ഫണ്ടുണ്ട്, മനസ്സില്ല; പള്ളിപ്പടി-കുന്നനോലിപ്പടി റോഡിന് ദുരിതമൊഴിയുന്നില്ല

മല്ലപ്പള്ളി: പള്ളിപ്പടി-കുന്നനോലിപ്പടി റോഡ് എന്ന്​ സഞ്ചാരയോഗ്യമാകുമെന്ന്​ നാട്ടുകാർക്ക്​ ഒരുനിശ്ചയവുമില്ല. നവീകരണത്തിന്​ ആവശ്യമായ ഫണ്ട്​ അനുവദിക്കപ്പെട്ടിട്ട്​ കാലങ്ങളായെങ്കിലും നിർമാണം തുടങ്ങുന്നില്ല. കുത്തനെയുള്ള കയറ്റവും ഇറക്കവുമായ റോഡ് തകർന്നതോടെ യാത്ര ദുസ്സഹമായി. അമ്പതോളം വീട്ടുകാരുടെ ഏക യാത്രമാർഗമാണ് ഈ റോഡ്. പി.ആർ.ഡി.എസിന്റെ കുളത്തൂർ കുന്നിൽ സ്ഥിതി ചെയ്യുന്ന തീർഥാടനകേന്ദ്രത്തിൽ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് എത്തുന്നത് നൂറുകണക്കിന് വിശ്വാസികളാണ്. ചുങ്കപ്പാറയിൽനിന്ന്​ എളുപ്പമാർഗംകൂടിയാണ് ഈ റോഡ്. മുഹ്​യിദ്ദീൻ മുസ്​ലിം ജമാഅത്ത് പള്ളിയിൽ പ്രായമായവരും എത്തിപ്പെടാൻ ഏറെ ബുദ്ധിമുട്ടുകയാണ്. ജമാഅത്ത് കമ്മിറ്റിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ റോഡിലെ കുണ്ടും കുഴിയും കോൺക്രീറ്റ് ചെയ്ത് അടച്ചെങ്കിലും ഇപ്പോൾ വീണ്ടും കുഴികൾ രൂപപ്പെട്ടുതുടങ്ങി. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജമാഅത്ത് കമ്മിറ്റി നിവേദനം നൽകിയതിനെത്തുടർന്ന് മുൻ എം.എൽ.എ രാജു എബ്രഹാമിന്റെ ആസ്തിവികസന ഫണ്ടിൽനിന്ന്​ കയറ്റം കുറച്ച് റോഡ് ടാറിങ് നടത്തുന്നതിന് തുക അനുവദിച്ചിരുന്നു. എന്നാൽ, സ്ഥലം സന്ദർശിച്ച എൻജിനീയർമാർ ടാറിങ് ശാശ്വതമല്ലെന്നും കോൺക്രീറ്റ് ചെയ്യണമെന്നും അതിന് ഫണ്ട് തികയില്ലെന്നും വിധിയെഴുതിയതോടെ ജമാഅത്ത് ഭാരവാഹികൾ വീണ്ടും രാജു എബ്രഹാമിനെ കണ്ടതിനെത്തുടർന്ന് റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന് 29 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന് ഭരണാനുമതിയും നൽകി എസ്റ്റിമേറ്റും മറ്റും തയാറാക്കി കരാറുകാർ നിർമാണപ്രവൃത്തി ഏറ്റെടുത്തതുമാണ്. എന്നാൽ, പിന്നീട് കാലതാമസം വരുത്തി കരാറുകാരൻ ഫണ്ട് പാഴാക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. കരാറുകാരനും ചില ഉദ്യോഗസ്ഥരുമാണ് റോഡിന്റെ നിർമാണം തടസ്സപ്പെടുത്തിയതെന്നും അവർ ആരോപിച്ചു. കരാറുകാരനെതിരെ പരാതി നൽകിയെങ്കിലും തുടർ നടപടികളും വൈകുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.