വനഭൂമിയുമായി അതിർത്തി പങ്കിടുന്ന സ്വകാര്യ ഭൂമി കൈമാറ്റം: മാർഗനിർദേശം നൽകും -മന്ത്രി വി.എൻ. വാസവൻ

കോന്നി: വനഭൂമിയുമായി അതിർത്തി പങ്കിടുന്ന സ്വകാര്യ ഭൂമി കൈമാറ്റം ചെയ്യുമ്പോൾ വനം വകുപ്പി‍ൻെറ നിരാക്ഷേപ പത്രം ആവശ്യമാണെന്ന നിർദേശം എല്ലാ ഭാഗങ്ങളിലും നിലവിലില്ലെന്ന് മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ പറഞ്ഞു. കെ.യു. ജനീഷ്കുമാർ എം.എൽ.എ ഇതു സംബന്ധിച്ച് ഉന്നയിച്ച സബ്മിഷ‍‍ൻെറ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മലയോര മേഖലയിൽ വനഭൂമിയുമായും കൈവശഭൂമിയുമായും അതിർത്തിപങ്കിടുന്ന സ്വകാര്യ ഭൂമി കൈമാറ്റം ചെയ്യുന്നതിന് ചില സബ് രജിസ്ട്രാർമാർ വനംവകുപ്പി‍ൻെറ നിരാക്ഷേപ പത്രം ആവശ്യപ്പെടുകയും ഭൂമി കൈമാറ്റത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഇത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. പലപ്പോഴും നിലവിലില്ലാത്ത നിയമങ്ങൾ പറഞ്ഞാണ് ഉദ്യോഗസ്ഥർ തടസ്സങ്ങൾ പറയുന്നത്. ഈ പ്രശ്നത്തിന് അടിയന്തര പരിഹാരമാണ് എം.എൽ.എ സബ്മിഷനിലൂടെ ആവശ്യപ്പെട്ടത്. നിക്ഷിപ്ത വനഭൂമി ഉൾപ്പെടുന്ന സർവേ നമ്പറിലുള്ള ആധാരങ്ങൾ രജിസ്ട്രേഷൻ നടത്തുമ്പോൾ മാത്രമാണ് നിരാക്ഷേപ പത്രം വേണമെന്ന് നിർദേശമുള്ളതെന്ന് മന്ത്രി പറഞ്ഞു. നിക്ഷിപ്ത വനഭൂമി ഉള്ളതായി നോട്ടിഫൈ ചെയ്തിട്ടുള്ള പ്രദേശത്ത് ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ വനഭൂമി ഉൾപ്പെടുന്ന സർവേ നമ്പറുള്ള ഭൂമിയില്ല എങ്കിൽ വനംവകുപ്പി‍ൻെറ നിരാക്ഷേപ പത്രത്തിനുപകരം ഒരു ഡിക്ലറേഷൻ നൽകിയാൽ മതി എന്നാണ് നിർദേശത്തിൽ പറയുന്നത്. ഇതിനായി വനം,റവന്യൂ വകുപ്പുകളുമായി ബന്ധപ്പെട്ട് പരിശോധിച്ച് ഉചിതമായ മാർഗനിർദേശം നൽകുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ നിയമത്തി‍‍ൻെറ അടിസ്ഥാനത്തിൽ വ്യക്തമായ നിർദേശം വരുന്നതോടെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്നും എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.