അടൂർ ഗോപാലകൃഷ്ണൻ പാതയുടെ നവീകരണം തുടങ്ങി

അടൂർ: ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന്റെ പേരിലുള്ള മണക്കാല-ചിറ്റാണി മുക്ക് റോഡ് നവീകരണം ആരംഭിച്ചു. റീബിൽഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ബി.എം ബി.സി നിലവാരത്തിൽ നിർമിക്കാനാണ് പദ്ധതി. ഇതിൽ പല ഭാഗങ്ങളിലായി 250 മീറ്റർ ദൂരത്തിൽ ഓട നിർമാണം, കലുങ്ക് എന്നിവ ഉണ്ടായിരിക്കും. അഞ്ചു വർഷത്തെ റോഡിന്‍റെ പരിപാലനവും 12 ശതമാനം ജി.എസ്.ടിയും ഉൾപ്പെടെ 2.40 കോടിയാണ് വകയിരുത്തിയത്. മണക്കാലയിൽനിന്ന്​ ചിറ്റാണി മുക്കുവരെ രണ്ടു കിലോമീറ്ററാണ് തകർന്നുകിടക്കുന്നത്. 2014ൽ ആഘോഷ പരിപാടികളുമായിട്ടാണ് ഈ റോഡിന് അടൂർ ഗോപാലകൃഷ്ണൻ റോഡ് എന്ന് പേരിട്ടത്. അടൂർ ഗോപാലകൃഷ്ണൻ പങ്കെടുക്കുകയും ചെയ്തു. പൊതുമരാമത്തിന്റെ അധീനതയിലുണ്ടായിരുന്ന റോഡ് ജില്ല പഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു. പേരിടുന്ന സമയത്ത് റോഡിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. പിന്നീട് ഒരു പണിയും നടന്നില്ല. ഇപ്പോൾ ടാർ മുഴുവൻ ഇളകി വലിയ കുഴിയായി. ഈ ദുരവസ്ഥ മാറ്റാൻ അധികൃതർ തയാറാകാത്തതിനാൽ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. ജില്ല പഞ്ചായത്ത് മുൻ അംഗം സതികുമാരിയാണ് തകർന്ന ഈ പാത നിർമിക്കുന്നതിന് ആദ്യം പദ്ധതി ജില്ല പഞ്ചായത്തിൽ സമർപ്പിച്ചത്. അന്ന് പുനരുദ്ധാരണത്തിനായി പണം അനുവദിച്ചപ്പോൾ ചില രേഖകളിൽ റോഡിന്റെ പേര് ജില്ല പഞ്ചായത്തിന്റെ ആസ്തിയിൽ തെറ്റായി രേഖപ്പെടുത്തിയത് തടസ്സമായി. ഉദ്യോഗസ്ഥരുടെ കൈപ്പിഴവായിരുന്നു ഇതിനു​ കാരണം. അങ്ങനെ ആദ്യം അനുവദിച്ച തുക വിനിയോഗിക്കാൻ പറ്റാതെ വന്നു. നിലവിലെ ജില്ല പഞ്ചായത്ത്​ അംഗം സി. കൃഷ്ണകുമാറിന്റെ നിരന്തര ഇടപെടലിലാണ് വേഗത്തിൽ പണി തുടങ്ങാൻ ഇടയാക്കിയത്. ആദ്യം ആരും കരാർ ഏറ്റെടുത്തില്ല. പിന്നീട് റീടെൻഡർ നടത്തിയാണ് ഇപ്പോൾ നിർമാണം ആരംഭിച്ചത്. ആദ്യം റോഡിന്റെ വീതി ക്രമീകരിച്ച് ഓടയുടെയും കലുങ്കിന്റെയും നിർമാണം പൂർത്തീകരിച്ച് ടാറിങ്ങിലേക്ക് കടക്കും. ഈ മാസം തന്നെ നിർമാണം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് ജില്ല പഞ്ചായത്ത്​ അംഗം സി. കൃഷ്ണകുമാർ പറഞ്ഞു. PTD ADR Road അടൂർ ഗോപാലകൃഷ്ണൻ റോഡിൽ വികസന പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.