ഡിജിറ്റല്‍ റീസര്‍വേ; തദ്ദേശ ജനപ്രതിനിധികള്‍ക്ക് ശിൽപശാല

പത്തനംതിട്ട: ഡിജിറ്റല്‍ റീസർവേയുടെ ഭാഗമായി ജനപ്രതിനിധികള്‍ക്കും അവര്‍വഴി പൊതുജനങ്ങള്‍ക്കും അവബോധം സൃഷ്ടിക്കാൻ ജില്ലതലത്തിൽ ഓണ്‍ലൈന്‍ ശിൽപശാല സംഘടിപ്പിച്ചു. ഡിജിറ്റല്‍ സർവേ പൂര്‍ത്തീകരിക്കുന്നതിന് തദ്ദേശ ജനപ്രതിനിധികളുടെ പൂര്‍ണ സഹായവും സഹകരണവും ഉണ്ടാകണമെന്ന് ശിൽപശാല ഉദ്ഘാടനം ചെയ്ത മന്ത്രി എം.വി. ഗോവിന്ദന്‍ പറഞ്ഞു. 1666 വില്ലേജുകളില്‍ 1550 വില്ലേജുകളിലും നാലുവര്‍ഷംകൊണ്ട് ഡിജിറ്റല്‍ റീസർവേ പൂര്‍ത്തീകരിക്കും. 89 വില്ലേജുകളില്‍ റീസർവേ പൂര്‍ത്തീകരിച്ചിട്ടുണ്ട്, 27 വില്ലേജുകളില്‍ സർവേ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ ജില്ലയിലെ 12 വില്ലേജുകളിലായാണ് റീസര്‍വേ നടക്കുന്നത്. സർവേ ജോലികള്‍ ത്വരിതപ്പെടുത്തുന്നതിന് നൂതന സാങ്കേതിക വിദ്യയായ സി.ഒ.ആർ സ്റ്റേഷനുകള്‍ 28 എണ്ണം സ്ഥാപിച്ച് ആർ.ടി.കെ റോവര്‍ മെഷീന്റെ സഹായത്താല്‍ 70 മുതല്‍ 80 ശതമാനം വരെയുള്ള ഇടങ്ങളിലാണ് ഭൂമി ഡിജിറ്റലായി സർവേ ചെയ്യുന്നത്. ശേഷിക്കുന്ന സ്ഥലങ്ങളില്‍ റോബോട്ടിക് ടോട്ടല്‍ സ്റ്റേഷന്‍, ലൈഡാര്‍ കാമറ ഫിറ്റ് ചെയ്തുള്ള ഡ്രോണ്‍ സാങ്കേതികവിദ്യ എന്നിവയും ഉപയോഗിക്കും. ഇതില്‍ ആദ്യപടിയായി ഡ്രോണ്‍ അധിഷ്ടിത സർവേ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, സർവേ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്​സ് ഡയറക്ടര്‍ സീറാം സാംബശിവറാവു, തദ്ദേശ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.