അക്രമികൾ അഴിഞ്ഞാടുന്നു; നിസ്സഹായരായി നാട്ടുകാർ

പന്തളം പൊലീസിൽ പരാതി നൽകിയെങ്കിലും ഭരണസ്വാധീനം മൂലം നടപടിയില്ലെന്ന് നാട്ടുകാർ പന്തളം: പട്ടികജാതി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പന്തളം നഗരസഭയിലെ 33ാം ഡിവിഷനിൽപെട്ട ചേരിക്കൽ പ്ലാവിള പ്രദേശത്ത്​ അക്രമികളുടെ അഴിഞ്ഞാട്ടമെന്ന് പരാതി. തുരുത്തുപോലെ ഒറ്റപ്പെട്ട ഇവിടെ പെട്ടെന്ന് പൊലീസിന് എത്തിപ്പെടാനാവാത്തത്​ സാമൂഹിക വിരുദ്ധർക്ക് സഹായകമാണ്. ഈ പ്രദേശത്ത്​ ഒഴിഞ്ഞുകിടക്കുന്ന വീടുകളിലും മറ്റും മറ്റ്​ സ്ഥലങ്ങളിൽനിന്ന്​ എത്തുന്നവർ സംഘം ചേരുകയും സ്ഥിരമായി മദ്യപാനവും മോഷണ ശ്രമങ്ങളും സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ അതിക്രമങ്ങളും നടക്കുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു. സ്വൈരജീവിതത്തെ സാരമായി ബാധിച്ചതോടെ പന്തളം പൊലീസിൽ പരാതി നൽകിയെങ്കിലും ഭരണസ്വാധീനം മൂലം നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഭരണകക്ഷിയിൽപെട്ട ചില പ്രാദേശിക നേതാക്കളുടെയും പ്രധാന പ്രവർത്തകരുടെയും വേണ്ടപ്പെട്ടവരാണ് അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത് എന്നതിനാൽ പാർട്ടിയുടെ പ്രാദേശിക നേതാക്കൾ ഇടപെട്ട്​ മാപ്പ് പറഞ്ഞും ഭീഷണി ഉയർത്തിയും പ്രശ്നങ്ങൾ പരിഹരിക്കുകയാണ്​. നിയമത്തിനുമുന്നിൽ എത്താതെ പോകുന്നത്​ സാമൂഹികവിരുദ്ധർക്ക് ഫലത്തിൽ കരുത്തു പകരുകയാണ്​. കുളിമുറികളിൽ മൊബൈൽ ഫോൺ സ്ഥാപിക്കലും ഉയർന്ന സ്ഥലങ്ങളിൽ കയറിയിരുന്ന്​ കുളിമുറികളിലേക്ക് എത്തിനോട്ടവും തുടങ്ങിയതോടെ പ്രായപൂർത്തിയായ പെൺകുട്ടികളുമായി കഴിയുന്ന രക്ഷാകർത്താക്കൾക്ക് സമാധാനത്തോടെ പുറത്തേക്ക്​ പോകാൻപോലും കഴിയാത്ത അവസ്ഥയാണ്. സ്വൈരമായി ജീവിക്കാനുള്ള ഇടപെടൽ പൊലീസിന്‍റെ ഭാഗത്തുനിന്ന്​ അടിയന്തരമായി ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.