൽ നൂലാമാലകളിൽ പെട്ടുകിടക്കുന്ന പട്ടയങ്ങളുടെ എണ്ണം ഇനിയും കൂടും. നിയമപരമായ നടപടി ക്രമങ്ങളുടെ തടസ്സം കാരണം ഇവയിൽ പല പട്ടയങ്ങളുടെയും തുടർപ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. കോന്നി, റാന്നി, മല്ലപ്പള്ളി താലൂക്കുകളിലായി 6324 പേർക്ക് പട്ടയം നൽകുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് 2021 സെപ്​റ്റംബർ 13ന്​ ജില്ലയിൽ സംഘടിപ്പിച്ച പട്ടയമേളയിൽ മന്ത്രി വീണ ജോർജ്​ പറഞ്ഞിരുന്നു. ഒരുവർഷം കഴിഞ്ഞിട്ടും മന്ത്രി പറഞ്ഞ പുരോഗതി ഉണ്ടായില്ലെന്നാണ്​ ഇപ്പോൾ വ്യക്തമാകുന്നത്​. വനം, റവന്യൂ സംയുക്ത പരിശോധന അടക്കം നടത്തി അനുകൂല റിപ്പോർട്ട് നൽകിയ പ്രദേശങ്ങളും ഇതിലുൾപ്പെടും. മല്ലപ്പള്ളി താലൂക്കിലെ പെരുമ്പെട്ടി, റാന്നിയിൽ പമ്പാവാലി, കൊല്ലമുള, അത്തിക്കയത്തെ തെക്കേത്തൊട്ടി, കോന്നിയിൽ തണ്ണിത്തോട്, അരുവാപ്പുലം, ചിറ്റാർ, സീതത്തോട് തുടങ്ങിയ പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം പട്ടയവിതരണ നടപടികൾ തടസ്സപ്പെട്ടിരിക്കുകയാണ്. പരുവ, കുരുമ്പന്‍മുഴി, മണക്കയം, വലിയപതാല്‍, അരയാഞ്ഞിലി മണ്ണ്, അടിച്ചിപ്പുഴ-ചൊള്ളനാവയല്‍, മുക്കുഴി, ഒളികല്ല്, അത്തിക്കയം-തെക്കേതൊട്ടി, കടുമീന്‍ചിറ, പെരുമ്പെട്ടി, കോട്ടുപാറ, മോതിരവയല്‍ അമ്പലപ്പാറ, പമ്പാവാലി, ഏഞ്ചല്‍വാലി എന്നിവിടങ്ങളിലാണ്​ അപേക്ഷകർ ഏറെയുള്ളത്​. ഈ അപേക്ഷകൾ പരിഗണിച്ചു വരുന്നു എന്ന മറുപടിയാണ്​ വർഷങ്ങളായി റവന്യൂ, വനം അധികൃതർ നൽകുന്നത്​. ഇവയിൽ 1985ലെ ജോയന്റ് വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ അനുമതിക്കായി അപ്​ലോഡ് ചെയ്ത പട്ടയങ്ങളും തടസ്സപ്പെട്ടവയിൽ ഉൾപ്പെടുന്നു. ജില്ലയിൽ 2500ലധികം ആദിവാസി കുടുംബങ്ങള്‍ക്ക്​ കൈവശരേഖ വിതരണം ചെയ്തിട്ടുണ്ട്​. വിദ്യാഭ്യാസത്തിന് ബാങ്ക് ലോണിന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന്​ ഇത് പര്യാപ്തമല്ല. കോന്നിയിൽ റദ്ദാക്കിയ പട്ടയങ്ങൾ പുനഃസ്ഥാപിക്കൽ നീളുന്നു പത്തനംതിട്ട: 2015ൽ അന്നത്തെ യു.ഡി.എഫ് സർക്കാർ കോന്നി താലൂക്കിലെ ആറ് വില്ലേജിലായി 4835 ഏക്കർ കൈവശഭൂമിക്ക്​​ 1843 പട്ടയങ്ങൾ അനുവദിച്ച നടപടി 2017 സെപ്​റ്റംബർ 27ന്​ റവന്യൂവകുപ്പ്​ റദ്ദാക്കിയിരുന്നു. നടപടിക്രമങ്ങൾ പാലിച്ച്​ പുതിയ പട്ടയം വിതരണം നടത്തുമെന്ന്​ പ്രഖ്യാപിച്ചാണ്​ അന്ന്​ എൽ.ഡി.എഫ്​ സർക്കാർ പട്ടയങ്ങൾ റദ്ദാക്കിയത്​. പുതിയ പട്ടയം വിതരണം ഇതുവരെ നടത്താനായിട്ടില്ല. പകരം ഭൂമി വനം വകുപ്പിന്​ കൈമാറണമെന്ന വ്യവസ്ഥ പാലിക്കാത്തതിനാലാണ്​ അന്ന്​ പട്ടയങ്ങൾ റദ്ദാക്കിയത്​. സീതത്തോട്, തണ്ണിത്തോട്, ചിറ്റാർ, കോന്നി താഴം, അരുവാപ്പുലം, കലഞ്ഞൂർ വില്ലേജുകളിൽ വിതരണം ചെയ്ത 1843 പട്ടയങ്ങളാണ് റവന്യൂ വകുപ്പ് റദ്ദാക്കിയത്. പട്ടയവിതരണത്തിനായി കേന്ദ്രാനുമതി തേടിക്കൊണ്ടുള്ള അപേക്ഷകൾ പകരം വനം വകുപ്പിന്​ നൽകുന്ന ഭൂമി ഏതെന്ന്​ വ്യക്തമാക്കാത്തതിനാൽ കെട്ടിക്കിടക്കുകയാണ്​. 1400ഓളം പട്ടയങ്ങൾ പിന്നീടുവന്ന എൽ.ഡി.എഫ് സർക്കാർ റദ്ദാക്കി. എല്ലാ അനുമതികളോടെ പട്ടയം നൽകുമെന്നു പറഞ്ഞാണ് അന്നു പട്ടയം റദ്ദാക്കിയത്. എന്നാൽ, പിന്നീടുള്ള നടപടിക്രമങ്ങളും നൂലാമാലകളിൽപെട്ടു. പട്ടയം നൽകിയ ഭൂമി റിസർവ് വനം എന്ന തരത്തിൽ റവന്യൂവകുപ്പ് രേഖപ്പെടുത്തുക കൂടി ചെയ്തതോടെ ഈ സ്ഥലങ്ങൾക്കും പുതുതായി പട്ടയം നൽകാൻ കേന്ദ്രാനുമതി തേടിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.