ആറന്മുളയിൽ വള്ളസദ്യ വഴിപാട് ആഗസ്റ്റ് നാലുമുതൽ

കോഴഞ്ചേരി: ആറന്മുള പള്ളിയോടങ്ങൾക്ക്​ നടത്തുന്ന വള്ളസദ്യ വഴിപാട് ആഗസ്റ്റ് നാലുമുതൽ ഒക്ടോബർ ഒമ്പതുവരെ നടത്താൻ പള്ളിയോട സേവസംഘം തീരുമാനിച്ചു. കോവിഡ് മഹാമാരിയെത്തുടർന്ന് രണ്ട് വർഷമായി ആചാരപരമായി ചടങ്ങിന് മാത്രമായാണ് വള്ളസദ്യ വഴിപാട് നടത്തിയത്. വഴിപാടിന് ബുക്കിങ് പുരോഗമിക്കുകയാണ്. ഇപ്പോൾ ഇരുനൂറിലേറെ വള്ളസദ്യകളാണ് ബുക്ക് ചെയ്തിരിക്കുന്നത്. പള്ളിയോടത്തിലെത്തുന്ന തുഴച്ചിലുകാരെ അർജുന സാരഥിയായ പാർഥസാരഥിയുടെ പ്രതീകമായി കണ്ട്​ വഴിപാടുകാരൻ സത്കരിക്കുന്നതാണ് വള്ളസദ്യയുടെ പ്രത്യേകത. 64 വിഭവമാണ് സദ്യക്ക്​ ഒരുക്കുന്നത്. പള്ളിയോടത്തിലെത്തുന്ന കരക്കാർ പാടിച്ചോദിക്കുന്ന വിഭവങ്ങൾ ഇരുപതോളം വരും. ക്ഷണിക്കപ്പെടുന്നവർ മാത്രമാണ് വള്ളസദ്യയിൽ പങ്കെടുക്കുന്നത്. ഒരുദിവസം നിശ്ചിത എണ്ണത്തിൽ കൂടുതൽ വള്ളസദ്യകൾ അനുവദിക്കില്ല. തിരക്ക് നിയന്ത്രണ വിധേയമാക്കാനാണിത്. ................. പ്രമാടത്ത് കൃഷിക്കും മൃഗസംരക്ഷണത്തിനും ഊന്നൽ പത്തനംതിട്ട: പ്രമാടം ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷത്തെ കരട് വാര്‍ഷിക ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അമൃത സജയന്‍ അവതരിപ്പിച്ചു. 27.57കോടി രൂപ വരവും 27.17കോടി രൂപ ചെലവും 39.67ലക്ഷം രൂപ നീക്കിബാക്കി വരുന്ന മിച്ച ബജറ്റാണ് അവതരിപ്പിച്ചത്. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം ഉല്‍പാദനമേഖലകളിലായി 65 ലക്ഷം രൂപ വകയിരുത്തി. ശുചിത്വം, മാലിന്യസംസ്കരണം, ആരോഗ്യപരിപാലനം മേഖലകളിൽ 50 ലക്ഷം രൂപ വകയിരുത്തി. ലൈഫ് ഭവനപദ്ധതിക്ക്​ രണ്ടു കോടി രൂപ വകയിരുത്തി. റോഡ് സംരക്ഷണത്തിന്​ 2.57കോടി, സമഗ്ര കുടിവെള്ള പദ്ധതികള്‍ക്ക്​ 102.80 കോടിയും ബജറ്റ് വകയിരുത്തി. പ്രമാടം ഗവ. എല്‍.പി സ്കൂളിലെ നവീകരണത്തിന്​ എം.എല്‍.എ ഫണ്ടില്‍നിന്ന്​ ഒരുകോടി രൂപ പ്രതീക്ഷിക്കുന്നതായും പ്രസിഡന്റ് എന്‍. നവനീത്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.