ബൈക്കിലെത്തി മാല കവർച്ച: പന്തളത്ത്​ സ്ത്രീകൾക്ക്​ ഒറ്റക്ക്​ നടക്കാൻ വയ്യെന്നായി

പന്തളം: പിടിച്ചുപറിക്കാരുടെ ശല്യം രൂക്ഷമായതോടെ പന്തളത്ത്​ സ്ത്രീകൾക്ക്​ വഴിനടക്കാൻ കഴിയാത്ത സാഹചര്യം. തിരക്കൊഴിഞ്ഞ വഴികളിൽ ഇവരുടെ ആക്രമണം ഭയന്നാണ്​ സ്ത്രീകളുടെ സഞ്ചാരം. ഒരാഴ്ചക്കിടെ മൂന്നു സ്ത്രീകളാണ്​ ആക്രമണത്തിന്​ ഇരകളായത്​. ഹെൽമറ്റ്​ വെച്ച്​ ബൈക്കിലെത്തിയാണ്​ സ്ത്രീകളുടെ മാല പിടിച്ചുപറിക്കുന്നത്​. സി.സി ടി.വി കാമറ കേന്ദ്രീകരിച്ചാണ്​ പൊലീസ് അന്വേഷണം​. എല്ലാ മോഷണത്തിലും ഒരു വ്യക്തിയാണെന്ന നിഗമനത്തിലാണ്​ പൊലീസ്​. ബുധനാഴ്ച വയോധികയുടെ മാല പൊട്ടിച്ചെടുത്ത് കവർച്ചക്കാരൻ കടന്നതാണ്​ അവസാന സംഭവം. പന്തളം തോന്നല്ലൂർ ഉഷസ്സ്​ താരവീട്ടിൽ ഉഷാദേവിയുടെ (65) രണ്ടര പവന്‍റെ മാലയാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. പന്തളം എൻ.എസ്.എസ് കോളജിന്​ എതിർവശത്തെ വീടിനു മുന്നിൽ മൂർത്തിഅയ്യത്ത്-ചുടലമുക്ക് റോഡിൽ നിൽക്കുകയായിരുന്നു ഉഷാദേവി. ഹെൽമറ്റ് ധരിച്ചു ബൈക്കിലെത്തിയാണ് മാല കവർന്നത്. ആറു ദിവസം മുമ്പ്​ പന്തളം എൻ.എസ്.എസ് ട്രെയിനിങ് കോളജിലെ പാർട്ട് ടൈം ജീവനക്കാരി പന്തളം കടയ്ക്കാട് തെക്ക് അനീഷ് ഭവനിൽ തങ്കമണിയുടെ (54) മാലയും ഇതേപോലെ നഷ്ടപ്പെട്ടിരുന്നു. വൈകീട്ട് 3.45ഓടെ ജോലി കഴിഞ്ഞ് കോളജിന് സമീപത്തുള്ള പട്ടിരേത്ത് റോഡിലൂടെ സഹോദരി ശാന്തമ്മക്കൊപ്പം പോകുമ്പോഴാണ് ഹെൽമറ്റ് ധരിച്ച്​ ബൈക്കിലെത്തിയ യുവാവ് രണ്ടര പവന്‍റെ മാല പൊട്ടിച്ചെടുത്തത്. കഴിഞ്ഞ ദിവസം തോന്നല്ലൂർ ദേവീക്ഷേത്ര കാണിക്കവഞ്ചിക്കു സമീപവും ഇതേപോലെ മാല കവരാൻ ശ്രമം നടന്നിരുന്നു. വഞ്ചിക്കു സമീപത്തെ റോഡിലൂടെ സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന സ്‌കൂൾ അധ്യാപികയുടെ മാലയാണ്​ പൊട്ടിച്ചെടുക്കാൻ ശ്രമം നടന്നത്. എം.സി റോഡിൽനിന്ന്​ പിന്നിലൂടെ ബൈക്കിലെത്തിയ യുവാവ് അധ്യാപികയുടെ കഴുത്തിൽ കുത്തിപ്പിടിച്ചാണ്​ മാല പൊട്ടിക്കാൻ ശ്രമം നടത്തിയത്. മാല നഷ്ടപ്പെട്ടില്ലെങ്കിലും കഴുത്തിന് സാരമായി പരിക്കേറ്റു. വ്യത്യസ്തസംഭവങ്ങളിൽ പൊലീസ് കണ്ടെത്തിയ സി.സി ടി.വിയിൽ ഒരു വ്യക്തി തന്നെയാണ് കവർച്ച നടത്തിയതെന്നാണ് പൊലീസ്​ പറയുന്നത്​. എസ്.ഐ ബി.എസ്. ശ്രീജിത്തിന്‍റെ നേതൃത്വത്തിലാണ്​ അന്വേഷണം. സമീപങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹെൽമറ്റും മാസ്കും ധരിച്ച് കാവി ലുങ്കിയുടുത്ത ഒരാളുടെ ദൃശ്യമാണ് പൊലീസ് പുറത്തുവിട്ടത്. ഫോട്ടോ: പൊലീസ് പുറത്തുവിട്ട മാല മോഷ്ടാവെന്ന് കരുതുന്ന വ്യക്തിയുടെ സി.സി ടി.വി ദൃശ്യം 2. ബുധനാഴ്ച നടന്ന മാല കവർച്ച സംഭവത്തിൽ പൊലീസ്​ പുറത്തുവിട്ട സി.സി ടി.വി ദൃശ്യം. രണ്ടിലും ഒരു വ്യക്തിയാണെന്നാണ് പൊലീസ് നിഗമനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.