പുലിയും കരടിയും കാട്ടാനക്കൂട്ടവും

അകത്തേത്തറ: കാടിറങ്ങുന്ന കാട്ടാനകളും പുലിയും കരടിയും ജനവാസ മേഖലയിൽ ഇറങ്ങുന്നത് പതിവായതോടെ അകത്തേത്തറ, പുതുപ്പരിയാരം ഗ്രാമപഞ്ചായത്തുകളിലും പരിസരങ്ങളിലുമുള്ള ഉൾനാടൻ ഗ്രാമവാസികളും കർഷകരും ഭീതിയുടെ കരിനിഴലിൽ. ഒരാഴ്ചയായി അകത്തേത്തറ ചെറാട് പ്രദേശത്ത് രാത്രി ഇരുട്ടിയാൽ കാടിറങ്ങുന്ന കാട്ടാനക്കുട്ടം നാട്ടിലിറങ്ങി കൃഷിയും മറ്റും നശിപ്പിക്കുകയാണ്.

ചേറാട് ബിജുരാജിന്റെ കമ്പിവേലി, അനീഷ് നായരുടെയും ഭാരതിയുടെയും വാഴ എന്നിവയുൾപ്പെടെ ഈ പ്രദേശത്ത് പത്ത് കർഷകരുടെ വിളകൾ കാട്ടാന നശിപ്പിച്ചു. ഈയിടെയാണ് ചിക്കുഴിഭാഗത്ത് കരടിയുടെ ആക്രമണത്തിൽനിന്ന് രണ്ട് വിദ്യാർത്ഥികൾ തലനാരിഴക്ക് രക്ഷപ്പെട്ടത്. അതിർത്തി പ്രദേശങ്ങളിലെ വീടുകളോട് ചേർന്ന് കുടിൽ കെട്ടിയിരുന്ന അഞ്ച് വളർത്താടുകളെ പുലി പിടിച്ച് കൊണ്ടുപോയി കൊന്നു.

മേഖലയിൽ നല്ലൊരു പങ്ക് ഗ്രാമവാസികളും ഉപജീവനത്തിനായി കൃഷിയെും ക്ഷീരമേഖലയെയും ആശ്രയിക്കുന്നവരാണ്. പ്രതികൂല കാലാവസ്ഥയിലും കൃഷിചെയ്തും മൃഗങ്ങളെ വളർത്തിയും ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴാണ് വന്യമൃഗശല്യം കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നത്. വന്യമൃഗശല്യം തടയുന്നതിന് സ്വന്തം നിലക്ക് സൗരോർജ വേലി സ്ഥാപിക്കുന്നതിന് ഭീമമായ തുക കണ്ടെത്താൻ പ്രയാസപ്പെടുന്നതായി കർഷകർ പറഞ്ഞു. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കർഷകർ ഡി.എഫ്.ഒ, മുഖ്യ വനപാലകൻ എന്നിവർക്ക് നിവേദനം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.