മല്ലപ്പള്ളി: മണിമലയാറ്റിലെ ജലനിരപ്പ് താഴ്ന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമായി. താലൂക്കിലെ മല്ലപ്പള്ളി, ആനിക്കാട്, എഴുമറ്റൂർ, കൊറ്റനാട്, കോട്ടാങ്ങൽ പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാക്കനിയാകുകയാണ്. പഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതികളും പൈപ്പുലൈനുകളും ഉണ്ടെങ്കിലും വെള്ളമെത്തുന്നത് വല്ലപ്പോഴും മാത്രമാണ്. മിക്ക പ്രദേശങ്ങളിലും കുടിവെള്ളം വിലകൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് സാധാരണക്കാരായ ജനങ്ങൾ. അടുത്ത കിണറുകളിൽ നിന്നും മറ്റും വെള്ളം ശേഖരിച്ചിരുന്നവരാണ് ഇപ്പോൾ ഏറെ ദുരിതത്തിലായിരിക്കുന്നത്. പൈപ്പുലൈനുകളിൽ ആഴ്ചയിൽ രണ്ടുദിവസം കുടിവെള്ളം എത്തിയിരുന്ന പ്രദേശങ്ങളിൽ മാസത്തിൽ മൂന്നുദിവസമാണ് എത്തുന്നത്. കുടിവെള്ള പദ്ധതികൾക്കായി വെള്ളം ശേഖരിക്കുന്നതിന് കുഴിച്ചിരിക്കുന്ന കിണറുകൾ മണിമലയാറ്റിലും സമീപത്തുമാണ്. ആറ്റിലെ ജലനിരപ്പ് വലിയ തോതിൽ താഴ്ന്നതോടെ പദ്ധതികളിലും വെള്ളമില്ലാതെയായി. മിക്ക പഞ്ചായത്തുകളിലും കാലപ്പഴക്കമുള്ളതും ഗുണനിലവാരം കുറഞ്ഞതുമായ പൈപ്പുലൈനുകളായതിനാൽ പൈപ്പ് പൊട്ടൽ നിത്യ സംഭവുമാണ്. ആനിക്കാട് പഞ്ചായത്തിൽ രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള മോട്ടർ ആയതിനാൽ പ്രവർത്തനശേഷി കുറവാണ്. ഇതിനാൽ കുടിവെള്ള വിതരണം ഭാഗികമായേ നടക്കുന്നുള്ളൂ. കേടുപാട് പതിവായതിനാൽ നന്നാക്കുന്നതുവരെ കുടിവെള്ള വിതരണം തടസ്സപ്പെടും. വല്ലപ്പോഴും മാത്രം പൈപ്പ് ലൈനുകളിൽ എത്തുന്ന വെള്ളം തീർത്തും അപര്യാപ്തമാണെന്ന് പ്രദേശവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.