ആംബുലന്‍സില്‍ പീഡനം: ഡി.ഐ.ജി പ്രതിയെ ചോദ്യംചെയ്തു

ഡ്യൂട്ടിക്ക് നിയോഗിച്ചതുള്‍പ്പെടെ അന്വേഷിക്കും പത്തനംതിട്ട: കോവിഡ് പോസിറ്റിവായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസിലെ പ്രതിയെ ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ചോദ്യംചെയ്തു. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങളും ഡി.ഐ.ജി നല്‍കിയതായും ജില്ല പൊലീസ് മേധാവി കെ.ജി . ൈസമൺ അറിയിച്ചു. പ്രതിയായ ആംബുലന്‍സ് ഡ്രൈവറുടെ ക്രിമിനല്‍ പശ്ചാത്തലവും ഇയാളെ ഡ്യൂട്ടിക്ക് നിയോഗിച്ചതും ഉള്‍പ്പെടെ കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികളെടുക്കുമെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു. സംഭവം പുറത്ത​ുവന്നപ്പോൾ തന്നെ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പന്തളം പൊലീസ് കേസ് രജിസ്​റ്റര്‍ ചെയ്തതായും തെളിവുകളെല്ലാം ശേഖരിച്ചതായും ജില്ല പൊലീസ് മേധാവി അറിയിച്ചു. വിരലടയാള വിദഗ്ധര്‍ അടങ്ങിയ സംഘം ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. പ്രതിയുടെ മുന്‍കാല ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിവരവും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തി എത്രയും വേഗം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുവതിയെയും കോവിഡ് രോഗിയായ മറ്റൊരു സ്ത്രീയെയും ആരോഗ്യപ്രവര്‍ത്തകര്‍ ഇല്ലാതെ ഡ്രൈവര്‍ മാത്രമായി ആശുപത്രിയിലേക്ക് കൊണ്ടുപോയ സാഹചര്യവും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തും. പ്രതിയുമായി സംഭവസ്ഥലത്തെത്തി പൊലീസ് തെളിവെടുത്തു. ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാര്‍ ആംബുലന്‍സുകള്‍ ഓടിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.