പദ്ധതി തുക ലാപ്സാക്കിയെന്ന്​; പന്തളം നഗരസഭാധ്യക്ഷയെ ഡി.വൈ.എഫ്.ഐ ഉപരോധിച്ചു

പന്തളം: നഗരസഭ അധ്യക്ഷ സുശീല സന്തോഷിനെ ഡി.വൈ.എഫ്.ഐ ഉപരോധിച്ചു. പട്ടികജാതി വിഭാഗത്തിന് ലഭിക്കേണ്ടിയിരുന്ന വൻ തുക ലാപ്സാക്കിയതിലെ പ്രതിഷേധവുമായാണ്​ ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചെയർപേഴ്സന്‍റെ ചേംബറിൽ എത്തിയത്. നഗരസഭയിലെ പൊതുമരാമത്ത് പ്രവൃത്തികൾ, റോഡ്​ പുനരുദ്ധാരണം എന്നിവ മുടങ്ങിക്കിടക്കുകയാണെന്ന്​ സമരക്കാർ ചൂണ്ടിക്കാട്ടി. റോഡു പുനരുദ്ധാരണം നടത്താനുള്ള 1.3 കോടി പണമായി ലഭിച്ചിട്ടും ഭരണസമിതി നഷ്ടപ്പെടുത്തി. പട്ടികജാതി വിഭാഗത്തിന് കട്ടിൽ വാങ്ങാനുള്ള സ്പിൽ ഓവർ പദ്ധതി നാലുലക്ഷം രൂപയോളം നഷ്ടപ്പെടുത്തി. വിവിധ മേഖലകളിലായി 2.1കോടി നഷ്ടപ്പെടുത്തിയതായി സമരക്കാർ ആരോപിച്ചു. ആരോപണങ്ങൾ പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കാമെന്നും ചെയർപേഴ്സൻ ഉറപ്പുനൽകിയെങ്കിലും സമരക്കാർ അംഗീകരിച്ചില്ല. രേഖാമൂലം എഴുതിനൽകണമെന്ന ആവശ്യം ചെയർപേഴ്സൻ തള്ളിയതോടെ മുദ്രാവാക്യവുമായി ചേംബർ കൈയടക്കുകയായിരുന്നു. ഒന്നര മണിക്കൂറോളം ഉപരോധം നീണ്ടതോടെ പൊലീസെത്തി സമരക്കാരെ ചേംബറിൽനിന്ന് മാറ്റി. സമരക്കാരെ അസഭ്യം പറഞ്ഞു എന്ന് ആരോപിച്ച് സമരക്കാരും ചെയർപേഴ്സനും തമ്മിൽ വാക്കേറ്റമായി. പൊലീസ് ഇടപെട്ട് സമരക്കാരെ നീക്കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. നഗരസഭ കൗൺസിലർ ഷെഫിൻ റജീബ് ഖാൻ, സി.പി.എം പന്തളം ലോക്കൽ സെക്രട്ടറി എച്ച്. നവാസ് ഖാൻ, ലോക്കൽ കമ്മിറ്റി അംഗം റഹ്മത്തുല്ല ഖാൻ, ഡി.വൈ.എഫ്.ഐ പ്രസിഡൻറ് രാഹുൽ ചന്ദ്രൻ, സെക്രട്ടറി ഷമീർ, ബ്ലോക്ക് ട്രഷർ സന്തീപ് കുമാർ, സൽമാൻ .എസ്, അനന്ദു കൃഷ്ണൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി. ഫോട്ടോ : പന്തളം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷിനെ സമരക്കാർ തടഞ്ഞുവെച്ചിരിക്കുന്നു ഫോട്ടോ: ചെയർപേഴ്സന്‍റെ ചേംബറിൽനിന്ന്​ സമരക്കാരെ പൊലീസ് നീക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.